Connect with us

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142; നാല് ഷട്ടറുകള്‍ വീണ്ടും തുറന്നു

Published

|

Last Updated

ഇടുക്കി: മഴയും നീരൊഴുക്കും തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ഇന്നലെ രാത്രി 10.25ഓടെയാണ് ഒരു ഷട്ടര്‍ അരയടി ഉയര്‍ത്തിയത്. പിന്നാലെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നേക്കുമെന്ന് ജില്ലാ ഭരണകൂടത്തെ തേനി കലക്ടര്‍ അറിയിച്ചിരുന്നു. രാത്രിയില്‍ ഡാം തുറക്കില്ലെന്ന ഉറപ്പ് ലംഘിച്ചാണ് തമിഴ്‌നാട് ഷട്ടര്‍ ഉയര്‍ത്തിയത്. ഇതോടെ പെരിയാര്‍ തീരങ്ങള്‍ വീണ്ടും ആശങ്കയിലായി. വളളക്കടവ്, വണ്ടിപ്പെരിയാര്‍ ഭാഗത്തെ ജനങ്ങള്‍ വീടിന് വെളിയിലാണ് രാത്രി കഴിച്ചുകൂട്ടിയത്.
ഇന്നലെ വൈകിട്ട് 141.7 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാത്രിയോടെ 142 അടിയിലെത്തി. ശനിയാഴ്ച 141.55 അടിയായിരുന്നു ജലനിരപ്പ്. സെക്കന്റില്‍ 2262 ഘന അടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. 2106 ഘന അടിവെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്നു. ഇന്നലെ രാവിലെയോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്ന അഭ്യൂഹം പരന്നത്. രാവിലെ ഇക്കാര്യം ചാനലുകളില്‍ ഫഌഷ് ന്യൂസായി വന്നതോടെ വള്ളക്കടവ് ഉള്‍പ്പെടെയുള്ള താഴ്‌വരയിലെ ആളുകളില്‍ ആശങ്ക ഉയര്‍ന്നു.
വീണ്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ നിന്നും ശക്തമായ ആവശ്യമാണ് ഉയരുന്നത്. ഇതേസമയം ജലനിരപ്പ് 141 അടിയില്‍ നിലനിര്‍ത്താമെന്ന് കഴിഞ്ഞ ദിവസം തേനി കലക്ടര്‍ ഇടുക്കി കലക്ടര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. തേനി ജില്ലാ കലക്ടര്‍ പി വെങ്കിടാചലത്തിന്റെ കത്ത് ഇന്നലെ ഉച്ചയോടെയാണ് ഇടുക്കി കലക്ടര്‍ക്ക് ഫാക്‌സ് മുഖേന എത്തിയത്.
കഴിഞ്ഞ ഏഴിന് രാത്രി എട്ട് മണിയോടെയാണ് മുല്ലപ്പെരിയാറില്‍ നിന്നും പെരിയാര്‍ നദിയിലേക്ക് തമിഴ്‌നാട് അധികൃതര്‍ വെള്ളം തുറന്നുവിട്ടത്. കേരളത്തെ അറിയിക്കാതെയാണ് ഷട്ടര്‍ ഉയര്‍ത്തി തമിഴ്‌നാട് ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിട്ടത്. ഇത് സുപ്രീം കോടതിയുടെയും മേല്‍നോട്ട സമിതിയുടെയും നിര്‍ദേശങ്ങള്‍ക്കെതിരാണെന്ന കേരളം ആരോപിച്ചിരുന്നു. ഇതിന് തടയിടാന്‍ വേണ്ടിയാണ് ഏതുനിമിഷവും ഷട്ടര്‍ ഉയര്‍ത്തുമെന്ന് കാണിച്ച് ഇന്നലെ തമിഴ്‌നാട് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി 19ന് ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തും.
മുല്ലപ്പെരിയാര്‍ സുരക്ഷാനടപടികള്‍ വിലയിരുത്താന്‍ വണ്ടിപ്പെരിയാറില്‍ ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവലോകന യോഗം വിളിച്ചു. രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് യോഗം. മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറന്നിരുന്ന രണ്ട് ദിവസം ഇടുക്കി അണക്കെട്ടിലെത്തിയത് 13 ദശലക്ഷത്തോളം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമായിരുന്നു.

---- facebook comment plugin here -----

Latest