കൊള്ളയടിക്കുന്ന സര്‍ക്കാറും എണ്ണക്കമ്പനികളും

Posted on: December 18, 2015 6:00 am | Last updated: December 18, 2015 at 12:16 am

SIRAJ.......അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില അടിക്കടി കുറയുകയും കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിട്ടും ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ ഉപഭോക്താക്കള്‍ ഉയര്‍ന്ന വിലയാണ് ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ബാരലിന് 108.56 ഡോളര്‍ വില ഉണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില ഇപ്പോള്‍ 34.39 ഡോളര്‍ മാത്രമാണ്. 70 ശതമാനത്തോളമാണ് വിലക്കുറവ്. എന്നാല്‍ ഇന്ത്യയിലെ ഉപഭോക്താവിന് ലഭിച്ച വിലക്കുറവാകട്ടെ 15 ശതമാനത്തില്‍ താഴെയും. കഴിഞ്ഞ ജൂണില്‍ 70-72 രൂപയുണ്ടായിരുന്ന പെട്രോളിന് ഇന്ത്യയില്‍ ഇപ്പോഴും 60 രൂപക്ക് മീതെ നല്‍കണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബാരലിന് 6.78 ഡോളര്‍ (453.71 രൂപ)യുടെ കുറവാണ് അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായത്. എന്നാല്‍ ഉപഭോക്താവിന് നല്‍കിയ വിലക്കുറവ് പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും മാത്രം. വിലത്താഴ്ചയുടെ ഗുണം ഉപഭോക്താവിന് നല്‍കാതെ, എക്‌സൈസ് തീരുവ അടിക്കടി വര്‍ധിപ്പിച്ചു സര്‍ക്കാറും അമിത ലാഭം കൊയ്തു എണ്ണക്കമ്പനികളും ജനങ്ങളെ കൊള്ളയടിക്കുകയാണ്.
ഒരു ബാരല്‍ എണ്ണ 158.98 ലിറ്ററാണ്. ഇതനുസരിച്ചു ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണക്ക് ഇപ്പോഴത്തെ വില 0.21 ഡോളര്‍(14.05 രൂപ) മാത്രമേ വരൂ. ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണ സംസ്‌കരിക്കുന്നതിന് ലിറ്ററിന് 52 പൈസയാണ് എണ്ണ കമ്പനികള്‍ക്ക് ചെലവ്. അന്താരാഷ്ട്ര കമ്പോളത്തെ അപേക്ഷിച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനച്ചെലവ് വളരെ കുറവാണ് ഇന്ത്യയില്‍. സംസ്‌കരിച്ച എണ്ണ ഏജന്‍സികള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ലിറ്ററിന് ആറ് രൂപയോളമാണ് കണക്കാക്കുന്നത്. ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കൂടി ചേര്‍ത്താലും ആകെ ചെലവ് ഒമ്പത് രൂപയില്‍ താഴെ മാത്രമേ വരൂ. അസംസ്‌കൃത എണ്ണയുടെ വിലയും വേര്‍തിരിച്ചെടുക്കല്‍ പ്രക്രിയക്ക് വരുന്ന ചെലവും കടത്തുകൂലിയുമെല്ലാം ചേര്‍ത്താല്‍ എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് ആകെ വരുന്നത് 23 രൂപയുടെ മുടക്ക് മാത്രം. ബാക്കി ഈടാക്കുന്ന 38 രൂപ കേന്ദ്ര സര്‍ക്കാറിന്റെ എക്‌സൈസ് നികുതിയും സംസ്ഥാന സര്‍ക്കാറിന്റെ വില്‍പ്പന നികുതിയും എണ്ണക്കമ്പനികളുടെ കൊള്ള ലാഭവുമാണ്. അസംസ്‌കൃത എണ്ണയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്. ഒരു ബാരല്‍ എണ്ണയില്‍ നിന്ന് മണ്ണെണ്ണ, ഗ്യാസ് തുടങ്ങി 42 ലിറ്ററോളം മറ്റു ഉത്പന്നങ്ങളും ലഭിക്കുന്നുണ്ട്. ഇതു കൂടി പരിഗണിക്കുമ്പോള്‍ വില പിന്നെയും താഴോട്ടു വരേണ്ടതാണെങ്കിലും ഇത്് കമ്പനികളും സര്‍ക്കാറും ചേര്‍ന്ന് കവര്‍ന്നെടുക്കുന്നു.
അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുമ്പോള്‍ ഇന്ത്യയിലും വില ഉയരുമെങ്കിലും വില കുറയുമ്പോള്‍ അതിന്റെ പ്രയോജനം ഉപഭോക്താക്ക് ലഭിക്കുമെന്ന് പെട്രോള്‍ ഉത്പന്നങ്ങളുടെ വില നിര്‍ണയത്തില്‍ സര്‍ക്കാറിനുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളയുമ്പോള്‍ യു പി എ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ അതിനനുസൃതമായി എക്‌സൈസ് നികുതി ഉയര്‍ത്തി വിലക്കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് നിഷേധിക്കുകയാണിപ്പോള്‍ മോദി സര്‍ക്കാര്‍ ചെയ്യുന്നത്. അടുത്ത ദിവസങ്ങളിലെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലക്കുറവനുസരിച്ച് രാജ്യത്ത് പെട്രോളിന് ഈ ആഴ്ച രണ്ട് രൂപയെങ്കിലും കുറവ് വരുത്തേണ്ടതാണ്. എന്നാല്‍ രണ്ട് ദിവസം മുമ്പ് സര്‍ക്കാര്‍ എക്‌സൈസ് നികുതി വീണ്ടും വര്‍ധിപ്പിച്ചു വിലക്കുറവ് നഷ്ടപ്പെടുത്തുകയായിരുന്നു. ഡീസല്‍ ലിറ്ററിന് 1.17 രൂപയും പെട്രോളിന് 50 പൈസയുമാണ് പുതുതായി വരുത്തിയ നികുതി വര്‍ധന. ഈ വര്‍ഷം ജനുവരിക്ക് ശേഷം ആറ് തവണയായി പെട്രോളിന് 8.05 രൂപയും ഡീസലിന് 6.96 രൂപയും നികുതിയിനത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഖജനാവിന് ഒറ്റ വര്‍ഷം കൊണ്ട് 2,500 കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. ഇതിന് മുമ്പ് അഞ്ച് തവണ നികുതിയില്‍ വരുത്തിയ വര്‍ധന കൂടി കണക്കിലെടുത്താല്‍ സര്‍ക്കാറിന്റെ അധിക വരുമാനം പിന്നെയും സഹസ്ര കോടികള്‍ വര്‍ധിക്കും. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ ഗുണം ജനങ്ങളിലെത്തുന്നുമില്ല.
എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനെന്ന പേരിലാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് മേല്‍ സര്‍ക്കാറിനുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞത്. എന്നാല്‍ എണ്ണക്കമ്പനികളുടെ ആസ്തിയും ലാഭവും സംബന്ധിച്ച് പിന്നീട് പുറത്തുവന്ന കണക്കുകള്‍, അവര്‍ നഷ്ടത്തിലാണെന്ന വാദം ശുദ്ധ അസംബന്ധമാണെന്ന് വ്യക്തമാക്കുകയുണ്ടായി. ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഐ ഒ സിയുടെ ലാഭം 2011-12 ല്‍ 3954 കോടി രൂപയായിരുന്നെങ്കില്‍ 2012-13ല്‍ ഇത് 5005 കോടിയായി ഉയര്‍ന്നു. ബി പി സി എല്ലിന്റേത് യഥാക്രമം 1311 കോടിയും 2642 കോടിയുമാണ് ലാഭം. മറ്റു കമ്പനികളും ഇതു പോലെ വന്‍ലാഭത്തിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ സര്‍ക്കാറുകളും എണ്ണക്കമ്പനികളും ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലക്കുറവിന് അനുസൃതമായി രാജ്യത്ത് പെട്രോള്‍ ഉത്പന്നങ്ങളുടെ വില കുറഞ്ഞാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയിലടക്കം അത് പ്രതിഫലനം സൃഷ്ടിക്കുകയും സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുകയും ചെയ്യും. പക്ഷേ സാധാരണക്കാരെ സേവിക്കുന്നതിന് പകരം കോര്‍പറേറ്റുകളെ സേവിക്കാനാണല്ലോ സര്‍ക്കാറിന് താത്പര്യം.