വിജയ് ഹസാരെ ട്രോഫി: കേരളത്തിന് രണ്ടാം തോല്‍വി

Posted on: December 13, 2015 11:20 pm | Last updated: December 13, 2015 at 11:20 pm

cricketബെംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം തോല്‍വി. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഝാര്‍ഖണ്ഡിനോട് അഞ്ച് വിക്കറ്റിനാണ് കേരളം തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഝാര്‍ഖണ്ഡ് 47 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
94 പന്തില്‍ നിന്ന് 87 റണ്‍സടിച്ച് പുറത്താകാതെ നിന്ന സൗരഭ് തിവാരിയാണ് ഝാര്‍ഖണ്ഡിന്റെ വിജയശില്‍പ്പി. ഒരു ഘട്ടത്തില്‍ 80 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പതറിയ ഝാര്‍ഖണ്ഡിനെ സൗരഭ് തിവാരിയും കൗശല്‍ സിംഗും ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കൗശല്‍ സിംഗ് 43 പന്തില്‍ നിന്ന് 48 റണ്‍സ് നേടി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആനന്ദ് സിംഗ് 27ഉം കുമാര്‍ ദേവവൃത് 20ഉം റണ്‍സെടുത്തപ്പോള്‍ ധോണിക്ക് 31 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് നേടായായത്. റിട്ടേണ്‍ ക്യാച്ചിലൂടെ ഫാബിദ് അഹമ്മദാണ് ധോണിയെ പുറത്താക്കിയത്. കേരളത്തിനുവേണ്ടി സന്ദീപ് വാര്യര്‍, നിയാസ്, പി പ്രശാന്ത്, ഫാബിദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപണര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ (പൂജ്യം) ജസ്‌കരണ്‍ സിംഗ് ഗോള്‍ഡന്‍ ഡക്കാക്കുകയായിരുന്നു. സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി. ഓപണര്‍ വി എ ജഗദീഷിന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും മികച്ച ഇന്നിംഗ്‌സാണ് കേരളത്തിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. സച്ചിന്‍ ബേബി 96 പന്തില്‍ നിന്ന് 61 ഉം ജഗദീഷ് 98 പന്തില്‍ നിന്ന് 60 ഉം റണ്‍സെടുത്തു. പി പ്രശാന്ത് 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രോഹന്‍ പ്രേം പത്തും അക്ഷയ് 12 ഉം റണ്‍സെടുത്ത് പുറത്തായി. ഝാര്‍ഖണ്ഡിനുവേണ്ടി രാഹുല്‍ ശുക്ല മൂന്നും ജസ്‌കരണ്‍ സിംഗ്, ക്യാപ്റ്റന്‍ വരുണ്‍ ആരോണ്‍, അങ്കിത് ദാസ്, ശഹബാദ് നദീം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഗ്രൂപ്പ് ബിയില്‍ കേരളത്തിന് ഇപ്പോള്‍ മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റാണുള്ളത്. ആദ്യ മത്സരത്തില്‍ ഹരിയാനയോട് തോറ്റ കേരളം രണ്ടാം മത്സരത്തില്‍ റെയില്‍വേയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് കേരളം ജമ്മു കാശ്മീരിനെ നേരിടും.