ഹമദ് തുറമുഖം 24ന് തുറക്കും

Posted on: December 17, 2015 10:09 pm | Last updated: December 17, 2015 at 10:09 pm

hamad harbourദോഹ: പുതിയ ഹമദ് തുറമുഖം ഡിസംബര്‍ 24ന് തുറന്നുകൊടുക്കും. നിയന്ത്രിത എണ്ണം കപ്പലുകള്‍ക്കും കാര്‍ഗോകള്‍ക്കും ആണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാനാകുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായാല്‍ പ്രതിവര്‍ഷം 60 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഹമദ് തുറമുഖത്തിനുണ്ടാകും.
റോഡ്, കടല്‍, റെയില്‍ ശൃംഖലകള്‍ വഴി ജി സി സി രാഷ്ട്രങ്ങളുമായി ഹമദ് തുറമുഖത്തെ ബന്ധിപ്പിക്കും. ഇത് ഹമദ് തുറമുഖത്തിന്റെ മാത്രം പ്രത്യേകതയാകും. 17 ലക്ഷം ടണ്‍ പൊതുചരക്ക്, 10 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍, അഞ്ച് ലക്ഷം വാഹനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനാകും.
ജനറല്‍ കാര്‍ഗോ ടെര്‍മിനല്‍, മള്‍ട്ടി യൂസ് ടെര്‍മിനല്‍, ഓഫ്‌ഷോര്‍ സപ്ലൈ ബേസ്, കോസ്റ്റ്ഗാര്‍ഡ് സൗകര്യം, പോര്‍ട്ട് മറൈന്‍ യൂനിറ്റ് എന്നിവ ഉണ്ടാകും. സെന്‍ട്രലൈസ്ഡ് കസ്റ്റംസ് ഏരിയ, പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ട്, കപ്പല്‍ പരിശോധന വിഭാഗം, 110 മീറ്റര്‍ കണ്‍ട്രോള്‍ ടവര്‍, വിവിധ സമുദ്രയാന സൗകര്യങ്ങള്‍, മസ്ജിദ്, സ്റ്റോക്ക് തുടങ്ങിയവയും ഉണ്ടാകും. സാമ്പത്തിക വൈവിധ്യവത്കരണത്തിനും ഖത്വറിനെ മേഖലാതല സമുദ്രവ്യാപാര ഹബ്ബാക്കി മാറ്റാനും ഹമദ് തുറമുഖം ഇടയാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.