ആര്‍ ശങ്കര്‍ എന്ന മികച്ച സാധ്യത

തിരു - കൊച്ചി സംസ്ഥാനത്തായതുകൊണ്ടാണ് ആര്‍ ശങ്കറിനെ സംബന്ധിച്ച് കോണ്‍ഗ്രസും അതിന്റെ സര്‍ക്കാറും ക്രിസ്ത്യന്‍ നിയന്ത്രിതമായത്. മലബാര്‍ കൂടി ചേര്‍ന്നിരുന്നുവെങ്കില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും നിയന്ത്രിക്കുന്നതാണ് സര്‍ക്കാറും കോണ്‍ഗ്രസുമെന്ന് ശങ്കര്‍ പറഞ്ഞേനേ. അതാണ് ഇന്ന് വെള്ളാപ്പള്ളി പറയുന്നത്. കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ ഹിന്ദുക്കള്‍ അവഗണന നേരിട്ട് വരികയാണ്. അത് അന്ന് ചൂണ്ടിക്കാണിക്കുകയും സ്വന്തം പ്രസ്ഥാനം രൂപവത്കരിക്കുകയും ചെയ്ത ശങ്കറിനെ ഈഴവ സമുദായത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തിരിച്ചെടുക്കാനും കെ പി സി സിയുടെ പ്രസിഡന്റ് സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും നല്‍കാനും കോണ്‍ഗ്രസ് തയ്യാറായി. സമുദായത്തിന് അധികാരത്തില്‍ അര്‍ഹമായ സ്ഥാനം നേടിക്കൊടുത്ത ശങ്കറിനെപ്പോലെ മറ്റേത് നേതാവുണ്ട്? സംഘ് പരിവാരത്തിനും വെള്ളാപ്പള്ളി അവതരിപ്പിക്കാവുന്ന ചോദ്യങ്ങള്‍ ധാരാളമുണ്ട്. അതിനൊരു അന്തരീക്ഷം, 'ക്രൈസ്തവ കോണ്‍ഗ്രസായി' മാറിക്കൊണ്ടിരിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആക്ഷേപിക്കുന്ന പാര്‍ട്ടിയുടെ നേതാവായ മുഖ്യമന്ത്രിയെ ഒഴിവാക്കി നിര്‍ത്തുന്നതിലൂടെ ലഭിക്കുമെന്ന് സംഘ് ബുദ്ധി കണക്ക് കൂട്ടിയിട്ടുണ്ടാകണം.
Posted on: December 15, 2015 5:14 am | Last updated: December 14, 2015 at 9:18 pm

shankarവെള്ളാപ്പള്ളി നടേശനും അദ്ദേഹത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയ പരീക്ഷണത്തിന് മുതിരുന്നവര്‍ക്കും ആര്‍ ശങ്കര്‍ നല്ലൊരു സാധ്യതയാണ്. ആ തിരഞ്ഞെടുപ്പ് ആരുടേതായിരിക്കും? വെള്ളാപ്പള്ളി നടേശന്റേതാണെന്ന് വിശ്വസിക്കുക പ്രയാസം. ബി ജെ പിയുടെ കേരള ഘടകത്തിന്റെ, ‘ഞാനൊഴിഞ്ഞുണ്ടോ രാമന്‍ ഈ ത്രിഭുവനത്തിങ്കല്‍…’ എന്നതില്‍ അഭിരമിക്കുന്ന നേതാക്കളാരും ഈ പേര് നിര്‍ദേശിക്കാനിടയില്ല. ചരിത്രത്തെ ഹിന്ദുത്വ അജന്‍ഡക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിലേക്ക് പഠന – ഗവേഷണം നടത്തുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ വിദഗ്ധരാരെങ്കിലുമാകണം ആര്‍ ശങ്കറെന്ന പേര് നിര്‍ദേശിച്ചിട്ടുണ്ടാകുക. അതിനെ ഓര്‍മയിലേക്ക് കൊണ്ടുവരാനും പുതിയ നേതാവ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുടെ പൂര്‍വകാല വക്താവായിരുന്നുവെന്നത് സ്ഥാപിച്ചെടുക്കാനും എളുപ്പ വഴി ശങ്കറിനെച്ചൊല്ലിയൊരു തര്‍ക്കമുണ്ടാക്കുക എന്നതാണ്. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചതിന് ശേഷം പരിപാടി നടക്കുന്നതിന് രണ്ട് ദിനം മുമ്പ് വരേണ്ടതില്ലെന്ന് അറിയിച്ചതിലെ തന്ത്രം ഇതാകാതിരിക്കാന്‍ തരമില്ല.
