Connect with us

Articles

നാഷനല്‍ ഹെറാള്‍ഡ് കേസും കോണ്‍ഗ്രസ് പാര്‍ട്ടിയും

Published

|

Last Updated

പാര്‍ലിമെന്റിന്റെ മഞ്ഞുകാല സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയ വിഷയങ്ങളിലൊന്നാണല്ലോ നാഷണല്‍ ഹെറാള്‍ഡ് കേസ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ വസ്തുവകകള്‍ ഇല്ലായ്മ ചെയ്യപ്പെട്ടുവെന്നു പറയപ്പെടുന്ന കേസില്‍ കോടതിയില്‍ ഹാജരായി ഉത്തരം ബോധിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും ഡല്‍ഹി ഹൈക്കോടതി സമന്‍സ് പുറപ്പെടുവിച്ചതാണ് പാര്‍ലിമെന്റ് മുഖരിതമാവാന്‍ ഇടയാക്കിയത്.
കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും കോടതി ഉത്തരം തേടുന്ന ചോദ്യങ്ങള്‍ നാലാണ്.
1. ഒരു കച്ചവടസംരംഭത്തില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനിക്ക് രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പണം വായ്പ നല്‍കിയതിലെ പന്തികേട്.
2. പത്രം ഇറക്കിയിരുന്ന അസോഷ്യേറ്റഡ് ജേര്‍ണല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എ ജെ പി എല്‍) എന്ന കമ്പനിക്ക് അതിന്റെ രണ്ടായിരം കോടി രൂപ വിലമതിക്കുന്ന വസ്തുവകകളില്‍ നിന്നും കുറച്ച് വിറ്റുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൊടുക്കാനുണ്ടായിരുന്ന 90 കോടി രൂപയുടെ കടം വീട്ടാന്‍ കഴിയുമായിരുന്നില്ലേ?
3. എ ജെ പി എല്‍ എന്ന കമ്പനി തട്ടിയെടുക്കുന്നതിന് നേതാക്കള്‍ എന്തിനാണ് യംഗ് ഇന്ത്യന്‍ എന്ന ഒരു പ്രത്യേകസംരംഭം ഉപയോഗപ്പെടുത്തിയത്?
4. എ ജെ പി എല്‍ എന്ന കമ്പനിയുടെ ആകെ മൂല്യം വെറും ശൂന്യമാണെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങനെ എത്തിച്ചേര്‍ന്നു?
നാഷനല്‍ ഹെറാള്‍ഡ് കേസ് വെറും രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. നാഷനല്‍ ഹെറാള്‍ഡ് എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ ചരിത്രത്തിലേക്ക് ഇവിടെ നിന്നും ഒന്നെത്തി നോക്കുന്നതു സഹായകമാകും. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച പത്രമാണ് ഇത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ ചില പിന്തിരിപ്പന്‍ പ്രവണതകളെ മുഖപ്രസംഗങ്ങളിലൂടെയും എഡിറ്റ് പേജ് ലേഖനങ്ങളിലൂടെയും പ്രതിരോധിക്കുകയായിരുന്നു നെഹ്‌റുവിന്റെ ഉന്നം. കൂട്ടത്തില്‍, മറ്റുള്ളവര്‍ക്ക് അപഥ്യമായേക്കാവുന്ന ചില ആശയങ്ങളും ചിന്തകളും കൂടി അദ്ദേഹം പങ്കുവെക്കുകയുണ്ടായി. തുടക്കത്തിലേ തന്നെ സാമ്പത്തിക പ്രയാസങ്ങളില്‍ പെട്ടുഴലുകയായിരുന്നു നാഷനല്‍ ഹെറാള്‍ഡ്. 1940കളിലും എഴുപതുകളിലും കുറച്ചുകാലത്തേക്ക് അടച്ചിട്ട പത്രം 2008-ല്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടി.
