Connect with us

Gulf

ഹമദില്‍ എം ആര്‍ ഐ സ്‌കാനിംഗ് അടിസ്ഥാനമാക്കി കാന്‍സര്‍ ചികിത്സ

Published

|

Last Updated

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ക്യാന്‍സറിന് എം ആര്‍ ഐ സ്‌കാനിംഗ് അനുസരിച്ചുള്ള റേഡിയേഷന്‍ ചികിത്സാ സംവിധാനം. ലോകത്ത് തന്നെ അപൂര്‍വമാണ് ഈ ചികിത്സ. മേഖലയില്‍ ഹമദില്‍ മാത്രമേ ഇത്തരമൊരു സംവിധാനമുള്ളൂ. എം ആര്‍ ഐ സ്‌കാനിംഗിലൂടെ മജ്ജയിലെ കാന്‍സര്‍ കോശങ്ങള്‍ക്കുള്ള ചികിത്സയാണ് ഇതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കേര്‍ ആന്‍ഡ് റിസര്‍ച്ചിലെ റേഡിയേഷന്‍, ഓങ്കോളജി വിദഗ്ധ ഡോ. നൂറ അല്‍ ഹമ്മാദി അറിയിച്ചു.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയാണ് ഹമദില്‍ നടത്തുന്നത്. ലോകോത്തര നിലവാരമുള്ള കീമോതെറാപ്പിയാണ് ചെയ്യുന്നത്. അടുത്തിടെ സൈബര്‍ നൈഫ് സംവിധാനവും ആരംഭിച്ചിരുന്നു. ആഴ്ചതോറും ശരാശരി അമ്പത് അര്‍ബുദ രോഗികളാണ് സെന്ററില്‍ ചികിത്സക്കെത്തുന്നത്. ട്യൂമറുകള്‍ ശരീരത്തില്‍ മറ്റെവിടെയും പടരാതെ റോബോട്ടിക് റേഡിയോ സര്‍ജറി സാങ്കേതികവിദ്യയാണ് ഇത്. കാന്‍സര്‍ ചികിത്സക്ക് വിദേശത്ത് പോകേണ്ടതില്ലെന്നാണ് ഇത് തെളിയിക്കുന്നത്. കാന്‍സര്‍ ചികിത്സക്ക് പുതിയ സാങ്കേതികവിദ്യയിലധിഷ്ഠിതമായ കണ്ടുപിടുത്തങ്ങള്‍ അനിവാര്യമാണ്. പുതിയ ചികിത്സയുടെ ഫലം രോഗികളില്‍ കാണുന്നുണ്ട്. ഡോ. നൂറ പറഞ്ഞു.
പുതുമ, സഹകരണം, ഖത്വര്‍ സാംസ്‌കാരിക പശ്ചാത്തലം എന്നീ ഘടകങ്ങള്‍ ആധാരമാക്കിയാണ് ഹമദിലെ കാന്‍സര്‍ ചികിത്സ. ഈ രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതും ഇതിനാലാണ്. ഖത്വറിലെ ജനസംഖ്യ, മറ്റ് പശ്ചാത്തലങ്ങള്‍, അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവ ഉള്‍ക്കൊണ്ടാണ് ഡോക്ടര്‍മാര്‍ ചികിത്സ നടത്തുന്നത്. ലോകോത്തര ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കാന്‍ ഖത്വരികള്‍ വളരെയധികം സംഭാവനയര്‍പ്പിക്കുകയും പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുവെന്നും ഡോ. നൂറ പറഞ്ഞു. ജര്‍മനിയിലെ ഹൈഡില്‍ബര്‍ഗ് യൂനിവേഴ്‌സിറ്റി ക്ലിനിക്കില്‍ പരിശീലനം നേടിയിട്ടുണ്ട് ഡോ. നൂറ അല്‍ ഹമ്മാദി.