സര്‍ക്കാറിന്റെ സംവരണ സമുദായ വിരുദ്ധ നിലപാട് വിവാദമാകുന്നു

Posted on: December 18, 2015 5:27 am | Last updated: December 18, 2015 at 12:28 am

ആലപ്പുഴ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങളില്‍ സംവരണ സമുദായങ്ങള്‍ക്കെതിരായ സര്‍ക്കാറിന്റെ നിലപാട് വിവാദമാകുന്നു. കഴിഞ്ഞ ദിവസം കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനത്തിലെ സാമ്പത്തിക സംവരണ ആവശ്യമാണ് സംവരണ സമുദായ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടി സംവരണ ആനുകൂല്യം ലഭ്യമാകുന്നതിന് 2010ലെ എസ് ആര്‍ സിന്‍ഹുവ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യം. എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള മുന്നാക്ക സമുദായ സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിവേദനമായി പ്രധാനമന്ത്രിക്ക് നല്‍കിയത്.
സാമ്പത്തികം മാനദണ്ഡമാക്കിയാണ് എസ് ആര്‍ സിന്‍ഹുവ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിരിക്കെ ഇത് നടപ്പായാല്‍ നിലവിലെ സംവരണ സമ്പ്രദായം എടുത്തുകളയേണ്ടി വരും. ഇത് ഭരണഘടനക്കെതിരാണെന്ന് ധീവരസഭ സംസ്ഥാന ജനറല്‍സെക്രട്ടറി വി ദിനകരന്‍ ചൂണ്ടിക്കാട്ടി. തന്നെയുമല്ല, മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെങ്കില്‍ നിലവില്‍ പട്ടിക ജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സംവരണത്തില്‍ കുറവ് ചെയ്യേണ്ടി വരുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സുപ്രീം കോടതി വിധിക്കെതിരാകുകയും ചെയ്യും. സുപ്രീംകോടതി വിധി പ്രകാരം സംവരണം അമ്പത് ശതമാനത്തിലധികമാകരുതെന്നാണ്. നിലവിലെ സാമുദായിക സംവരണ പ്രകാരം 49.5 ശതമാനം നിലനില്‍ക്കുന്നുണ്ട്.
പുതിയതായി മുന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെങ്കില്‍ നിലവിലെ സംവരണ സമുദായങ്ങളുടെ സംവരണം കാര്യമായി വെട്ടിക്കുറക്കേണ്ടി വരികയും ചെയ്യും.
സംവരണാനുകൂല്യം നിലനില്‍ക്കുമ്പോള്‍ പോലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് സര്‍ക്കാറുകള്‍ നിയമിച്ച കമ്മീഷനുകള്‍ തന്നെ കണ്ടെത്തിയിട്ടുള്ള സാഹചര്യത്തില്‍ സാമ്പത്തിക സംവരണം വിഭാവന ചെയ്യുന്ന സിന്‍ഹുവ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സംവരണ സമുദായങ്ങളെ യു ഡി എഫിനെതിരാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതിനിടെ, നിയമസഭയില്‍ അവതരിപ്പിച്ച മുന്നാക്ക വിഭാഗ കമ്മീഷന്‍ ബില്ലിലെ സംവരണ വിരുദ്ധ പരാമര്‍ശവും വിവാദമായിരിക്കുകയാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനാല്‍ മുന്നാക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ, തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതായുള്ള പരാമര്‍ശമാണ് വിവാദമായത്. സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഇത്തരം പിഴവ് കടന്ന് കൂടിയതിനെതിരെ നിയമസഭയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെ പരാമര്‍ശം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയെങ്കിലും ഇത് ബില്ലില്‍ കടത്തിക്കൂട്ടിയ നിയമവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് സംവരണ സമുദായ സംഘടനകളുടെ ആവശ്യം.