ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ

Posted on: December 17, 2015 10:27 am | Last updated: December 17, 2015 at 11:06 am

തിരൂര്‍: പ്രതിരോധ കുത്തിവെപ്പിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമ്പോഴും കുത്തിവെപ്പെടുക്കാത്തവരുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. ജില്ലയിലെ പ്രതിരോധ കുത്തിവെപ്പിന്റെ അഭാവമാണ് അടിക്കടിയുണ്ടാകുന്ന ഡിഫ്തീരിയ(തൊണ്ടമുള്ള്)ക്ക് കാരണമാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്.
കുട്ടികള്‍ക്ക് യഥാസമയം നല്‍കേണ്ട കുത്തിവെപ്പ് ലഭിക്കാത്തതിനാലാണ് ഡിഫ്തീരിയ ബാധ ജില്ലയില്‍ കൂടിവരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. രണ്ട് മാസം മുമ്പ് കോട്ടുമല വെട്ടത്തൂര്‍ യതീംഖാനയിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഡിഫിതീരിയ സ്ഥിരീകരിക്കുകയും ഇതില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെയാണ് കഴിഞ്ഞ ദിവസം ജില്ലയുടെ തീരദേശ മേഖലയായ കൂട്ടായിയില്‍ പന്ത്രണ്ടു വസുകാരനു കൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈയിടെയായി മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് ഡിഫ്തീരിയ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ കാര്യക്ഷമമായി പ്രതിരോധ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചില്ല. പ്രതിരോധ കുത്തിവെപ്പില്‍ സംസ്ഥാനത്ത് ഏറ്റവും പിറകില്‍ നില്‍ക്കുന്ന മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് ഡിഫ്തീരിയ പോലുള്ള അപൂര്‍വ രോഗങ്ങള്‍ വ്യാപകമായി കണ്ടുവരുന്നത്. 2013, 2014 വര്‍ഷങ്ങളിലായി മലപ്പുറം ജില്ലയില്‍ മാത്രം പത്ത് കുട്ടികളിലായിരുന്നു ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നത്. ഇക്കാലയളവില്‍ രോഗം സ്ഥിരീകരിച്ചിരുന്നത് പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലായിരുന്നു. 2015 ആരംഭത്തില്‍ 1,72,000ല്‍ അധികം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഇരുപതിനായിരം കുട്ടികള്‍ക്കു മാത്രമാണ് ഇതുവരെ കുത്തിവെപ്പ് നടത്താന്‍ കഴിഞ്ഞിട്ടുള്ളത്.
ഇനിയും ഒന്നര ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടക്കാനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതികള്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ ആരോഗ്യ ഭാവി ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ടിക്ക് ( ടോട്ടല്‍ ഇമ്മ്യൂണൈസേഷന്‍ ക്യാമ്പയിനിംഗ് കേരള) പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതും കാര്യക്ഷമമായി നടക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രതിരോധ കുത്തിവെപ്പിനായി മലപ്പുറം ജില്ലക്ക് മാത്രം കോടികള്‍ ചെലവഴിക്കുന്നുണ്ട്.
പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരിക്കുന്നതിനു പുറമെ മനുഷ്യന്റെ മാറിവരുന്ന ജീവിത സാഹചര്യവും ഭക്ഷണ ശീലവുമാണ് ഡിഫ്തീരിയ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുന്നത്. തൊണ്ടമുള്ളിന്റെ ബാക്ടീരിയകള്‍ ഹൃദയം, വൃക്ക, നാഡികള്‍ എന്നിവയെയാണ് ബാധിക്കുക. തൊണ്ടയില്‍ പാടരൂപപ്പെടുകയും ശ്വാസതടസമുണ്ടാവുകയുമാണ് രോഗവസ്ഥ. ഈ പാടയില്‍ നിന്നും വരുന്ന വിഷാംശം മറ്റ് ആന്തരികാവയവങ്ങളിലേക്ക് പടരുന്നതാണ് ജീവന് ഭീഷണി സൃഷ്ടിക്കുന്നത്.
ഡിഫ്തീരിയക്ക് ഫലപ്രദമായ മരുന്നില്ലെന്നതും ഈ രോഗം മുനുഷ്യന്റെ ജീവന് ഭീഷണിയാകുന്നു. രോഗം കണ്ടെത്തിയ അഞ്ചുവയസിനു മുകളിലുള്ളവര്‍ക്ക് നല്‍കേണ്ട ടി ഡി വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നും ലഭ്യമല്ലെന്നതും പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഇത്തരം മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ ശൈശവത്തില്‍ എടുക്കേണ്ട കുത്തിവെപ്പ് കൃത്യസമയത്ത് എടുക്കുകയെന്നത് മാത്രമാണ് പരിഹാരം. രണ്ടു വയസിനുള്ളില്‍ എടുക്കേണ്ട അഞ്ചു വാക്‌സിനുകള്‍ കൃത്യമായി നല്‍കുന്നവര്‍ ജില്ലയില്‍ ഇരുപത് ശതമാനത്തിന് താഴെ മാത്രമാണ്. പ്രതിരോധ കുത്തിവെപ്പ് എുക്കുന്നതിലെ അലംഭാവം വന്‍ ദുരന്തങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.