Connect with us

Kerala

പ്രസംഗ പരിഭാഷ തെറ്റിച്ച കെ സുരേന്ദ്രനെ മോദി ഇടപെട്ട് മാറ്റി

Published

|

Last Updated

തൃശൂര്‍: പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ തെറ്റ് വരുത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മോദി ഇടപെട്ട് മാറ്റി. തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണ് മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. മോദി പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ തന്നെ സുരേന്ദ്രന്‍ തെറ്റുവരുത്തിയത് പരിപാടിയുടെ തുടക്കത്തില്‍ തന്നെ കല്ലുകടിയായി. പ്രധാനമന്ത്രിയായ ശേഷം കേരളത്തിലെത്താന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. എന്നാല്‍ പരിഭാഷപ്പെടുത്തിയ സുരേന്ദ്രന്‍ ക്ഷമ ചോദിക്കുന്നു എന്ന ഭാഗം വിഴുങ്ങി പകരം ഇപ്പോള്‍ വന്നതില്‍ അതിയായ സന്തോഷമുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയത്.

ശബരിമല സന്ദര്‍ശനത്തോടെ കേരള സന്ദര്‍ശനം തുടങ്ങാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും പക്ഷെ അത് നടന്നില്ലെന്നും മോദി പറഞ്ഞു. എന്നാല്‍ സുരേന്ദ്രന്റെ പരിഭാഷയില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല. കേരളത്തില്‍ വലിയ മാറ്റം നടക്കുന്ന ഘട്ടത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ. ഇതോടെ അമളി മനസ്സിലായ മോദി ഇടപെട്ട് സുരേന്ദ്രനെ പരിഭാഷക സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.