മതേതരത്വ പ്രതിസന്ധിയുടെ മൂലകാരണം അന്വേഷിക്കുമ്പോള്‍

ദീര്‍ഘകാലത്തെ ചെറുത്തുനില്‍പ്പുകളും പരസ്പരാക്രമണങ്ങളും ജയാപജയങ്ങളും പിന്നിട്ടതിനു ശേഷമുള്ള സഹവര്‍ത്തിത്തമാണ് ഇന്നിവിടെ ചിലര്‍ കൊട്ടിഘോഷിക്കുന്ന ഹിന്ദുമതം. നാനാത്വത്തിലെ ഏകത്വം, ഏകത്വത്തിലെ നാനാത്വം എന്നൊക്കെ പറയുന്ന ഭംഗിവാക്കുകള്‍ കൊണ്ടു മൂടി വെക്കാവുന്നവയല്ല ഏകീകൃത ഹിന്ദുത്വം അഥവാ ബ്രാഹ്മണ ഹിന്ദുത്വം ഈ നാട്ടില്‍ സൃഷ്ടിച്ച ബലപ്രയോഗത്തിന്റെയും രക്തം ചിന്തലിന്റെയും ചരിത്രം. ശൈവചാര്‍വാക ശാക്തേയ മതങ്ങളെ സാംശീകരിച്ച അതേ ലാഘവത്തോടെ ദ്രാവിഡ മതസംസ്‌കൃതിയെ സാംശീകരിക്കാന്‍ ആര്യന്‍ ഹിന്ദു മതത്തിനായില്ല. ക്രൈസ്തവ, ഇസ്‌ലാം മതങ്ങളെയോ മറ്റു മതേതര പ്രത്യയശാസ്ത്രങ്ങളെയോ ഉള്‍ക്കൊള്ളാന്‍ ആര്യന്‍ ആക്രമണകാരികളുടെ മതമെന്നു വിശേഷിപ്പിക്കാവുന്ന ആര്യന്‍ വൈഷ്ണവതക്കു കഴിയാതെ പോയി എന്നതാണ് ഇന്നു നമ്മള്‍ നേരിടുന്ന മതേതരത്വ പ്രതിസന്ധിയുടെ മൂലകാരണം.
Posted on: December 14, 2015 5:41 am | Last updated: December 13, 2015 at 10:44 pm

secularനായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമസ്ത ജാതിക്കോമരങ്ങളെയും ഒരേ കട്ടിലില്‍ കിടത്തിയേ അടങ്ങൂ എന്ന വാശിയില്‍ വെള്ളാപ്പള്ളി തുടങ്ങിയ സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതിന് മുമ്പാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇങ്ങനെ പറഞ്ഞത്: ഭരണഘടനയിലെ’മതേതരത്വം എന്ന വിശേഷണം ഒരു പില്‍ക്കാല കൂട്ടിചേര്‍ക്കലാണ്. മതേതരത്വം – മതനിരപേക്ഷത ഇത്തരം പ്രയോഗങ്ങളെക്കാള്‍ അര്‍ഥവത്താകുക മതനിക്ഷ്പക്ഷത എന്ന വിശേഷണമാണ്. ഈ രണ്ടു പേരുടെയും ഉള്ളിലിരുപ്പ് ഏറെക്കുറെ പുറമെ പറഞ്ഞതിന്റെ നേര്‍വിപരീതമാണെന്ന കാര്യം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ക്ഷണമാത്രയില്‍ ബോധ്യപ്പെടുന്നതേയുള്ളൂ. നായാടിയെ നായാടിയായും നമ്പൂതിരിയെ നമ്പൂതിരിയായും നിലനിര്‍ത്തുക, ഈ പരിശ്രമത്തിനുള്ളില്‍ ചുളുവില്‍ ഇന്നലെ വരെ നമ്പൂതിരി കിടന്നിരുന്ന കട്ടിലില്‍ ഈഴവരെ കിടത്തുക മറ്റു ജാതി സമൂഹങ്ങളെക്കൊണ്ട് ഈഴവന്റെ പാദസേവ നടത്തുക ഇതാണ് വെള്ളാപ്പള്ളി ലക്ഷ്യമാക്കുന്നതെന്ന് എല്ലാ എസ് എന്‍ ഡി പിക്കാര്‍ക്കും അറിയാം. അതുപോലെ തന്നെ രാജ്‌നാഥ് സിംഗിന്റെ മതനിക്ഷ്പക്ഷത എന്നാല്‍ ക്രൈസ്തവ, ഇസ്‌ലാം, സിഖ്, മാര്‍ക്‌സിസ്റ്റ് വിഭാഗങ്ങള്‍ പുറത്തുനിന്ന് വന്നവരാണെന്നും ഇന്ത്യ എന്നാല്‍ ഹിന്ദുക്കളുടെ നാടാണെന്നും ഹിന്ദുക്കള്‍ എന്നാല്‍ ബ്രാഹ്മണഹിന്ദുത്വം ചൊല്ലിക്കൊടുക്കുന്ന പാഠങ്ങളെ ഏറ്റു പറയുന്നവര്‍ മാത്രമാണെന്നും ആണ്.
