Connect with us

National

ഇന്ധന വിലയില്‍ നേരിയ കുറവ്; പെട്രോളിന് 50 പെെസയും ഡീസലിന് 46 പെെസയും കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോളിന് ലിറ്ററിന് അമ്പത് പൈസയും ഡീസലിന് 46 പൈസയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഏറ്റവും താഴ്ന്ന നിരക്കിലായിട്ടും ഇന്ധന വിലയില്‍ നേരിയ കുറവ് മാത്രമാണ് വരുത്തിയത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.
കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ ഏറ്റവു കുറഞ്ഞ നിരക്കിലാണ് അസംസ്‌കൃത എണ്ണ ഇന്ത്യ വാങ്ങുന്നത്. ക്രൂഡ് ഓയില്‍ ബാരലിന് 34.39 ഡോളറാണ് തിങ്കളാഴ്ചയിലെ വില. അതേസമയം, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇന്ധന വില കുറയ്ക്കുന്നതിന് തടസ്സമായി. 66.99 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. സര്‍ക്കാര്‍ കൂടുതല്‍ തീരുവകള്‍ ചുമത്തിയിട്ടില്ലെങ്കില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നവംബര്‍ ഏഴിനാണ് വില്‍പ്പന നികുതി ഇതിന് മുമ്പ് വര്‍ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 1.60 രൂപയും ഡീസലിന് നാല്‍പ്പത് പൈസയുമാണ് അന്ന് വില്‍പ്പന നികുതി വര്‍ധിപ്പിച്ചത്.
ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയ്ക്കുന്നത്. ഈ മാസം ആദ്യം പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസല്‍ ലിറ്ററിന് 25 പൈസയുമാണ് അന്ന് കുറച്ചത്. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയുടെയും രൂപയുടെ മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ ഒ സി, ബി പി സി എല്‍, എച്ച് പി സി എല്‍ എന്നിവ പ്രതിമാസം രണ്ട് തവണ ഇന്ധന വില പുനര്‍നിശ്ചയിക്കാറുണ്ട്.

Latest