എസ് എന്‍ ഡി പി യോഗ നേതൃത്വത്തില്‍ വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരും ചേര്‍ന്ന് പാര്‍ട്ടി രൂപവത്കരിക്കാന്‍ തീരുമാനിച്ചതും ആ പാര്‍ട്ടി ബി ജെ പിയുമായി സഖ്യമുണ്ടാക്കുമെന്ന കാര്യവും കൂടുതല്‍ വ്യക്തമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലെത്തിയ സമയത്താണ്. അമിത് ഷായ്‌ക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടിറങ്ങിയ വെള്ളാപ്പള്ളി ആദ്യം പറഞ്ഞത്, ആര്‍ ശങ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ നരേന്ദ്ര മോദിയെ ക്ഷണിച്ചുവെന്നാണ്. ക്ഷണം അദ്ദേഹം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും. അതിന് മുമ്പ് തന്നെ ആര്‍ ശങ്കറുടെ പേരിന് വലിയ പ്രാധാന്യം നല്‍കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചിരുന്നുവെന്നത് തിരിഞ്ഞുശ്രദ്ധിക്കുമ്പോള്‍ മനസ്സിലാകുന്നു. അതിന് വ്യക്തമായ കാരണങ്ങളുണ്ട്.
കേരളത്തിന്റെ മുഖ്യമന്ത്രിയായ നേതാക്കളില്‍ ഈഴവ സമുദായാംഗങ്ങള്‍ രണ്ട് പേരേയുള്ളൂ. ആര്‍ ശങ്കറും വി എസ് അച്യുതാനന്ദനും. ശിവഗിരി മഠത്തെ കാവിവത്കരിക്കാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് ആദ്യശ്രമം നടത്തിയ കാലത്ത്, അതിനെ ചെറുത്ത സ്വാമി ശാശ്വതീകാനന്ദക്കൊപ്പമായിരുന്നു വെള്ളാപ്പള്ളി നടേശന്‍. അന്ന് എസ് എന്‍ ഡി പിയുടെ നേതൃത്വത്തിലേക്ക് കടന്നുവരാന്‍ സി പി എമ്മിന്റെയും വി എസ് അച്യുതാനന്ദന്റെയും പിന്തുണ വെള്ളാപ്പള്ളിക്ക് കിട്ടിയിരുന്നു. ആ ബന്ധം ചെറുതല്ലാത്ത കാലം നിലനില്‍ക്കുകയും ചെയ്തു. എന്നാല്‍ അടിമുടി കമ്മ്യൂണിസ്റ്റും അതില്‍ തന്നെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്ന നിര്‍ബന്ധബുദ്ധിയുമായ വി എസ് അച്യുതാനന്ദനെ സമുദായ പ്രതിനിധിയായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയയാളെന്ന് വിശേഷിപ്പിക്കാനാകില്ല. ആര്‍ ശങ്കര്‍ പക്ഷേ, ഇക്കാര്യത്തില്‍ മികച്ച സാധ്യതയാണ്.
ശ്രീനാരായണ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി പ്രസ്ഥാനത്തിലേക്ക് വരികയും എസ് എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്ത നേതാവ്. എസ് എന്‍ ട്രസ്റ്റിന്റെ അധികാരിയായും പ്രവര്‍ത്തിച്ചിരുന്നു. കെ പി സി സിയുടെ പ്രസിഡന്റും കേരളത്തിന്റെ മുഖ്യമന്ത്രിയുമാകുന്നതിന് മുമ്പാണ് അദ്ദേഹം എസ് എന്‍ ഡി പിയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. അതിനേക്കാളുപരി, കോണ്‍ഗ്രസില്‍ ഹിന്ദുക്കള്‍ അവഗണിക്കപ്പെടുകയാണെന്ന് അടിയുറച്ച് വിശ്വസിച്ചിരുന്നയാളുമായിരുന്നു ആര്‍ ശങ്കര്‍. തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന ദേശത്ത് ടി കെ നാരായണ പിള്ള മുഖ്യമന്ത്രിയായി മന്ത്രിസഭയുണ്ടാക്കിയ കാലം. സഭയില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അനര്‍ഹമായ പ്രാതിനിധ്യം ലഭിച്ചുവെന്നാണ് ആര്‍ ശങ്കറിന്റെയും കൂട്ടരുടെയും പക്ഷം.
