മുഖ്യമന്ത്രിക്കെതിരെ ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടില്ല: രമേശ് ചെന്നിത്തല

Posted on: December 17, 2015 6:57 pm | Last updated: December 18, 2015 at 12:17 am

OOmen chandy_ramesh chennithalaതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കമാന്റിന് കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. താന്‍ കത്തയച്ചു എന്നത് വ്യാജപ്രചാരണമെന്നും ചെന്നിത്തല പറഞ്ഞു. തന്റെ പേരില്‍ ആരു കത്തുണ്ടാക്കിയെന്നത് അന്വേഷിക്കണമെന്നും രമേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചുവെന്ന് ഇക്കണോമിക്‌സ് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തില്‍ അഴിമതി വ്യാപകമാണെന്നും ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ പൂര്‍ണമായി തകര്‍ന്നെന്നും ചെന്നിത്തലയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തില്‍ ആരോപണമുണ്ടായിരുന്നു. ഈ നേതൃത്വവുമായി മുന്നോട്ടുപോയാല്‍ വരുന്ന തെരഞ്ഞെടപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും കത്തില്‍ സൂചിപ്പിചിരുന്നു. ഇതിനു പിന്നാലെ കേരള നേതാക്കളെ ഹൈക്കമാന്‍ഡ് ദില്ലിക്കു വിളിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിശദീകരണം.

ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും വ്യക്തമാക്കിയിരുന്നു. കെപിസിസി യോഗത്തിലാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്.