Connect with us

Qatar

അവധി അഭ്യൂഹങ്ങള്‍; വ്യാജ സന്ദേശങ്ങളും

Published

|

Last Updated

ദോഹ: ഹര്‍ത്താല്‍ പോലും ആഘാഷമാക്കുന്ന മലയാളികളുടെ അവധി മോഹം ഇന്നലെ പരിധിവിട്ടു. വ്യാഴാഴ്ച ഖത്വര്‍ ദേശീയ അവധി പ്രതീക്ഷിച്ചിരുന്നവര്‍ ഔദ്യോഗികമായി പ്രഖ്യാപനം വരാതിരുന്നപ്പോള്‍ അന്വേഷണങ്ങളുടെ വാട്‌സ് ആപ്പുകളും ഫോണ്‍ കോളുകളുമായി അസ്വസ്ഥരായി. ഇടയില്‍ എവിടെ നിന്നോ കിട്ടിയ മന്ത്രാലയത്തിന്റെ വ്യാജ സന്ദേശം കൊണ്ട് ആശ്വാസവും പ്രചാരണവും. ഒടുവില്‍ അതും പാളി.
മാധ്യമ ഓഫീസുകളിലുള്‍പ്പെടെ അവധി പ്രഖ്യാപനത്തിന്റെ ആധികാരിത അന്വേഷിച്ച് ഇന്നലെ നിരവധി വിളികളും സന്ദേശങ്ങളും വന്നു. വ്യാഴാഴ്ച അവധി ഉറപ്പിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്തവര്‍ക്കായിരുന്നു ആധി കൂടുതല്‍. സര്‍ക്കാര്‍ വകുപ്പില്‍ ജോലി ചെയ്യുന്നവരും സ്‌കൂള്‍ അധികൃതരുമെല്ലാം പ്രഖ്യാപനത്തിന്റെ സ്ഥിതിയറിയാനായി കാത്തു. എന്നാല്‍ അവധി പ്രഖ്യാപനം ഉണ്ടായില്ല. വ്യാജ പ്രചാരണങ്ങള്‍ ശക്തമായപ്പോള്‍ തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ വിശദീകരണം നല്‍കി. തെറ്റായ പ്രചാരണങ്ങളാണെന്നായിരുന്നു സന്ദേശം. ദേശീയദിനം വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച വന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. പ്രവൃത്തി ദിനങ്ങളില്‍ ദേശീയദിനം വരുമ്പോള്‍ അവധി നേരത്തേ പ്രഖ്യാപിക്കാറുണ്ടായിരുന്നു. ഖത്വര്‍ തൊഴില്‍ നിയമത്തില്‍ ദേശീയദിനത്തില്‍ അവധി വ്യവസ്ഥ ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച അവധി വരുമ്പോള്‍ പകരം ഒരു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍. അതു ഞായറാഴ്ചയായിരിക്കുമെന്ന പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
അവധി സംബന്ധിച്ച് ഒരു പ്രഖ്യാപനവും വൈകുന്നേരം വരെയും ഉണ്ടായിട്ടില്ലെന്ന് ഖത്വര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഖത്വര്‍ സെന്‍ട്രല്‍ ബേങ്കും ഇതേ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍, രാത്രി വൈകിയും അവധി അന്വേഷണങ്ങള്‍ വന്നു കൊണ്ടിരുന്നു.