ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍: ശരിയായ വിവരങ്ങള്‍ നല്‍കണം

Posted on: December 15, 2015 11:37 am | Last updated: December 15, 2015 at 11:37 am

കോഴിക്കോട്: 1956ലെ പൗരത്വ ആക്ടും 2003ലെ പൗരത്വ നിയമവും പ്രകാരം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ പി ആര്‍) പുതുക്കുന്ന നടപടികള്‍ സംസ്ഥാനത്ത് നടന്നുവരികയാണെന്ന് എന്‍ പി ആര്‍ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. എന്‍ പി ആര്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ പുതുക്കുന്നതിന് നിയുക്തരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എല്ലാ കുടുംബങ്ങളും സന്ദര്‍ശിച്ചാണ് ഇത് നിര്‍വഹിക്കുന്നത്.
എല്ലാ സ്ഥിരതാമസക്കാരും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കലുള്ള രേഖകള്‍ പരിശോധിച്ച് എന്‍ പി ആര്‍ കുറ്റമറ്റതാക്കാന്‍ സഹകരിക്കണം. ഇതിനായി നവജാതശിശുക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മരണപ്പെട്ട ആളുകളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തണം.
ഓരോ വ്യക്തിയുടെയും ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് ഐ ഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ മുതലായ വിവരങ്ങള്‍ കൂടി ഇതിനോടൊപ്പം ശേഖരിക്കുന്നുണ്ട്. പൊതുജനങ്ങള്‍ വിവരശേഖരണത്തിനായി വരുന്ന ഉദ്യോഗസ്ഥന് ഈ വിവരങ്ങള്‍ നല്‍കണം. രേഖകളുടെ പരിശോധനാ സൗകര്യത്തിനായി കുടുംബത്തിലെ എല്ലാ വ്യക്തികളെയും സംബന്ധിച്ച ലഭ്യമായ രേഖകള്‍ മുന്‍കൂട്ടി കരുതിവെക്കണമെന്നും എന്‍ പി ആര്‍ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.