പീഡനക്കേസ് ഒതുക്കാന്‍ 21 ലക്ഷം കൈക്കൂലി; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: December 18, 2015 6:00 am | Last updated: December 18, 2015 at 12:30 am

policeതൊടുപുഴ: കട്ടപ്പനയിലെ വ്യാപാരിയുടെ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കാന്‍ 21 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കമ്പംമെട്ട് സ്റ്റേഷനിലെ അഡീഷനല്‍ എസ് ഐ. എച്ച് സുരേഷ് കുമാര്‍, അസി. എസ് ഐ സദാനന്ദന്‍ കെ എന്നിവരെയാണ് കൊച്ചി റെയിഞ്ച് ഐ ജി മഹിപാല്‍ യാദവ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും ഐ ജി ഉത്തരവ് ഇട്ടിട്ടുണ്ട്. ഇതേ സംഭവത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച കട്ടപ്പനയിലെ കേരള കോണ്‍ഗ്രസ് ട്രേഡ് യൂനിയന്‍ സംസ്ഥാന നേതാവിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തും.
എന്നാല്‍ പീഡനത്തിലും തുടര്‍ന്ന് നടന്ന സംഭവങ്ങളിലും പെണ്‍കുട്ടിയോ വ്യാപാരിയോ പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ വാഗമണ്ണിലാണ് പീഡനം നടന്നതെന്ന് പറയപ്പെടുന്നു. വ്യാപാരിയുടെ വാടക വീട്ടിലെ താമസക്കാരിയായിരുന്നു പെണ്‍കുട്ടി.
പീഡനക്കഥ പുറത്തറിഞ്ഞതോടെ കേസെടുക്കാതെ വ്യാപാരിയെ ഇടനിലക്കാര്‍ വഴി ബന്ധപ്പെട്ട് 21 ലക്ഷം രൂപ പോലീസുകാര്‍ കൈക്കൂലി വാങ്ങുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ഒരു ചെക്ക് സദാനന്ദനും അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകള്‍ സുരേഷ് കുമാറും വാങ്ങുകയും പണം മാറുകയും ചെയ്തിരുന്നു. ആറ് ലക്ഷം രൂപ പണമായും വാങ്ങി. ഇതില്‍ നല്ലൊരു തുക ട്രേഡ് യൂനിയന്‍ നേതാവും സഹായിയും ചേര്‍ന്ന് കൈക്കലാക്കി. കൈക്കൂലി വാങ്ങി കേസൊതുക്കിയ സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലാ പോലീസ് മേധാവി കെ വി ജോസഫ് അന്വേഷണത്തിന് കട്ടപ്പന ഡി വൈഎസ്പി പി കെ ജഗദീഷിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇദ്ദേഹം നടത്തിയ അന്വേഷണത്തില്‍ എസ് ഐമാര്‍ ബേങ്കില്‍ നിന്ന് ചെക്ക് മാറി പണം വാങ്ങിയത് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്.