ലക്‌നൗവില്‍ 1938 സെപ്തംബര്‍ ഒന്‍പതിന് പത്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തകര്‍ക്കാനായി ഇംഗ്ലീഷുകാര്‍ അലഹാബാദില്‍ നിന്നും 1865 മുതല്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന “ദ പയനിയര്‍” എന്ന പത്രത്തിന്റെ പ്രധാന പ്രതിയോഗി ആകുക എന്നതും നാഷനല്‍ ഹെറാള്‍ഡിന്റെ ലക്ഷ്യമായിരുന്നു. “സ്വാതന്ത്ര്യം അപകടത്തില്‍, സര്‍വശക്തിയും ഉപയോഗിച്ച് അതിനെ സംരക്ഷിക്കുക” (Freedom is in peril, defend it with all your might) എന്നതായിരുന്നു നാഷണല്‍ ഹെറാള്‍ഡ് അതിന്റെ മാസ്റ്റ്‌ഹെഡിനു താഴെ അടിച്ചിരുന്ന മുദ്രാവാചകം. ഇംഗ്ലണ്ടിലെ മിഡില്‍സെക്‌സില്‍ ബ്രെന്റ്‌ഫോര്‍ഡിലെ ഗബ്രിയേലിന്റെ ഒരു കാര്‍ട്ടൂണില്‍ വന്ന ഈ വാചകം ഇന്ദിരാ ഗാന്ധിയാണത്രെ പത്രത്തിനു അയച്ചു കൊടുത്തത്. തുടക്കത്തില്‍ കുറച്ചുകാലം നെഹ്‌റു തന്നെയായിരുന്നു പത്രാധിപര്‍; പ്രധാനമന്ത്രിയാകുന്നതുവരെ ഹെറാള്‍ഡ് ബോര്‍ഡ് ഒഫ് ഡയറക്‌ടേഴ്‌സിന്റെ അധ്യക്ഷ സ്ഥാനത്തും അദ്ദേഹം തന്നെ തുടര്‍ന്നു. ഇടക്ക് കുറച്ചുനാള്‍ ഫിറോസ് ഗാന്ധി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ പത്രത്തിന്റെ സാമ്പത്തിക സ്ഥിതിമെച്ചപ്പെട്ടിരുന്നു.
1942 ആഗസ്റ്റില്‍ ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ പത്രങ്ങളെ അടിച്ചമര്‍ത്തുകയുണ്ടായി. അത് നാഷനല്‍ ഹെറാള്‍ഡിനേയും പ്രതികൂലമായി ബാധിച്ചു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം ഛലപതി റാവുവിന്റെ പത്രമാണ് നാഷനല്‍ ഹെറാള്‍ഡ് എന്ന് ഒരു പറച്ചിലുണ്ട്. പത്രാധിപരായി ഛലപതി റാവു വന്നപ്പോള്‍ നെഹ്‌റു അദ്ദേഹത്തിനു നല്‍കിയ പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ ഫലമായിരുന്നു അത്. 1968-ലായിരുന്നു നാഷനല്‍ ഹെറാള്‍ഡ് ന്യൂഡല്‍ഹി എഡിഷന്‍ ആരംഭിക്കുന്നത്; ബഹദൂര്‍ ഷാസഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസില്‍ നിന്നുമായിരുന്നു പത്രം പുറപ്പെട്ടത്. നാഷനല്‍ ഹെറാള്‍ഡിന്റെ ഹിന്ദി പതിപ്പായി “നവജീവ”നും ഉര്‍ദുപതിപ്പായി “ഖൗമി ആവാ”സും ഇതിനിടെ ഇറങ്ങിയിരുന്നു.
