ഡല്‍ഹി നല്‍കുന്ന മുന്നറിയിപ്പ്

Posted on: December 16, 2015 6:00 am | Last updated: December 15, 2015 at 11:20 pm

SIRAJ.......അന്തരീക്ഷ മലിനീകരണമാണ് രാജ്യത്തിന്റെ തലസ്ഥാന നഗരി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നം. മലിനീകരണം കുറക്കാനായി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യല്‍, താപനിലയങ്ങള്‍ അടച്ചിടല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇതനുസരിച്ച് ഒറ്റ സംഖ്യയിലും ഇരട്ട സംഖ്യയിലും അവസാനിക്കുന്ന നമ്പറുകളുള്ള കാറുകള്‍ ജനുവരി മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ പുറത്തിറക്കാവൂ എന്ന് ഉത്തരവിറക്കിയിട്ടുണ്ട്. കുട്ടികളെയാണ് അന്തരീക്ഷ മലിനീകരണം കൂടുതല്‍ ബാധിക്കുന്നതെന്നതിനാല്‍ ജനുവരി ഒന്ന് മുതല്‍ 15 ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചിടുന്ന കാര്യവും പരിഗണനയിലാണ്.
ആഗോളതലത്തില്‍ ഇന്ത്യയും ചൈനയുമാണ് അന്തരീക്ഷ മലിനീകരണത്തില്‍ മുന്നില്‍. ഇന്ത്യന്‍ നഗരങ്ങളില്‍ ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് പ്രതിവര്‍ഷം 2. 6 കോടി ജനങ്ങള്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് രോഗബാധിതരാകുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്ത് അന്തരീക്ഷ മലിനീകരണം മൂലമുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 35,000ത്തിലേറെ വരും. ഇന്ത്യയിലെ മരണകാരണങ്ങളില്‍ അഞ്ചാം സ്ഥാനം അന്തരീക്ഷ മലിനീകരണമാണെന്ന് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജേര്‍ണല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരങ്ങള്‍ തമ്മിലുള്ള താരതമ്യത്തില്‍ ഇത്തരം മരണ നിരക്ക് ഡല്‍ഹിയിലാണ് കൂടുതല്‍. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെയും ഇതുമൂലമുള്ള താപനിലയെയും പരാമര്‍ശിക്കവെ, നഗരത്തിലെ ജനങ്ങള്‍ ഗ്യാസ് ചേംബറിനകത്തെന്ന പോലെയാണ് കഴിയുന്നതെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
വാഹനങ്ങളുടെ പെരുപ്പവും വ്യവസായശാലകള്‍ പുറംതള്ളുന്ന പുകയും പൊടിയുമാണ് അന്തരീക്ഷമലിനീകരണത്തിന് പ്രധാന കാരണം. വാഹനങ്ങളുടെ എണ്ണത്തിലും വ്യവസായ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും രാജ്യം വന്‍പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്രകൃതിക്ക് അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാറുകള്‍ വിസ്മരിക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വന്‍കിട കമ്പനികളില്‍ നിന്നുള്ള മലിനീകരണം തടയാന്‍ ചില നടപടി സ്വീകരിച്ചെങ്കിലും വാഹനങ്ങല്‍ വരുത്തുന്ന മലിനീകരണത്തിനെതിരെ ഉദാസീനത കാണിക്കുകയായിരുന്നു. അതിന്റെ ഭവിഷ്യത്താണ് ഡല്‍ഹി ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
കേരളീയര്‍ക്ക് ഡല്‍ഹി ഒരു മുന്നറിയിപ്പാണ്. വാഹനങ്ങളുടെ എണ്ണം വന്‍ തോതിലാണ് ഇവിടെ പെരുകിക്കൊണ്ടിരിക്കുന്നത്. 2014 വരെയുള്ള കണക്ക് പ്രകാരം, എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം 123 ശതമാനം വര്‍ധിക്കുകയുണ്ടായി. ഏറ്റവും പുതിയ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 60 ലക്ഷം കൂടുംബങ്ങളാണുള്ളതെങ്കില്‍ വാഹനങ്ങളുടെ എണ്ണം 85, 47 ലക്ഷം വരും. കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വാഹനങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. അന്തരീക്ഷ മലിനീകരണത്തിന് ഇടവരുത്തുന്ന വികസനത്തിലും വന്‍കുതിപ്പാണ് സംസ്ഥാനത്ത് പ്രകടമായിക്കൊണ്ടിരിക്കുന്നത്. വാഹനങ്ങള്‍ സൃഷ്ടിക്കുന്ന പൊടിപടലങ്ങളും പെട്രോളിയം മാലിന്യങ്ങളുമാണ് കേരളത്തിലെ അന്തരീക്ഷത്തെ കൂടുതല്‍ മലിനമാക്കുന്നത്. ഇതേതുടര്‍ന്നുള്ള രോഗങ്ങള്‍ കാരണം ദിനംപ്രതി സംസ്ഥാനത്ത് പത്ത് പേര്‍ മരിക്കുന്നതായാണ് കണക്ക്.