തിരഞ്ഞെടുക്കപ്പെട്ടവരൊക്കെ ജാതി, മത ഭേദമില്ലാതെ ജനപ്രതിനിധികളാണെന്നും അവരില്‍ ആര്‍ക്കും മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും മന്ത്രി സ്ഥാനത്തിരിക്കെ എല്ലാ സമുദായങ്ങളോടും തുല്യനീതി ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നത് അവരുടെ കര്‍ത്തവ്യമാണെന്നും ആ കര്‍ത്തവ്യത്തിലേക്ക് പ്രേരിപ്പിക്കേണ്ടത് പാര്‍ട്ടിയാണെന്നുമുള്ള തോന്നല്‍ അന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കുമുണ്ടായിരുന്നില്ല. ക്രിസ്തുമത വിശ്വാസിയായ ഒരാള്‍ മന്ത്രിസഭയില്‍ അധികമുണ്ടാകുന്നത് ഹിന്ദുക്കളെ മൊത്തത്തില്‍ അവഹേളിക്കുന്ന നടപടിയാണെന്ന് അവര്‍ വിലയിരുത്തി. അങ്ങനെയാണ് ‘ക്രിസ്ത്യന്‍ കോണ്‍ഗ്രസിനെ ആറടി മണ്ണില്‍ കുഴിച്ചുമൂടു’മെന്ന് ആര്‍ ശങ്കര്‍ പ്രസംഗിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക നേതാവ് മന്നത്ത് പത്മനാഭനുമായി ചേര്‍ന്ന് ഹിന്ദു മഹാമണ്ഡലം രൂപവത്കരിക്കുന്നത്. അതിന്റെ തുടര്‍ച്ചയായി ഡെമോക്രാറ്റിക് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കുന്നത്.
ഇതേ ശങ്കര്‍ വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നതും ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള വിമോചന സമരത്തെ പിന്തുണക്കുന്നതും കേരളം കണ്ടു. അന്ന് കെ പി സി സിയുടെ പ്രസിഡന്റായിരുന്ന ശങ്കറിന് ‘സമുദായാചാര്യന്‍’ മന്നത്ത് പത്മനാഭന്‍ മാത്രമായിരുന്നില്ല മാര്‍ഗ ദര്‍ശി. ഫാദര്‍ വടക്കനും മുസ്‌ലിം ലീഗ് നേതാക്കളുമുണ്ടായിരുന്നു. സഭ നേരിട്ട് രൂപം നല്‍കിയ ക്രിസ്റ്റഫേഴ്‌സ് എന്ന കുറുവടി സേന ശങ്കറിന്റെ കാലത്തെ ‘സേവാദളാ’യിരുന്നു. ആദ്യ ഘട്ടത്തില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദു മഹാ മണ്ഡലിന് രൂപം നല്‍കാന്‍ തയ്യാറായ ശങ്കര്‍, രണ്ടാം ഘട്ടത്തില്‍ ഹിന്ദു മഹാ മണ്ഡലത്തില്‍ ഭൂരിപക്ഷമാകേണ്ട കര്‍ഷകത്തൊഴിലാളികളുടെയും ഭൂമിയില്ലാത്തവരുടെയും താത്പര്യങ്ങള്‍ക്ക് എതിരായ ശക്തികള്‍ക്കൊപ്പം നിന്ന് ജാതി, മത വിഭജനം ശക്തമാക്കാന്‍ ശ്രമിച്ചു.
