Connect with us

Business

ഓഹരി സൂചികകള്‍ തളര്‍ച്ചയില്‍; ഡോളറിന് മുമ്പില്‍ രൂപക്ക് ഇടിവ്

Published

|

Last Updated

വിദേശ ഫണ്ടുകള്‍ രണ്ടാം വാരത്തിലും ഇന്ത്യയില്‍ വില്‍പ്പനക്ക് മത്സരിച്ചത് ഓഹരി സൂചികകളെ തളര്‍ത്തി. ബോംബെ സൂചിക 594 പോയിന്റും നിഫ്റ്റി 171 പോയിന്റും കഴിഞ്ഞ വാരം ഇടിഞ്ഞു. രണ്ട് ഇന്‍ഡക്‌സിനും രണ്ട് ശതമാനം തകര്‍ച്ച. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തുമെന്ന് ഏതാണ്ട് വ്യക്തമായതാണ് വിദേശ ഫണ്ടുകളെ ഇന്ത്യയില്‍ വില്‍പ്പനക്ക് പ്രേരിപ്പിച്ചത്.

ബി എസ് ഇ 25,740 ല്‍ നിന്ന് 24,930 വരെ ഇടിഞ്ഞ ശേഷം വാരാവസാനം 25,044 ലാണ്. ഈ—വാരം ആദ്യ താങ്ങ് 24,736 പോയിന്റിലാണ്. ഇത് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ വാരത്തിന്റെ രണ്ടാം പകുതിയില്‍ 25,546-26,048 പോയിന്റ് ലക്ഷ്യമാക്കി ഉയരാം. എന്നാല്‍ ആദ്യ താങ്ങില്‍ കാലിടറിയാല്‍ 24,428-23,926 വരെ സൂചിക പരീക്ഷണം നടത്താം. സാങ്കേതികമായി വീക്ഷിച്ചാല്‍ പി- എസ് ഏ ആര്‍, എം ഏ സി ഡി എന്നിവ സെല്ലിംഗ് മൂഡിലാണ്. സ്ലോ, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്കുകള്‍ വാരത്തിന്റെ രണ്ടാം പകുതിയില്‍ ഒരു തിരിച്ചു വരവിനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചുണ്ടുന്നത്.
നിഫ്റ്റി സൂചിക 7816ല്‍ നിന്നുള്ള തകര്‍ച്ചയില്‍ 7575 വരെ ഇടിഞ്ഞു. വ്യാപാരാന്ത്യം നിഫ്റ്റി 7610 ലാണ്. ഈ വാരം നിഫ്റ്റിക്ക് 7759-7908 ല്‍ പ്രതിരോധവും 7518-7426 ല്‍ താങ്ങും പ്രതീക്ഷിക്കാം.
സ്റ്റീല്‍, റിയാലിറ്റി, ഓട്ടോ, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ വിഭാഗങ്ങള്‍ക്ക് കനത്ത തിരിച്ചടി. കോള്‍ ഇന്ത്യ ഓഹരി വില എട്ട് ശതമാനം ഇടിഞ്ഞു. ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, എസ് ബി ഐ, പി എന്‍ ബി, എം ആന്‍ഡ് എം, ടാറ്റാ മോട്ടേഴ്‌സ് തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു.
വിനിമയ വിപണിയില്‍ ഡോളറിന്— മുന്നില്‍ രൂപ 67.14 വരെ ഇടിഞ്ഞു. ഈ വാരം രണ്ടാം പകുതിയില്‍ രൂപ കരുത്തു തിരിച്ച് പിടിക്കാം. വിദേശ ഫണ്ടുകള്‍ 3495 കോടി രൂപയുടെ വില്‍പ്പന ഓഹരി വിപണിയിലും കടപത്രത്തിലുമായി പിന്നിട്ട വാരം നടത്തി. അവരുടെ തിരക്കിട്ടുള്ള നീക്കമാണ് രൂപയെ ദുര്‍ബലമാക്കിയത്.
ക്രൂഡ് ഉല്‍പാദനം സംബന്ധിച്ച് ഒപ്പെക്ക് സ്വീകരിച്ച നിലപാട് ലണ്ടന്‍, ന്യൂയോര്‍ക്ക് വിപണികളില്‍ എണ്ണ വില ഇടിച്ചു. വീപ്പക്ക് 35.35 ഡോളര്‍ വരെ എണ്ണ വില താഴ്ന്നു. എണ്ണയുടെ റെക്കോര്‍ഡ് വില 147 ഡോളറാണ്.
ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിന് 1071 ഡോളറിലാണ്. ഏഷ്യന്‍- യൂറോപ്യന്‍ ഓഹരി വിപണികളും തളര്‍ച്ചയിലാണ്. അമേരിക്കയില്‍ ഡൗ ജോണ്‍സ്, നാസ്ഡാക് സൂചികളും പ്രതിവാര നഷ്ടത്തിലാണ്.

---- facebook comment plugin here -----

Latest