ഹൃദയാഘാതം മൂന്ന് മാസം മുമ്പ് അറിയാം; മലയാളി വികസിപ്പിച്ച ഉപകരണത്തിന് പേറ്റന്റ്

Posted on: December 14, 2015 10:48 am | Last updated: December 14, 2015 at 11:53 am
SHARE

ali story photo 2ദോഹ: മനുഷ്യ ശരീരത്തില്‍ ഹൃദയാഘാത സാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഉപകരണം ലോക പേറ്റന്റിന് സമര്‍പ്പിച്ചു. കാസര്‍കോട് സ്വദേശിയായ യുവ ശാസ്ത്രജ്ഞന്‍ ഡോ. മുഹമ്മദ് ശാകിര്‍ വികസിപ്പിച്ച ആക്ടീവ് സെന്‍സ് എന്നു പേരിട്ട സാങ്കേതികവിദ്യക്ക് ഇതിനകം മലേഷ്യന്‍ പേറ്റന്റ് ലഭിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ വിപണിയില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്ന ഡിവൈസിന് 500 ഖത്വര്‍ റിയാല്‍ (ഏകദേശം 9,000 ഇന്ത്യന്‍ രൂപ) വില വരും. ലോക മെഡിക്കല്‍ മേഖലക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നു പ്രതീക്ഷിക്കുന്ന സാങ്കേതികവിദ്യയാണ് ഖത്വറിലെ മലയാളി ശാസ്ത്രജ്ഞന്‍ വികസിപ്പിച്ചത്. ഇ സി ജി, ഇ ഇ ജി സംവിധാനങ്ങള്‍ സംയോജിപ്പിച്ച് ഫസ്സി ലോജിക് ഉപയോഗിച്ചാണ് ശരീരത്തില്‍ ഘടിപ്പിക്കുന്ന ഡിവൈസ് അറ്റാക്കിനുള്ള സാധ്യത കണ്ടെത്തുക. ഹൃദയ മിടിപ്പില്‍ വരുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും നേരത്തേ അറിയുകയും ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച സ്മാര്‍ട്ട് ഫോണില്‍ സന്ദേശമായും വൈബ്രേഷനായും അറിയിക്കുകയും ചെയ്യും. റിപ്പോര്‍ട്ട് നേരേ ഹോസ്പിറ്റലുകളിലേക്ക് കൈമാറി അവിടെ നിന്നും രോഗസാധ്യതയുള്ളവര്‍ക്ക് നല്‍കി മുന്‍കരുതല്‍ സ്വീകരിക്കാവുന്ന സൗകര്യവുമുണ്ട്. മനുഷ്യശരീരത്തില്‍ അറ്റാക്ക് സിഗ്നലുകള്‍ നേരത്തേ പ്രകടമാകുമെന്നും ഇതു കണ്ടെത്താനുള്ള സംവിധാനമാണ് വികസിപ്പിച്ചതെന്നും ഡോ. ശാകിര്‍ പറഞ്ഞു. മൂന്ന് ഇഞ്ച് നീളവും ഒന്നര ഇഞ്ച് വീതിയുമുള്ള ഉപകരണം നെഞ്ചിലോ കൈത്തണ്ടയിലോ പുറത്തേക്ക് അറിയാത്ത രീതിയില്‍ ഘടിപ്പിക്കാം.

DR.Shakir
മലേഷ്യയിലെ പെട്രോണാസ് യൂനിവേഴ്‌സിറ്റിയില്‍ ബയോ മെഡിക്കല്‍ സിസ്റ്റംസില്‍ ഗവേഷണം നടത്തുന്ന ഡോ. ശാകിര്‍ നാല് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ഡിവൈസ് വികസനം വിജയകരമായി പൂര്‍ത്തിയാക്കിയത്. മലേഷ്യ, അമേരിക്ക, ലണ്ടന്‍, ഖത്വര്‍ എന്നിവിടങ്ങളില്‍ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കുകയും പരീക്ഷിക്കുകും ചെയ്തു. വിശദമായ പരിശോധനക്കു ശേഷമാണ് മലേഷ്യന്‍ പേറ്റന്റ് ഓഫീസിന്റെ അംഗീകാരം ലഭിച്ചത്. അമേരിക്കന്‍ പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. ഇതു ലഭിക്കുന്നതോടെ ഉപകരണം വിപണിയില്‍ ലഭ്യമാക്കും. ചൈനയിലെ മാനുഫാക്ച്വറിംഗ് കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സെന്‍സറിന്റെ വില കുറക്കാന്‍ കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ഇനിയും കുറഞ്ഞ വിലയില്‍ ഉപകരണം ലഭ്യമാക്കാം. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ പത്ത് ദിവസം വരെ പ്രവര്‍ത്തിക്കും.
രോഗം വന്നശേഷം അതിന്റെ തോത് പരിശോധിക്കാനുള്ള സംവിധാനമാണ് ലോകത്ത് നിലവിലുള്ളതെന്ന് ശാകിര്‍ പറഞ്ഞു. രേഗസാധ്യത നേരത്തേ കണ്ടെത്താനുള്ള സംവിധാനം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 10 ലക്ഷത്തിലധികം പേര്‍ ഹൃദയാഘാതം മൂലം മരിക്കുന്ന സാഹചര്യമാണ് ഇത്തരം ഒരു അന്വേഷണത്തിനു പ്രേരിപ്പിച്ചത്. ആദ്യം അറ്റാക്ക് കണ്ടെത്താന്‍ കഴിയുന്ന ആല്‍ഗരിതം കണ്ടുപിടിച്ചു പരീക്ഷിച്ചു. ഫലപ്രദമായതിനെത്തുടര്‍ന്ന് ഉപകരണമായി വികസിപ്പിച്ചു. ഗവേഷണവുമായി ബന്ധപ്പെട്ട് മലേഷ്യയില്‍ 17 പ്രബന്ധങ്ങളും ലോകവ്യാപകമായി 27 പ്രബന്ധങ്ങളും അവതരിപ്പിച്ചു.
നേരത്തെ കാമല്‍ ജോക്കികള്‍ക്കു പകരമായി ഉപയോഗിക്കുന്ന റോബോട്ടുകളെ വികസിപ്പിച്ച് ലോക ശ്രദ്ധനേടിയ ഡോ. ശാകിര്‍ വ്യത്യസ്തമായ ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ഖത്വര്‍ ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ഡോ. ശാകിര്‍ വികസിപ്പിച്ച റോബോട്ടിക് കാമല്‍ജോക്കികളാണ് ഇപ്പോള്‍ ജി സി സി രാജ്യങ്ങളില്‍ ഒട്ടകങ്ങളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.
കാസര്‍കോട് സഅദിയ്യയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശാകിര്‍ കുറ്റിപ്പുറം എം ഇ എസില്‍നിന്ന് ഇലക്ട്രിക് എന്‍ജീനീയറിംഗില്‍ ബി ടെക് ബിരുദം നേടി. തുടര്‍ന്ന് അമേരിക്കയില്‍നിന്ന് റോബോട്ടിക്കില്‍ പി എച്ച് ഡി സ്വന്തമാക്കി. ഏഴ് വര്‍ഷം മുമ്പ് ഖത്വറിലെത്തി. ഇപ്പോള്‍ ഖത്വര്‍ എയര്‍വേയ്‌സ് ട്രൈനിംഗ് ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ഡോ. ശാകിര്‍.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here