അധികാരമെന്ന ഒറ്റ ലക്ഷ്യം മാത്രം ലക്ഷ്യമിടുകയും അത് നേടുന്നതിനായി ഏത് രീതിയും അവലംബിക്കുകയും ചെയ്യുക എന്നത് പതിവാക്കിയ രാഷ്ട്രീയ നേതാക്കള്‍ ധാരാളമുണ്ട്. അത് കോണ്‍ഗ്രസ് നേതാക്കളുടെ കാര്യത്തിലാകുമ്പോള്‍ കുറേക്കൂടുതലാണെന്ന് കാണാം. അതിനവര്‍ ഏത് മാര്‍ഗവും സ്വീകരിക്കും. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി, കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവ്, സംഘടനയില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്ന് ആരോപിച്ച് ഹിന്ദു മഹാ മണ്ഡലം രൂപവത്കരിക്കാന്‍ പോയത് അതുകൊണ്ടാണ്. ഭൂരിപക്ഷമതത്തിന്റെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണമെന്ന അഭിപ്രായം കോണ്‍ഗ്രസിലെ ദേശീയ നേതൃത്വത്തില്‍ ഒരു വിഭാഗം പുലര്‍ത്തിയിരുന്നതിന്റെ ഒരു കാരണവും ഇതാണ്. അതിന്റെ പ്രധാന കാരണം വര്‍ഗീയത തന്നെയാണെങ്കിലും. വര്‍ഗീയമായ ഈ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചാണ് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലടക്കം ചില കോണ്‍ഗ്രസ് നേതാക്കളെ സംഘ് ചരിത്രത്തിന്റെ ഭാഗമാക്കാന്‍ സംഘ് പരിവാര്‍ ശ്രമിക്കുന്നത്.
തിരു – കൊച്ചി സംസ്ഥാനത്തായതുകൊണ്ടാണ് ആര്‍ ശങ്കറിനെ സംബന്ധിച്ച് കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും ക്രിസ്ത്യന്‍ നിയന്ത്രിതമായത്. അക്കാലത്തു തന്നെ മലബാര്‍ കൂടി ചേര്‍ന്നിരുന്നുവെങ്കില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും നിയന്ത്രിക്കുന്നതാണ് സര്‍ക്കാറും കോണ്‍ഗ്രസുമെന്ന് ശങ്കര്‍ പറഞ്ഞേനേ. അതാണ് ഇന്ന് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. കേരളമെന്ന സംസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ ഹിന്ദുക്കള്‍ അവഗണന നേരിട്ട് വരികയാണ്. അത് അന്ന് ചൂണ്ടിക്കാണിക്കുകയും സ്വന്തം പ്രസ്ഥാനം രൂപവത്കരിക്കുകയും ചെയ്ത ശങ്കറിനെ ഈഴവ സമുദായത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തിരിച്ചെടുക്കാനും കെ പി സി സിയുടെ പ്രസിഡന്റ് സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും നല്‍കാനും കോണ്‍ഗ്രസ് തയ്യാറായി. സമുദായത്തിന് അധികാരത്തില്‍ അര്‍ഹമായ സ്ഥാനം നേടിക്കൊടുത്ത ശങ്കറിനെപ്പോലെ മറ്റേത് നേതാവുണ്ട്? ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യത്തെക്കുറിച്ച് ഇത്രയും ദീര്‍ഘ വീക്ഷണത്തോടെ ചിന്തിച്ച മറ്റേത് നേതാവുണ്ട്? സംഘ് പരിവാരത്തിനും വെള്ളാപ്പള്ളി നടേശനും മലയാളി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാവുന്ന ചോദ്യങ്ങള്‍ ധാരാളമുണ്ട്. അതിനൊരു അന്തരീക്ഷം, ‘ക്രൈസ്തവ കോണ്‍ഗ്രസായി’ മാറിക്കൊണ്ടിരിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആക്ഷേപിക്കുന്ന പാര്‍ട്ടിയുടെ നേതാവായ മുഖ്യമന്ത്രിയെ ഒഴിവാക്കി നിര്‍ത്തുന്നതിലൂടെ ലഭിക്കുമെന്ന് സംഘ് ബുദ്ധി കണക്ക് കൂട്ടിയിട്ടുണ്ടാകണം.