പ്രകൃതി സംരക്ഷണത്തില്‍ ഊന്നിക്കൊണ്ടുള്ള വികസനമാണ് ഇതിന് പരിഹാരം. വികസനം പ്രകൃതിയും ഇരുധ്രുവങ്ങളിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. വനം നശിപ്പിച്ചും ജലസ്രോതസ്സുകള്‍ നികത്തിയും നടപ്പാക്കുന്ന വികസന പദ്ധതികളേ സര്‍ക്കാറുകളുടെ അജന്‍ഡയിലുള്ളൂ. അശാസ്ത്രീയമായ ഇത്തരം വികസന സങ്കല്‍പ്പങ്ങളാണ് താപനതീവ്രത, അന്തരീക്ഷ മലിനീകരണം തുടങ്ങിയ വിപത്തുകള്‍ക്ക് വഴിവെക്കുന്നത്. താപനിലയും അന്തരീക്ഷ മലിനീകരണവും ക്രമീകരിച്ചു മനുഷ്യ ജീവിതം സുഗമമാക്കുന്നതില്‍ വലിയ പങ്കാണ് വനങ്ങള്‍, പാടശേഖരങ്ങള്‍, ജലസ്രോതസ്സുകള്‍, ചതുപ്പുകള്‍, പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കായലുകള്‍ തുടങ്ങിവയക്കുള്ളത്. അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുകയും സൂര്യതാപത്തിന്റെ തീഷ്ണത കുറക്കുകയും ചെയ്യുന്ന മഹത്തായ ധര്‍മങ്ങളാണ് ഇവ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. വികസനം അനിവാര്യമാണെന്നതോടൊപ്പം പ്രകൃതി സംരക്ഷണം അതിനേക്കാള്‍ പ്രാധാന്യമേറിയതാണെന്ന തിരിച്ചറിവ് അധികാരത്തിലിരിക്കുന്നവര്‍ക്കുണ്ടാകണം. 44 നദികളുണ്ടായിട്ടും സംസ്ഥാനത്ത് മഴക്കാലത്തും ശുദ്ധജലക്ഷാമം അനുഭവവപ്പെടുന്നതും കാലം തെറ്റി മഴ വര്‍ഷിക്കുന്നതും പകലുകളിലെ ചുട്ടുപൊള്ളല്‍ തീവ്രമാകുന്നതുമെല്ലാം വികസനത്തിന് വേണ്ടി പ്രകൃതിയെ വന്‍തോതില്‍ ചൂഷണം ചെയ്തതിന്റെ അനന്തരഫലമാണ്. ഇതേ നിലയില്‍ ഇനിയും കാര്യങ്ങള്‍ മുന്നേറിയാല്‍ കേരളീയന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. അതേ സമയം പ്രകൃതി സംരക്ഷണം സര്‍ക്കാറിന്റെ മാത്രമല്ല, നമ്മില്‍ ഓരോരുത്തരുടെയും ബാധ്യതയാണെന്ന ബോധം പൊതുസമൂഹത്തിനുമുണ്ടാകേണ്ടതുണ്ട്.