വെള്ളാപ്പള്ളിയും രാജ്‌നാഥ് സിംഗും ഒരേ നുകത്തിനു കീഴില്‍ തളയ്ക്കപ്പെട്ട രണ്ട് മൃഗങ്ങളെപ്പോലെ ഹിന്ദു ഐക്യത്തിന്റെ രഥം വലിക്കുന്നതു കാണാന്‍ നല്ല ശേലുണ്ട്. ആരാണീ ഹിന്ദു? എന്താണീ ഹിന്ദു ഐക്യം? സിന്ധു എന്ന വാക്കില്‍ നിന്നത്രെ ഹിന്ദു എന്ന പദം നിഷ്പന്നമായത്.’സിന്ധു എന്ന വാക്കിന്റെ പേര്‍ഷ്യന്‍ ഉച്ചാരണമാണ് ഹിന്ദു. ശൈവ മതം, വൈഷ്ണവ മതം, ചാര്‍വാക മതം, ശാക്തേയ മതം തുടങ്ങിയ അനേക മതങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ഹിന്ദു മതം. ഇതുതന്നെ ഒരൊറ്റ ദിവസം കൊണ്ടോ ഒരു ശതാബ്ദം കൊണ്ടോ സംഭവിച്ച ഒരു പ്രതിഭാസമായിരുന്നില്ല. ദീര്‍ഘകാലത്തെ ചെറുത്തുനില്‍പ്പുകളും പരസ്പരാക്രമണങ്ങളും ജയാപജയങ്ങളും പിന്നിട്ടതിനു ശേഷമുള്ള സഹവര്‍ത്തിത്തമാണ് ഇന്നിവിടെ ചിലര്‍ കൊട്ടിഘോഷിക്കുന്ന ഹിന്ദുമതം. നാനാത്വത്തിലെ ഏകത്വം, ഏകത്വത്തിലെ നാനാത്വം എന്നൊക്കെ പറയുന്ന ഭംഗിവാക്കുകള്‍ കൊണ്ടു മൂടി വെക്കാവുന്നവയല്ല ഏകീകൃത ഹിന്ദുത്വം അഥവാ ബ്രാഹ്മണ ഹിന്ദുത്വം ഈ നാട്ടില്‍ സൃഷ്ടിച്ച ബലപ്രയോഗത്തിന്റെയും രക്തം ചിന്തലിന്റെയും ചരിത്രം. ഇതിനെയെല്ലാം വെള്ളപൂശി ഇവിടെ ഏതോ ഒരു കാലത്ത് ഒരു ഏകീകൃത ഹിന്ദുമതം നിലവിലുണ്ടായിരുന്നുവെന്നും ഈ ഏകശിലാ നിര്‍മിത ഹിന്ദുത്വത്തെ ശിഥിലമാക്കിയത് പുറത്തു നിന്നു കടന്നുവന്ന ക്രൈസ്തവ, ഇസ്‌ലാം മതങ്ങളും മാര്‍ക്‌സിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളുമാണെന്നും ഉള്ള തെറ്റായ പ്രബോധനം യുവതലമുറക്ക് എതിരായി നടത്തുന്ന പാതകമാണ്.