വര്‍ഗീയ വിഷം ഏറിയും കുറഞ്ഞും ഉണ്ടായിരുന്നുവെങ്കിലും ഭരണാധികാരി, സംഘാടകന്‍ എന്നീ നിലകളില്‍ ശങ്കര്‍ പ്രതിഭയായിരുന്നു. വിദ്യാഭ്യാസ – ധനകാര്യ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ച നേതാവ്. ഈ മഹത്വം ഉയര്‍ത്തിക്കാട്ടി, പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്നു ശങ്കറെന്ന് വാദിച്ച് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ രംഗത്തുവരുമെന്ന് സംഘ് പരിവാരത്തിന് അറിയാം. സോളാറും ബാറുമൊക്കെയായി പ്രതിച്ഛായയില്‍ സാരമായ ഇടിവ് നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജനശ്രദ്ധ തിരിക്കാന്‍ പാകത്തിലൊരു വിഷയമായി ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നുള്ള ഒഴിവാക്കല്‍ ഇട്ടുകൊടുത്തതിന്റെ കാരണവും ഇതൊരു ചര്‍ച്ചയായി ഉയര്‍ന്നുവരണമെന്ന ലക്ഷ്യത്തോടെയാണ്. ചര്‍ച്ചകളുയരുകയും ശങ്കറിന്റെ മഹത്വ ഘോഷണം സീമകളെ ലംഘിച്ച് മുന്നേറുകയും ചെയ്യുമ്പോള്‍ അതേ മഹാന്‍ തന്നെയാണ് ഹിന്ദുക്കള്‍ ഇവിടെ അവഗണിക്കപ്പെടുകയാണെന്നും അത് പരിഹരിക്കാന്‍ ഹിന്ദു മഹാമണ്ഡലമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടത് എന്നും മറുപടി നല്‍കാന്‍ സംഘ്പരിവാരത്തിനും വെള്ളാപ്പള്ളി നടേശനും സംഘത്തിനും സാധിക്കും. ഭൂരിപക്ഷ ഐക്യം ഇനിയുമുണ്ടായില്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ശങ്കര്‍ ചൂണ്ടിക്കാട്ടിയ അവഗണന ഇനിയങ്ങോട്ടും തുടരാന്‍ ഇടയാകുമെന്ന തോന്നല്‍ ജനങ്ങളുടെ മനസ്സില്‍ സൃഷ്ടിക്കാനും സാധിക്കും.
ഒരു വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും അതിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുക എന്നത് സംഘ്പരിവാരം പതിവായി പ്രയോഗിക്കുന്ന തന്ത്രമാണ്. കശ്മീരിന്റെ പ്രത്യേക പദവി, ഏകീകൃത സിവില്‍ കോഡ് എന്ന് തുടങ്ങി സംഘ്പരിവാരത്തിന്റെ ഇഷ്ട വിഷയങ്ങളില്‍ പലതും ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നത് പലപ്പോഴും ഈ രീതിയിലാണ്. അതിന്റെ മറ്റൊരു മാതൃകയാണ് കേരളത്തില്‍ പരീക്ഷിക്കപ്പെടുന്നത്. അത് നടപ്പാക്കാന്‍ വെള്ളാപ്പള്ളിയെ ഉപയോഗിക്കുന്നുവെന്ന് മാത്രം. ബി ജെ പിയുമായുള്ള രാഷ്ട്രീയ സഖ്യമല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലാത്ത വെള്ളാപ്പള്ളിക്കും തുഷാറിനും ഇതൊക്കെ അനുസരിക്കുകയല്ലാതെ മറ്റുവഴിയില്ല.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള യോഗ്യത സംബന്ധിച്ച തര്‍ക്കങ്ങളില്‍ കഴമ്പില്ല. സോളാര്‍, ബാര്‍ കോഴകളില്‍ ആരോപണങ്ങളുടെ മുന ഉമ്മന്‍ ചാണ്ടിയിലേക്ക് നീളുന്നുണ്ട്. അത്രയേയുള്ളൂ. ഒരു കേസും നിലവിലില്ല. വംശഹത്യക്ക് മുന്നിട്ടിറങ്ങിയ അക്രമികള്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്നോ അക്രമികളില്‍ നിന്ന് സഹായം തേടിയുള്ള അഭ്യര്‍ഥനകളെ മനഃക്ലേശമില്ലാതെ നിരസിച്ചുവെന്നോ നിരപരാധികളെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നോ ഉള്ള ആരോപണങ്ങളൊന്നും ഉമ്മന്‍ ചാണ്ടി നേരിടുന്നില്ല. ഇതൊക്കെയും ആരോപണങ്ങള്‍ മാത്രമാണ്, കേസൊന്നും നിലവിലില്ല. വെള്ളാപ്പള്ളി നടേശന്‍ തന്നെയും ആരോപണങ്ങള്‍ നേരിടുന്നുണ്ടല്ലോ, അദ്ദേഹത്തിന് മേല്‍ കേസുകളുണ്ട് താനും.