നിലനില്‍പ്പിനായി പൂര്‍ണമായും കോണ്‍ഗ്രസിന് അടിപ്പെട്ടു കഴിഞ്ഞിരുന്ന നാഷനല്‍ ഹെറാള്‍ഡ് 1977-ല്‍ അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരക്കുണ്ടായ പരാജയത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം അടച്ചിട്ടു. 1986ല്‍ വലിയ പ്രതിസന്ധിയിലകപ്പെട്ട പത്രത്തെ രാജീവ് ഗാന്ധിയാണ് കര കയറ്റിയത്. 1998-ല്‍ പത്രത്തിന്റെ ലഖ്‌നൗ എഡിഷന്‍ നിര്‍ത്തലാക്കി. കടങ്ങള്‍ തീര്‍ക്കുന്നതിന് കോടതിയുത്തരവുപ്രകാരം അവിടത്തെ മിക്കവാറും വസ്തുവകകള്‍ ലേലം ചെയ്യുകയും ചെയ്തു. അവശേഷിച്ച ഒരേയൊരു എഡിഷനായ ഡല്‍ഹി അടച്ചുപൂട്ടുന്നതിനെക്കുറിച്ചു ചര്‍ച്ചകള്‍ 2008 ജനുവരിയില്‍ തുടങ്ങി. ഏപ്രില്‍ ഒന്നിന് അടച്ചുപൂട്ടല്‍ ഉണ്ടാകുകയും ചെയ്തു. ആധുനികവത്കരണം ഒന്നും നടപ്പിലാക്കാതിരുന്ന, അമിത ജീവനക്കാരാല്‍ വീര്‍പ്പുമുട്ടിയിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ അവസാനകാല പത്രാധിപര്‍ ടി വി വെങ്കിടാചലം ആയിരുന്നു.
അസോഷ്യേറ്റഡ് ജേര്‍ണല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു നാഷനല്‍ ഹെറാള്‍ഡ് അവസാന നാളുകളില്‍ നടത്തിക്കൊണ്ടിരുന്നത്. ജേര്‍ണലിസ്റ്റ് സുമന്‍ ദുബെ, ടെക്‌നോക്രാറ്റ് സാം പിത്രോദ എന്നിവരൊക്കെ ചേര്‍ന്ന് പത്രത്തെ പൂര്‍വാധികം ഭംഗിയാക്കി ഇറക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. അതിനായി സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരൊക്കെ അംഗങ്ങളായി യംഗ് ഇന്ത്യന്‍ കമ്പനിയും രൂപവത്കരിച്ചു. 2011 നവംബര്‍ 14-ന് പത്രം പുനഃപ്രസിദ്ധീകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധി പിന്നീടത് നിഷേധിക്കുകയുണ്ടായി.
2008-ല്‍ പത്രം അടച്ചുപൂട്ടിയതിനുശേഷം എ ജെ പി എല്‍ കമ്പനിയുടെ വസ്തുവകകള്‍ യംഗ് ഇന്ത്യന്‍ എന്ന കമ്പനിയിലൂടെ അനധികൃതമായും അനുചിതമായും അനര്‍ഹമായും നേടിയെടുത്ത് വിതരണം ചെയ്തുകളഞ്ഞുവെന്നാണ് നാഷനല്‍ ഹെറാള്‍ഡ് കേസ്. രാഹുല്‍ഗാന്ധി ഇതു ശക്തിയായി നിഷേധിക്കുന്നു. കേസ് അവസാനിപ്പിക്കാന്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പോട്ടു വന്നത് 2015 ആഗസ്റ്റ് പതിനേഴാം തീയതിയായിരുന്നു. എന്നാല്‍ അതേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ 18.9.2015-ന് കേസ് വീണ്ടും തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ബി ജെ പിക്കാരനായ ഡോ. സുബ്രഹ്മണ്യം സ്വാമിയാണ് നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ ചുക്കാന്‍ പിടിക്കുന്നത് എന്നതിനാല്‍ ഇതു രാഷ്ട്രീയപക പോക്കല്‍ തന്നെയാണ് എന്നു വാദിക്കുന്നവരുണ്ടാകാം. ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലി ഇടപെട്ടതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും അതു തുറന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റാരോപിതരായിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും മറ്റു മുഖ്യപ്രതികളും കോടതി മുമ്പാകെ ഉത്തരം നല്‍കേണ്ടുന്ന ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസിനു മറുപടിയുണ്ട്. ഒന്നാമതായി, എ ജെ പി എല്‍ എന്ന കമ്പനിയുമായി കോണ്‍ഗ്രസിന് ചരിത്രപരവും വൈകാരികവുമായ ബന്ധമാണുള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു പത്രത്തിന് സാമ്പത്തിക സഹായം ചെയ്യാന്‍ പാടില്ല എന്ന് ഒരു നിയമവും പറയുന്നില്ല. രണ്ടാമതായി, പത്രം നടത്താനായിട്ട് കോണ്‍ഗ്രസിനെ ആരും പണമൊന്നും ഏല്‍പ്പിച്ചിട്ടില്ല. പാര്‍ട്ടി സംഭാവനകള്‍ ഏതുവിധത്തിലും ഉപയോഗിക്കാം. മൂന്നാമതായി, ഒരു കമ്പനിയുടെ ഷെയറുകള്‍ സ്വന്തമാക്കി എന്നതിന് ആ കമ്പനിയുടെ വസ്തുവകകള്‍ സ്വന്തമാക്കി എന്നര്‍ഥമില്ല. എ ജെ പി എല്ലിന്റെ വസ്തുവകകള്‍ ക്ഷയിച്ചു എന്നതിന് ഒരു തെളിവുമില്ല. നാലാമതായി നാഷനല്‍ ഹെറാള്‍ഡിന്റെ കാര്യത്തില്‍ സുബ്രഹ്മണ്യം സ്വാമിക്ക് എന്തു കാര്യം? അദ്ദേഹത്തിന് കേസിന് locus standi ഇല്ല.