ശൈവചാര്‍വാക ശാക്തേയ മതങ്ങളെ സാംശീകരിച്ച അതേ ലാഘവത്തോടെ ദ്രാവിഡ മതസംസ്‌കൃതിയെ സാംശീകരിക്കാന്‍ ആര്യന്‍ ഹിന്ദു മതത്തിനായില്ല. ക്രൈസ്തവ, ഇസ്‌ലാം മതങ്ങളെയോ മറ്റു മതേതര പ്രത്യയശാസ്ത്രങ്ങളെയോ ഉള്‍ക്കൊള്ളാന്‍ ആര്യന്‍ ആക്രമണകാരികളുടെ മതമെന്നു വിശേഷിപ്പിക്കാവുന്ന ആര്യന്‍ വൈഷ്ണവതക്കു കഴിയാതെ പോയി എന്നതാണ് ഇന്നു നമ്മള്‍ നേരിടുന്ന മതേതരത്വ പ്രതിസന്ധിയുടെ മൂലകാരണം. അതുകൊണ്ടുകൂടിയാണ് ഭരണഘടനയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഡോ. ബി ആര്‍ അംബേദ്ക്കറുടെ മതസങ്കല്‍പവും പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട മതേതരത്വപരികല്‍പ്പനയുടെ ശരിയായ അര്‍ഥവും മനസ്സിലാക്കുന്നതിലും വിശദീകരിക്കുന്നതിലും രാജ്‌നാഥ് സിംഗിനെപ്പോലുള്ളവര്‍ ആശയവ്യക്തതയില്ലാത്ത വാദമുഖങ്ങള്‍ നിരത്തി മതേതരത്വം എന്ന വിശേഷണം തന്നെ ഭരണഘടനയില്‍ നിന്നു നീക്കം ചെയ്യണം എന്ന പ്രചാരവേലക്ക് തുടക്കം കുറിച്ചിരിക്കുന്നതും.
എല്ലാ മതങ്ങളും തുല്യം എന്നൊക്കെ പറഞ്ഞുപോകുമ്പോള്‍ ഈ തുല്യതാ വാദികള്‍ മറുപടി പറയേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. പ്രകൃത്യാരാധന, ലിംഗാരാധന, മൃഗാരാധന, വൃക്ഷാരാധന എന്നിവ എന്നതുപോലെ തന്നെ, അദൈ്വതവും ദൈ്വതവും വിശിഷ്ടദൈ്വതവും ശൈവാദൈ്വതവും, സാംഖ്യവും യോഗവും യജ്ഞവും ഒക്കെ മുഖമുദ്രകളാക്കിയ ഹിന്ദുമതത്തെ, ലോകമതങ്ങളുടെ ശ്രേണിയില്‍ എവിടെ പ്രതിഷ്ഠിക്കണം എന്ന കാര്യത്തില്‍ ഹിന്ദു ആചാര്യന്മാര്‍ തന്നെ തലതല്ലി തര്‍ക്കിക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ നായാടിയേയും കരിമ്പാലനെയും വേലനെയും വള്ളോനെയും പുള്ളവനെയും വേട്ടവനെയും പോലുള്ള നിത്യവൃത്തിക്കായി സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും ഇല്ലാത്ത നിരാലംബ ലക്ഷങ്ങളെ ഹിന്ദു ഐക്യത്തിന്റെ ഏതു കള്ളിയിലാണ് പ്രതിഷ്ഠിക്കുക? പണ്ട് ക്രിസ്ത്യന്‍ മിഷനറിമാര്‍ കടന്നുചെന്ന പ്രദേശങ്ങളിലെ ദരിദ്ര കര്‍ഷകരോടു പറഞ്ഞു: ‘ഞങ്ങളുടെ ബൈബിള്‍ നിങ്ങള്‍ക്കും നിങ്ങളുടെ ഭൂമി ഞങ്ങള്‍ക്കും.’ ഇതിന്റെ മറ്റൊരു മൊഴിമാറ്റമാണ് പാവപ്പെട്ട ജനവിഭാഗങ്ങളോട് ബി ജെ പിയും സംഘ്പരിവാര്‍ ശക്തികളും പറയുന്നത്. അവരുടെ പെട്ടിയും കിടക്കയും ചുമക്കുന്ന കാര്യസ്ഥന്‍ വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു ഐക്യത്തിന്റെ കാഹളം മുഴക്കുന്നു. ഇതൊരു കെണിയാണ്. ഇതില്‍ കുടുങ്ങുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വന്തം കക്ഷത്തിലിരിക്കുന്നതു പോകുകയും ചെയ്യും, ഉത്തരത്തിലിരിക്കുന്നത് എടുക്കാനും കഴിയില്ല.
