തന്റെ ഫയലുകളും സിബിഐ കൊണ്ടുപോയെന്ന് അരവിന്ദ് കെജ്‌രിവാള്‍

Posted on: December 16, 2015 1:01 pm | Last updated: December 16, 2015 at 7:37 pm

arvind-kejriwal-ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസിലെ സിബിഐ റെയ്ഡില്‍ പുതിയ ആരോപണവുമായി കെജ്‌രിവാള്‍ രംഗത്തെത്തി. തന്റെ ഫയലുകളും സിബിഐ പിടിച്ചെടുത്തതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ കേസുമായി ബന്ധമില്ലാത്ത ഫയലുകള്‍ കൊണ്ടുപോയി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ തലവനായിരിക്കുമ്പോള്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചിട്ടുണ്ട്. ഇത് ഫോട്ടോകോപ്പി എടുത്തിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണം ജെയ്റ്റ്‌ലി എന്തിനു ഭയക്കുന്നു. അഴിമതിയില്‍ ജെയ്റ്റ്‌ലിക്കുള്ള പങ്ക് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കെജ്‌രിവാളിന്റെ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റെയ്ഡ് നടത്തിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ ഓഫീസാണ് പരിശോധിച്ചതെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.