കേരള നഗര – ഗ്രാമാസൂത്രണ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Posted on: December 14, 2015 11:44 pm | Last updated: December 14, 2015 at 11:44 pm

Niyamasabhaതിരുവനന്തപുരം: സംസ്ഥാനത്തെ നഗര – ഗ്രാമ പ്രദേശങ്ങളുടെ ആസൂത്രിത വികസനം പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ച തടസപ്പെട്ടു. വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് നഗര-ഗ്രാമാസൂത്രണ ബോര്‍ഡും സംസ്ഥാനത്തിന് വേണ്ടി പ്രത്യേക വീക്ഷണപദ്ധതിയും രൂപവത്കരിക്കുന്ന കാര്യം വ്യവസ്ഥചെയ്യുന്നതാണ് 2015ലെ കേരള നഗര-ഗ്രാമാസൂത്രണ ബില്‍.
മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ നഗരകാസൂത്രണം, പഞ്ചായത്ത് വകുപ്പുകളുടെ ചുമലയുള്ള മന്ത്രിമാര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരിക്കും. സംസ്ഥാനത്തെ തദ്ദേശവകുപ്പിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ബോര്‍ഡിന്റെ എക്‌സ് ഓഫീഷ്യോ മെമ്പര്‍ സെക്രട്ടറിയും ചീഫ് ടൗണ്‍ പ്ലാനര്‍ ജോയിന്റ് സെക്രട്ടറിയുമായിരിക്കും. റെയില്‍വേ, സിവില്‍ ഏവിയേഷന്‍, ഷിപ്പിംഗ്, പ്രതിരോധം, ഗതാഗതം, വാര്‍ത്താവിനിമയം, പരിസ്ഥിതി-നഗര-ഗ്രാമവികസനം മുതലാവ കേന്ദ്രമന്ത്രാലയങ്ങളുടെ ചുമതലയുള്ളവരെ യോഗത്തില്‍ പ്രത്യേകക്ഷണിതാക്കളാക്കാം. ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഭൂമി വികസനത്തിനായി ആസൂത്രണം ചെയ്യുന്നത് സംബന്ധിച്ച നയരൂപവത്കരണവിഷയങ്ങളില്‍ സര്‍ക്കാറിനെ ഉപദേശിക്കുകയാണ് ബോര്‍ഡിന്റെ പ്രധാനകര്‍ത്തവ്യമെന്ന് ബില്‍ അനുശാസിക്കുന്നു.
സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ട പ്രത്യേക വീക്ഷണ പദ്ധതി തയാറാക്കേണ്ടതും ഇതേ ബോര്‍ഡാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് വകുപ്പുകളുടെയും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുക. 20 വര്‍ഷത്തെ വികസനം മുന്‍നിര്‍ത്തിയുള്ള പ്ലാന്‍ തയ്യാറാക്കുക. അടിസ്ഥാന സൗകര്യ വികസനം, ഭൗതികവും പ്രകൃതിദത്തവുമായ വിഭവങ്ങളുടെ ഉപയോഗസാധ്യതകളും അവരുടെ വിനിയോഗവും, പ്രകൃതിദുരന്താസാധ്യതാ പ്രദേശങ്ങള്‍, പാരിസ്ഥിതികവും ആവാസവ്യവസ്ഥാപരമായും ദുര്‍ബലമായ പ്രദേശങ്ങള്‍, ദേശീയ സംസ്ഥാനതലത്തിലുള്ള പൈതൃകസമ്പത്ത് പ്രദേശങ്ങള്‍ എന്നിവയുടെയെല്ലാം സംരക്ഷണം, വ്യാപാര-വാണിജ്യ-വ്യവസായ വികസനം നടപ്പിലാക്കുന്നതിനുള്ള ധനവിഭവസമാഹരണം എന്നിവയെല്ലാം ഈ ബോര്‍ഡിന്റെ ചുമതലകളാണ്.
സംസ്ഥാനത്തിന്റെ പഞ്ചവസരപദ്ധതിയുമായി യോജിച്ചു നടപ്പാക്കുന്ന രീതിയിലാവണം വീക്ഷണ പദ്ധതി തയാറാക്കേണ്ടത്. ജില്ലകള്‍ക്ക് വേണ്ടിയും പ്രത്യേക സമിതിയും പദ്ധതിയും തയാറാക്കും. മെട്രോപൊളിറ്റന്‍ പ്രദേശങ്ങളുടെ വികസനത്തിനായും പ്രത്യേക വികസന അതോറിട്ടികള്‍ രൂപീകരിക്കും. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികേന്ദ്രീകൃതാസൂത്രണത്തില്‍ കൈ കടത്തുവാന്‍ പുതിയ നിയമം അനുവദിക്കുന്നില്ലെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ബില്‍ വ്യാഴാഴ്ച നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വരും.