അങ്ങനെയൊക്കെയാണെങ്കിലും, കേസുണ്ടായ സ്ഥിതിക്ക്, പൊതുപണം സ്വകാര്യാവശ്യത്തിലേക്കു മാറ്റാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു തട്ടിപ്പ് സംവിധാനമാണ് യംഗ് ഇന്ത്യന്‍ എന്നത്രെ വിചാരണക്കോടതിയുടെ നിലപാട്. ഡിസംബര്‍ 19-ാം തീയതി പ്രതികള്‍ കോടതിയില്‍ വന്ന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങളെ നിഷേധിക്കുകയും സാക്ഷികളെ എതിര്‍വിസ്താരം ചെയ്യുകയും ചെയ്യട്ടെ എന്ന് ഡല്‍ഹി ഹൈക്കോടതിയും പറയുന്നു.
സഹൃദയരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും നിരീക്ഷകരുമായിട്ടുള്ള നിരവധി പേര്‍ കോണ്‍ഗ്രസിനുണ്ടായിട്ടുണ്ട്. എങ്കിലും, സമര്‍പ്പിത മനസ്സോടെ ഒരു പത്രസ്ഥാപനമോ പുസ്തകപ്രസാധനാലയമോ നടത്തിക്കൊണ്ടുപോന്നിട്ടുള്ള ഒരു പാരമ്പര്യം കോണ്‍ഗ്രസിന് അത്രക്കൊന്നും അവകാശപ്പെടാനില്ല. ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് അങ്ങനെയൊക്കെ വേണമെന്ന ഇച്ച ഉണ്ടായിരുന്നിട്ടുള്ളതായും പറഞ്ഞുകൂടാ. അല്ലായിരുന്നുവെങ്കില്‍ നാഷനല്‍ ഹെറാള്‍ഡിന് ഈ ഗതി വരികയില്ലായിരുന്നു.
ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന നിലക്കാണ് യംഗ് ഇന്ത്യന്‍ രൂപവത്കരിച്ചത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഈ കമ്പനിയിലെ പ്രധാന ഷെയര്‍ ഉടമസ്ഥരുമാണ്. യംഗ് ഇന്ത്യന്‍ എന്ന കമ്പനി അസോഷ്യേറ്റഡ് ജേര്‍ണല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നേടിയെടുത്തതില്‍ ക്രമക്കേടോ വഞ്ചനയോ നടന്നിട്ടില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട് എങ്കില്‍ അക്കാര്യം കോടതിയില്‍ തെളിയിക്കാമല്ലോ. അതുകൊണ്ടായിരിക്കാം പ്രതിപക്ഷ പാര്‍ട്ടികളില്‍ പലരുടെയും പിന്തുണ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കിട്ടാതെ പോയത്. ബി ജെ പി ഗവണ്മെന്റിനെ നിലക്കു നിര്‍ത്തേണ്ട മറ്റ് എത്രയോ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ കാര്യത്തില്‍ രാഷ്ട്രീയ പകപോക്കലിന്റെ പേരു പറഞ്ഞ് പാര്‍ലമെന്റിന്റെ വിലയേറിയ സമയം പാഴാക്കേണ്ടതില്ലായിരുന്നു.