എല്ലാം സ്വീകരിക്കുന്നതും എല്ലാറ്റിനെയും സംഗ്രഹിക്കുന്നതുമായ മതം എന്നാണ് സര്‍ മോണിയര്‍ വില്യംസ് ഹിന്ദു മതത്തെ നിര്‍വചിച്ചത് (Brahamanaism and Hinuism -Pv 11) ഒപ്പം അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു. കൃത്യമായ അര്‍ഥത്തില്‍ ഹിന്ദുമതം എന്നാല്‍ അത് ബ്രാഹ്മണ മതമാണ്. എന്നാലത് ബ്രാഹ്മണ മതം മാത്രമല്ല. ആയിരത്താണ്ടുകളിലൂടെ പരിണമിച്ച് വികസിച്ച സംസ്‌കാരമാണ്. സനാതന മതം എന്നു വിളിക്കപ്പെടുന്ന സംസ്‌കൃതിയാണ്. ഈ നിഗമനം ശരിവെക്കുന്നവരെന്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ജനസാമാന്യത്തിനു മുന്നില്‍ പുതുയുഗ വഴികാട്ടികളായി ആവിര്‍ഭവിച്ച പാഴ്‌സി, ക്രിസ്ത്യന്‍, ഇസ്‌ലാം മതങ്ങളെ വിദേശ മതങ്ങളെന്ന നിലയില്‍ അധിക്ഷേപിച്ചു മാറ്റി നിറുത്തുന്നത്. സ്വന്തം മണ്ണില്‍ മുളച്ചു വളര്‍ന്ന ജൈനബുദ്ധമതങ്ങളെപ്പോലും പുറംലോകത്തേക്കാട്ടിപ്പായിച്ചവര്‍, ഇന്ന് അസഹിഷ്ണതയുടെ അപ്പോസ്ഥലന്മാരായി അരങ്ങു തകര്‍ക്കുന്നു. അസഹിഷ്ണതയുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു. മതേതരത്വത്തിനു പുതിയ അര്‍ഥവിശേഷങ്ങള്‍ തേടുന്നു.
ക്രിസ്ത്യാനികളും മുസ്‌ലിംകളും പുറം രാജ്യങ്ങളില്‍ നിന്നുവന്നവരാണെങ്കില്‍ ബ്രാഹ്മണ ഹിന്ദു മതത്തിന്റെ സ്ഥാപകപിതാക്കന്മാരായ ആര്യന്മാര്‍ എവിടെ നിന്നു വന്നവരാണ്? ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ സാമൂഹിക ജീവിതക്രമമാണ് ആര്യന്മാര്‍ പിന്തുടര്‍ന്നത്. ആരെന്തു പറഞ്ഞാലും ചാതുര്‍വര്‍ണ്യം ലക്ഷ്യമാക്കിയ അധഃസ്ഥിത സമുദായങ്ങളുടെ മേല്‍ മേലേക്കിട സമുദായങ്ങള്‍ക്കുള്ള അവകാശാധികാരങ്ങള്‍ അരക്കിട്ടുറപ്പിക്കലായിരുന്നു. സഹസ്രാബ്ദങ്ങളോളം നിലനിന്ന ജാതിവ്യവസ്ഥക്കു വെള്ളവും വളവും നല്‍കിയത് ഹിന്ദുവര്‍ണാശ്രമ ധര്‍മമാണ്. ഇതൊരു യാഥാര്‍ഥ്യമായിരിക്കെ, ജാതി വ്യവസ്ഥയുടെ യാതനകള്‍ തലമുറയായി അനുഭവിക്കുന്ന ഇവിടുത്തെ പരശ്ശതം അവര്‍ണജാതിക്കാര്‍, എങ്ങനെ വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്രാപഥത്തില്‍ പൂക്കള്‍ വിരിക്കും? വെള്ളാപ്പള്ളി ഇവരെ നയിക്കുന്നത് 30 ശതമാനം വോട്ട് നേടി അധികാരത്തില്‍ വന്ന ഹിന്ദുത്വ ശക്തികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കാണെന്നറിയാനുള്ള വിവേകമൊക്കെ പിന്നാക്ക സമുദായംഗങ്ങള്‍ക്കുണ്ട്.
