അന്യമതസ്ഥര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കും: ഗാംബിയ

Posted on: December 13, 2015 10:18 pm | Last updated: December 13, 2015 at 10:18 pm

gambiyaബന്‍ജൂള്‍: ഗാംബിയ ഇസ്‌ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. പ്രസിഡണ്ട് യഹ്‌യ ജാമെയാണ് രാജ്യം ഇനിമുതല്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. മതപരമായ പാരമ്പര്യവും മൂല്യങ്ങളും ഉള്‍ക്കൊണ്ടാണ് രാജ്യത്തെ ഇസ്‌ലാമിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിന്റെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ക്കുമേല്‍ ഏതെങ്കിലും രീതിയിലുള്ള ശൈലികള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും അന്യമതസ്ഥരായ ആളുകള്‍ക്ക് പരിപൂര്‍ണ സുരക്ഷയുണ്ടായിരിക്കുമെന്നും ബ്രൂഫുതില്‍ നടത്തിയ രാഷ്ട്രീയ റാലിക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. ഗാംബിയയുടെ കൊളോണിയല്‍ സംസ്‌കാരം ഉപേക്ഷിക്കാന്‍ സമയമായെന്നും യഹ്‌യ അറിയിച്ചു. ഗാംബിയയിലെ ജനസംഖ്യയില്‍ 90 ശതമാനവും മുസ്‌ലിംകളാണ്. 1965 ഫെബ്രുവരിയിലാണ് ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഗാംബിയ സ്വാതന്ത്ര്യം നേടിയത്. മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഗാംബിയക്കുള്ള സാമ്പത്തിക സഹായം യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തിവെച്ചിരുന്നു. 21 വര്‍ഷമായി യഹ്‌യയാണ് രാജ്യത്തിന്റെ പ്രസിഡന്റ്.