Connect with us

Ongoing News

ഗോവക്ക് ചെന്നൈയിന്‍

Published

|

Last Updated

ചെന്നൈയിന്‍ സ്‌ട്രൈക്കര്‍ മെന്‍ഡോസയുടെ മുന്നേറ്റം

കൊല്‍ക്കത്ത: ഹോംഗ്രൗണ്ടില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇരമ്പിക്കളിച്ചെങ്കിലും അവസാന സെക്കന്‍ഡ് വരെ നീണ്ട നാടകീയതക്കൊടുവില്‍ ചെന്നൈയിന്‍ എഫ് സി അവരുടെ കന്നി ഐ എസ് എല്‍ ഫൈനലിന് യോഗ്യത നേടി. സെമിഫൈനല്‍ ഇരുപാദത്തിലുമായി 4-2ന് ജയിച്ചാണ് മാര്‍കോ മെറ്റരാസിയുടെ നീലപ്പട കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഈ മാസം ഇരുപതിന് മഡ്ഗാവില്‍ എഫ് സി ഗോവയാണ് ചെന്നൈയിനെ കാത്തിരിക്കുന്നത്.
ആദ്യ പാദം 3-0ന് ജയിച്ച ചെന്നൈയിന് അത്രയും ഗോള്‍ വഴങ്ങാതെ നിന്നാല്‍ മാത്രം ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. തകര്‍ത്തു കളിച്ച അത്‌ലറ്റിക്കോ 2-1ന് രണ്ടാം പാദം ജയിച്ചെങ്കിലും ഇരുപാദ സ്‌കോറില്‍ ചെന്നൈയിനെ മറികടക്കാനായില്ല.
അത്‌ലറ്റിക്കോ ഹിമാലയന്‍ ദൗത്യം ആര്‍ജവത്തോടെ ഏറ്റെടുത്തതോടെ മത്സരം ആദ്യന്തം ആവേശകരമായി. ആദ്യപകുതിയില്‍ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ലെകിചിന്റെ ഗോളില്‍ മുന്നിലെത്തിയ അത്‌ലറ്റിക്കോ എണ്‍പത്തിമൂന്നാം മിനുട്ടില്‍ കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിലൂടെ ചെന്നൈയിനെ വിറപ്പിച്ചു.
ഏത് നിമിഷവും സമനില ഗോള്‍ വീഴുമെന്ന ഘട്ടത്തിലാണ് ഫിക്രുവിലൂടെ ചെന്നൈയിന്‍ എഫ് സി അവരുടെ സമ്മര്‍ദം അകറ്റിയ ഗോള്‍ നേടുന്നത്. തൊണ്ണൂറാം മിനുട്ടിലായിരുന്നു ഈ ഗോള്‍.
അത്‌ലറ്റിക്കോയുടെ ഗോളി അമരീന്ദറും ഡിഫന്‍ഡര്‍ അര്‍നബും തമ്മിലുണ്ടാ ആശയക്കുഴപ്പത്തില്‍ നിന്നാണ് ഫ്രിക്രു തഞ്ചത്തില്‍ പന്ത് റാഞ്ചി ഗോളാക്കിയത്. അമരീന്ദര്‍ നല്‍കിയ ത്രോ ബോള്‍ അര്‍നബ് എന്ത് ചെയ്യണമെന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴേക്കും ഫിക്രു ഓടിയെത്തി തട്ടിയെടുത്ത് ഓപണ്‍ പോസ്റ്റില്‍ ഗോളാക്കി. അവസാന മിനുട്ടുകളില്‍ നിലവിട്ട് പെരുമാറിയ അത്‌ലറ്റിക്കോ കൊല്‍ക്കത്ത കോച്ച് അന്റോണിയോ ഹബാസിനെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കി. സ്റ്റീവെന്‍ മെന്‍ഡോസക്ക് പകരം ഫിക്രുവിനെ കളത്തിലിറക്കാന്‍ മത്സരം തടസപ്പെടുത്തിയതും മെഹ്‌റാജൂദിന്‍ വദു പരുക്ക് അഭിനയിച്ചത് റഫറി ചോദ്യം ചെയ്യാഞ്ഞതും ഹബാസിനെ വെറളി പിടിപ്പിച്ചു. തുടര്‍ന്നുണ്ടായ പ്രകോപനപരമായ പെരുമാറ്റമാണ് ഹബാസിന്റെ പുറത്താകലില്‍ കലാശിച്ചത്.
അത്‌ലറ്റിക്കോ കൊല്‍ക്കത്ത ഇരുപത്തിരണ്ടാം മിനുട്ടില്‍ നേടിയ ഗോള്‍ ചെന്നൈയിന്റെ പ്രതിരോധത്തിലുണ്ടായ പിഴവാണ്. അപകടകരമല്ലാത്ത സാഹചര്യത്തില്‍ ഡിഫന്‍ഡര്‍ ബെര്‍നാഡ് മെന്‍ഡി ഹെഡറിലൂടെ നല്‍കിയ ബാക് പാസ് ഗോളി എദെര്‍ അപോലയുടെ അരികിലെത്തും മുമ്പെ ദെജാന്‍ ലെകിച് റാഞ്ചി, അനായാസമായ ഫസ്റ്റ് ടൈം പ്ലെയ്‌സിംഗിലൂടെ വലയില്‍ പന്തുരുണ്ട് കയറി. ഫൈനല്‍ വിസിലിന് ഏഴ് മിനുട്ട് ശേഷിക്കെ ഹ്യൂം നേടിയ ഗോളാണ് മനോഹരം. ദെജാന്‍ ലെകിചുമായി ബോക്‌സിന് പുറത്ത് വെച്ച് പന്ത് കൈമാറി വന്ന ഹ്യൂം ഫസ്റ്റ് ടൈം വോളിയിലൂടെ വല കുലുക്കി.
ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയുടെ ഒത്ത മൂലയില്‍ കയറുകയായിരുന്നു.
മൂന്ന് ഗോളുകളുടെ കടം വീട്ടിയാലെ ഫൈനല്‍ ബെര്‍ത് സാധ്യത തുറക്കൂവെന്നതിനാല്‍ അറ്റാക്കിംഗ് ഫോര്‍മേഷനാണ് അത്‌ലറ്റിക്കോ കോച്ച് പരീക്ഷിച്ചത്. 3-4-3 ശൈലിയില്‍ ടീം വിന്യസിച്ചു. കഴിഞ്ഞ ദിവസം ഗോവക്കായി സീക്കോ പയറ്റിയ അതേ തന്ത്രം. ഫെര്‍നാണ്ടസ് , ടിരി, അര്‍നാബ് പ്രതിരോധനിരയില്‍.നല്ലപ്പന്‍, ഇസുമി, ഗാവിലാന്‍, റിനോ ആന്റോ എന്നിവര്‍ മധ്യനിരയില്‍. ഹ്യൂം, ലെകിച്, ദൗത്തി എന്നിവര്‍ സ്‌ട്രൈക്കര്‍മാര്‍. ഡല്‍ഹി കളിച്ചതു പോലെ പ്രതിരോധ മുറയില്‍ ചെന്നൈയിന്‍ എഫ് സിയും 4-4-1-1 ശൈലിയില്‍ അണിനിരന്നു.

---- facebook comment plugin here -----

Latest