ഈ ലോകത്തിലെ ഒരു ഭൂപ്രദേശവും ആരുടെയും സ്വന്തമല്ല. എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. പിതൃഭൂമി, മാതൃഭൂമി എന്നൊക്കെയുള്ള സങ്കല്‍പ്പം തന്നെ, ബ്രാഹ്മണാധിനിവേശത്തിന്റെ സൃഷ്ടിയാണ്. ബ്രാഹ്മണാധിനിവേശത്തിന്റെ ആക്കം വര്‍ധിച്ചത് ക്രി. വ. 4-ാം നൂറ്റാണ്ടിലാണ്. എട്ടാം നൂറ്റാണ്ടോടെ ബ്രാഹ്മണ മതം കേരളത്തിന്റെ മതമായി തീര്‍ന്നതിന്റെ പിന്നില്‍ ഒട്ടേറെ അന്തര്‍നാടകങ്ങള്‍ ഉണ്ടെന്നാണ് ആധുനിക ചരിത്രഗവേഷകന്മാരുടെ നിഗമനം. ക്ഷേത്രങ്ങള്‍ക്കെന്ന പേരില്‍ ക്ഷേത്ര നടത്തിപ്പുകാര്‍ക്കും ഭൂമിദാനം ചെയ്യുന്ന പാരമ്പര്യത്തിനു അംഗീകാരം നേടുക വഴി ബ്രാഹ്മണര്‍ ഭൂവുടമകളായി മാറി. അങ്ങനെ ആയിരുന്നു കേരളത്തിലെ ജന്മിനാടുവാഴിത്ത വ്യവസ്ഥയുടെ ആവിര്‍ഭാവം. ഇവിടുത്തെ പട്ടികജാതി പട്ടികവര്‍ഗ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുഭവപ്പെടുന്ന സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ മൂലകാരണം ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ നിന്നവര്‍ പുറംന്തള്ളപ്പെട്ടു എന്നതായിരുന്നു. ചെറിയ തോതിലെങ്കിലും ഇന്നതവര്‍ക്കു വീണ്ടുകിട്ടിയിട്ടുണ്ടെങ്കില്‍ അതിന്നത്തെ ഈ ഐക്യദാഹികളുടെ ഔദാര്യം കൊണ്ടൊന്നുമല്ല, ഇവിടെ നടന്ന ശക്തമായ ഫ്യൂഡല്‍ വിരുദ്ധ കലാപങ്ങള്‍ കൊണ്ടു മാത്രമാണ്. ഫ്യൂഡലിസത്തിനെതിരായ സമരം അതിന്റെ അടുത്ത ഘട്ടമായ മുതലാളിത്ത വിരുദ്ധസമരത്തിലേക്കും സാമ്രാജ്യത്ത വിരുദ്ധസമരത്തിലേക്കും മുന്നേറുന്നതിനു തടയിടാനുള്ള പ്രതിലോമ നടപടികളാണ് ഇപ്പോള്‍ മുഴങ്ങി കേള്‍ക്കുന്ന ഹിന്ദു ഐക്യ കാഹളം വിളി.
ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിടത്തോളം കാലം, കേരളത്തില്‍ ജാതിവ്യവസ്ഥ വേരു പിടിക്കുകയുണ്ടായില്ല എന്നും പാണന്‍, പറയന്‍, ഉഴവന്‍, വില്ലവന്‍, പരവല്‍, ആയന്‍ തുടങ്ങിയ തൊഴിലധിഷ്ഠിത സമുദായങ്ങളാണിവിടെ ഉണ്ടായിരുന്നതെന്നും ഈ വാകജാതികള്‍ തമ്മില്‍ അയിത്തം പാലിച്ചിരുന്നില്ലെന്നും ഡോ. നെല്ലിക്കന്‍ മുരളീധരന്‍’കേരള ജാതി, വിവരണം’ എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നു.’ജാതിവ്യവസ്ഥയും കേരളസമൂഹവും എന്ന ഗ്രന്ഥത്തില്‍ പി കെ.ബാലകൃഷ്ണനും തത്തുല്യമായ നിഗമനത്തിലാണ് എത്തിച്ചേരുന്നത്.
ഹിന്ദുമതം, അത് ഇന്ത്യയിലെവിടെ ആയിരുന്നാലും അനേകം വംശീയതകളുടെയും ജാതിയതകളുടെയും വിശ്വാസങ്ങളുടെയും സംഗമസ്ഥാനമാണ്. ക്ഷേത്രപ്രവേശം പോലും നിഷേധിക്കപ്പെട്ടു കഴിഞ്ഞിരുന്ന പട്ടിക ജാതി – പട്ടിക വര്‍ഗങ്ങളും ഹിന്ദുക്കളാണെന്ന സ്വയം വിചാരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ല. ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ബഹുജനവിരുദ്ധമായ താണ്ഡവത്തെ ഒരു ഘട്ടത്തില്‍ തടഞ്ഞു നിറുത്തിയിരുന്നത് ബുദ്ധമതം ആയിരുന്നു. അതിനവര്‍ മുന്തിയ വില തന്നെ നല്‍കേണ്ടി വന്നു. പിറന്ന മണ്ണില്‍ നിന്നവര്‍ തൂത്തു മാറ്റപ്പെട്ടു. എതിര്‍ത്തു നിന്ന നാട്ടു ഭരണാധികാരികളുടെ തലകള്‍ ഹിമാലയം മുതല്‍ കന്യാകുമാരി വരെ ഉരുണ്ടു. ഹിന്ദുദൈവത്തിന്റെ വേഷം കെട്ടി വന്ന ദൈവങ്ങള്‍, മഹാബലിയെപ്പോലുള്ള സമത്വസുന്ദരഭരണം നടത്തിയിരുന്ന നാട്ടുരാജാക്കന്മാരെ പാതാളത്തിലേക്കു ചവുട്ടിതാഴ്ത്തി അവര്‍ക്ക് മോക്ഷം നല്‍കി. പരശുരാമ കഥയിലായാലും മഹാബലിക്കഥയിലായാലും തത്തുല്യമായ മറ്റനേക കഥകളിലും മിത്തും യാഥാര്‍ഥ്യവും ഇഴപിരിഞ്ഞു കിടക്കുന്നു. എല്ലാ കഥകളുടെയും പൊതുഘടകം ഉപരിവര്‍ഗ ഹൈന്ദവതയുടെ പരമത അസഹിഷ്ണുതയും മനുഷ്യത്വ രഹിതമായ സ്വഭാവവിശേഷങ്ങളുമത്രെ. ബുദ്ധമതത്തിനു പിന്നാലെ ഇവിടുത്തെ സാമാന്യജനത്തിന്റെ രക്ഷക്കെത്തിയത് സമാധാനത്തിന്റെ മതമായ ഇസ്‌ലാമും ആധുനികതയുടെ വക്താക്കളായ ക്രൈസ്തവ മിഷനറിമാരും ആയിരുന്നു. ഏതു സാഹചര്യത്തിലായിരുന്നു ഇവിടുത്തെ അധഃകൃതജനവിഭാഗം ഇസ്‌ലാം മതം സ്വീകരിച്ചതെന്നു പ്രഗത്ഭ രാഷ്ട്രമീമാംസ പണ്ഡിതനായിരുന്ന എം എന്‍ റോയി,’ദി ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ് ഇസ്‌ലാം ഇന്‍ ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ ഉപന്യസിക്കുന്നുണ്ട്.
ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസത്തെ ഗൗരവമായി എടുക്കുന്നവര്‍, ഇന്ത്യയുടെ സാംസ്‌കാരിക സവിശേഷതകള്‍, രാഷ്ട്രീയ സമസ്യകള്‍, ഇതേക്കുറിച്ചെന്തെങ്കിലും ഒക്കെ തിരിച്ചറിവുള്ളവര്‍, ഇന്നു നിലനില്‍ക്കുന്ന പരിമിതമായ മതേതരത്വം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ സാമുദായികസങ്കുചിതത്വത്തില്‍ ഊന്നിയ സമവാക്യങ്ങളില്‍ മാത്രം ഊന്നി നില്‍ക്കുന്ന നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളോടും വെള്ളാപ്പള്ളി പാര്‍ട്ടിയോടും സലാം പറഞ്ഞു പിരിയേണ്ടിയിരിക്കുന്നു.
ബീഹാറില്‍ ലാലുപ്രസാദ് യാദവ്-നിതീഷ്‌കുമാര്‍ സഖ്യത്തില്‍ ഇന്ത്യയുടെ നല്ല നാളുകളെ സ്വപ്‌നം കാണുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണൊ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മതത്തിനു പകരം ജാതിരാഷ്ട്രീയത്തെ പ്രതിഷ്ഠിക്കല്‍ ഇടതുകാലിലെ മന്തിന്റെ വലതുകാലിലേക്കുള്ള മാറ്റം മാത്രമേ ആകൂ. ദേശീയത, ജനാധിപത്യം, സോഷ്യലിസം ഇത്തരം ഉദാത്തദര്‍ശനങ്ങളെ മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്നവര്‍ പോലും ജാതിയും മതവും അടിസ്ഥാനമാക്കി സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത് പതിവായിരിക്കുന്നു. ഇതൊരു രോഗമാണ്. ഇതിനു ചികിത്സ കൂടിയേ കഴിയൂ. വിവിധ ജാതിമത സമുദായങ്ങളെ പ്രത്യേകം വോട്ടുബേങ്കുകളാക്കി നിലനിറുത്തിക്കൊണ്ട് തിരഞ്ഞെടുപ്പു ഗോദായില്‍ അങ്കം വെട്ടി നേടുന്ന വിജയത്തെ പുച്ഛത്തോടെ കാണേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമെ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും പുലരൂ എന്ന അടിസ്ഥാന പാഠം ജനങ്ങള്‍ ഏതാണ്ടു വിസ്മരിച്ചു തുടങ്ങിയിരിക്കുന്നു. ഈ കലക്കവെള്ളത്തില്‍ നിന്നും കൈ നനയാതെ മീന്‍ പിടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് നടേശന്‍. നായാടി മുതല്‍ നമ്പൂതിരിവരെ സര്‍വരെയും ഒരേ ചരടില്‍ കോര്‍ത്തു തന്റെ കഴുത്തില്‍ ഹാരമാക്കുന്നതിലൂടെ ലോകസമാധാനത്തിനുള്ള അടുത്ത നൊബേല്‍സമ്മാനം കണിച്ചുകുളങ്ങരയിലേക്കാനയിക്കപ്പെടുമോ എന്നു സംശയിക്കുന്ന ചില ശുദ്ധാത്മക്കളും ശ്രീ നാരായണ ധര്‍മപരിപാലന സംഘത്തില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. അവരെ സാക്ഷാല്‍ ഗുരുസ്വാമികള്‍ തന്നെ രക്ഷിക്കട്ടെ.
കെ സി വര്‍ഗീസ്, ഫോണ്‍. 9446268581