കേരളത്തിന്റെ വികസനകാര്യത്തില്‍ ഉപേക്ഷയുണ്ടാകില്ല: പ്രധാനമന്ത്രി

Posted on: December 15, 2015 3:53 pm | Last updated: December 16, 2015 at 9:19 am

mODI

കൊല്ലം:കേരളത്തിന്റെ വികസനത്തില്‍ ഒരു ഉപേക്ഷയും വരുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും കേരളത്തിന് എല്ലാ സഹായവും ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊല്ലം എസ് എന്‍ കോളജില്‍ സ്ഥാപിച്ച മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പൂര്‍ണകായ വെങ്കല പ്രതിമ അനാവരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സര്‍ക്കാറിന് മേലുള്ള ആദ്യ അധികാരം ദരിദ്രര്‍ക്കാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പിന്നക്കക്കാരുടെ പ്രശ്‌നങ്ങള്‍ തനിക്ക് ആരും പറഞ്ഞുതരേണ്ട കാര്യമില്ല. അത് അനുഭവിച്ചയാളാണ് താന്‍. പാര്‍ലിമെന്റ് സമ്മേളനം നടക്കുന്ന സമയമായതിനാല്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നില്ല. പാര്‍ലിമെന്റ് യഥാര്‍ഥത്തില്‍ നടക്കുന്നുണ്ടോ ഇല്ലെയോ എന്നത് വേറെ വിഷയം. പാര്‍ലിമെന്റ് സമ്മേളനകാലത്ത് പുറത്ത് പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച കാര്യങ്ങള്‍ പ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീനാരായണ ഗുരുവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ജീവിതാവസാനം വരെ ശ്രമിച്ചയാളായിരുന്നു ആര്‍ ശങ്കറെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ആര്‍ ശങ്കര്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് പ്രായോഗിക രാഷ്ട്രീയക്കാരനാകാന്‍ ശ്രമിച്ചില്ല. ഗുരുവിന്റെ ആശയങ്ങളും തത്വങ്ങളും അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രാഷ്ട്രീയ നേതാവ് എന്നതിലുപരി ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം. അതിനാലാണ് അദ്ദേഹം ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിമ അനാവരണം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ ദിവസം തന്റെ മനസ്സില്‍ എന്നെന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആര്‍ ശങ്കറിനെ കാവി പൂശാനും പ്രധാനമന്ത്രി മറന്നില്ല. ആര്‍ ശങ്കറും മന്നത്ത് പത്മനാഭനും ചേര്‍ന്നാണ് ഹിന്ദു മഹാമണ്ഡലം സ്ഥാപിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ആര്‍ ശങ്കര്‍ ക്ഷണിച്ചത്. ജനസംഘത്തീന്റെ ഇന്നത്തെ രൂപമാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെ പ്രതിപക്ഷത്തെയും വിമര്‍ശിച്ചു. നാടിന് എന്ത് സംഭവിച്ചാലും കുഴപ്പമില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആര്‍ ശങ്കര്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാവരണം ചെയ്യുന്നു
ആര്‍ ശങ്കര്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാവരണം ചെയ്യുന്നു

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കണമെന്നും വെള്ളാപ്പള്ളി പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മൂന്ന് മണിയോടെ എറണാകുളത്ത് നിന്ന് ആശ്രാമം മൈതാനത്ത് ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ കളക്ടര്‍ എ ഷൈന മോളും സംഘവും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ബുള്ളറ്റ് പ്രൂഫ് കാറില്‍ എസ് എന്‍ കോളജ് അങ്കണത്തിലെത്തിയ പ്രധാനമന്ത്രിയെ വെള്ളാപ്പള്ളി നടേശന്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം മോഡി ശിവഗിരിയിലേക്ക് പോയി.