നാട്ടിന്‍ പുറം യാത്രകളാല്‍ സമൃദ്ധം…

Posted on: December 14, 2015 3:44 am | Last updated: December 13, 2015 at 10:46 pm

yathraഇനി യാത്രയാണ്. കാശിക്കാണോ, ഏയ്, അല്ല, അനന്തപുരിയിലേക്കാണ്. തിരഞ്ഞെടുപ്പാണ് വരുന്നത്. നാട്ടുകാരെ ഒന്നിളക്കണ്ടേ? യാത്ര തുടങ്ങിയാല്‍ ഇനി വാര്‍ത്തകള്‍ക്ക് ക്ഷാമമുണ്ടാകില്ല. ക്യാപ്റ്റനും ജാഥക്കൊപ്പമുള്ളവരും ഓരോന്ന് പറയും. വിവാദമാകും. അന്ന് ചാനല്‍ ചര്‍ച്ച അതായിരിക്കും. നാലഞ്ച് പേരിരുന്ന് ഒരു അലക്കലാണ്. അവസാനം എന്തായി എന്ന് ചോദിക്കരുത്. ചാനലുകള്‍ക്ക് സമയം കൊല്ലാനുള്ള വഴിയായി എന്ന് ചുരുക്കം.
ഒരു യാത്ര ദാ ഇപ്പോ കഴിഞ്ഞതേയുള്ളൂ. സമത്വ സുന്ദര യാത്ര. വെള്ളാപ്പള്ളിയായിരുന്നു. വലിയ ഭാരവുമായാണ് യാത്ര തുടങ്ങിയത് തന്നെ. സ്വാമിയുടെ മരണവും മൈക്രോഫിനാന്‍സ് അഴിമതിയും കൂടെതന്നെയുണ്ട്. ഇടയില്‍ ജാതിയും മതവും കൂട്ടിക്കലര്‍ത്തി തരം പോലെ. ഒരു ജാതി യാത്ര. ജാഥ കഴിഞ്ഞപ്പോള്‍ പുതിയ പാര്‍ട്ടിയുമായി. ഇനി ചിഹ്നം കിട്ടിയാല്‍ അടുത്ത തിരഞ്ഞെടുപ്പിനിറങ്ങാം.
അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഓരോരുത്തരായി ഇറങ്ങുന്നത്. കലക്കി മീന്‍ പിടിക്കാനാണ്. സുധീരനുണ്ട് ഖദര്‍ അലക്കിത്തേച്ച് ഒരുങ്ങുന്നു. ഒരു അലക്ക് അലക്കാനാണ്. സൂക്ഷിക്കണേ, കാസര്‍ക്കോട് വണ്ടിയിലുണ്ടായിരുന്നവനെ യാത്ര അവസാനിക്കുമ്പോള്‍ കണ്ടെന്നു വരില്ല. പിന്നാലെ പിണറായി വരുന്നുണ്ട്. മിനിറ്റുകള്‍ കൊണ്ട് ലക്ഷത്തിലധികം പിരിച്ചവനാണ്. അങ്ങ് അനന്തപുരിയിലെത്തുമ്പോള്‍ ആരൊക്കെയാകും കൂടെയുണ്ടാകുക? കോഴിക്കോട്, കൊട്ടാരക്കര വഴിയല്ലേ യാത്ര? പലരും വലിഞ്ഞു കേറിയേക്കും
വല്യേട്ടന്‍ ജാഥ കഴിഞ്ഞാല്‍ ചെറിയേട്ടനും ജാഥ നടത്താന്‍ മോഹമുണ്ട്. കുഞ്ഞാലിക്കുട്ടിയും വരുന്നു യാത്രയുമായി. ബി എസ് പി ജാഥയുണ്ട്. യുവ ജനതാദളക്കാരുടെ ജാഥ കാണാനും ഭാഗ്യമുണ്ട് ഈ കേരളക്കരക്ക്. കേരളം യാത്രകളാല്‍ സമൃദ്ധം. ഫഌക്‌സുകളാല്‍ സമൃദ്ധം.
മാര്‍ച്ചാണ് വരാന്‍ പോകുന്നത്. യാത്രയയപ്പുകളുടെ കാലം. വിദ്യാലയങ്ങളില്‍ അമ്പത്താറായവര്‍ വിരമിക്കും. യാത്രയയപ്പ് വേണം. ഉദ്ഘാടനത്തിന് മന്ത്രി ഉണ്ടെങ്കില്‍ നന്നായി. ഇപ്പോഴേ ബുക്ക് ചെയ്താല്‍ മന്ത്രിയെ കിട്ടും.
മന്ത്രിയായിരുന്ന മാണിക്ക് നേരത്തെ തന്നെ യാത്രയയപ്പ് നല്‍കി. ഇനി ബാബുവിന്റെ കാര്യമാണ്. പെട്ടിയൊക്കെ ഒരുക്കി വെച്ചോളൂ. എപ്പോഴാണ് വിളി വരികയെന്നറിയില്ല. ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ, ഇനിയൊരു വിശ്രമമെവിടെച്ചെന്നോ എന്ന പാട്ട് മൂളി…. യാത്രയാകാമല്ലോ.
അച്യുതാനന്ദന്‍ ഇനി മത്സരിക്കുമോ അതോ യാത്രയയപ്പോ? പാര്‍ട്ടിയാണ് തീരുമാനിക്കുക. റിട്ടയര്‍മെന്റ് ഇല്ല എന്നാണ് പറയുന്നത്. പക്ഷേ, ഒന്നും പറയാന്‍ പറ്റില്ല. മത്സരിക്കേണ്ട എന്ന് തീരുമാനിച്ചപ്പോഴൊക്കെ മത്സരിച്ച ചരിത്രമാണുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ കാര്യമോ? എന്തായാലും മുന്നണിയെ നയിക്കാനുണ്ടാകില്ല. ആകെ നാറി നില്‍ക്കുകയല്ലേ. സോളാറല്ലേ ഇപ്പോഴും. കത്തി നില്‍ക്കുകയാണ്. ഇപ്പോള്‍ സി ഡിയാണ് താരം. സി ഡിക്കായുള്ള യാത്രകള്‍. അതി വേഗം ബഹുദൂരം.
ചെറിയ പാര്‍ട്ടികളുടെ കാര്യം. അവ കേരളയാത്രക്കൊന്നുമില്ല. അതിനുള്ള കരുത്തും കരവിരുതുമില്ല. വണ്ടിയില്‍ കേറി നാട് നീളെ തെണ്ടണം. അതുമിതും പറയണം. അതിനൊന്നും വയ്യ. ഏറിയാല്‍ മുന്നണി വിട്ട് അപ്പുറത്തെ മുന്നണിയിലേക്ക് ഒരു ചെറിയ യാത്ര. മുഖ്യ നേതാവിനെ കാണുന്നു. വണങ്ങുന്നു, കൈ പിടിക്കുന്നു. കഴിഞ്ഞു ചടങ്ങുകള്‍. പറഞ്ഞതെല്ലാം അടച്ചു വെച്ച് പുതിയ മുന്നണിയില്‍. നാല് സീറ്റ് കിട്ടിയാല്‍ അത് മതി. അടുത്ത അഞ്ച് കൊല്ലം സുഖമായി!