ഖത്വര്‍ ടെലികോം മേഖല വി സാറ്റ് ഇന്റര്‍നെറ്റ് വിപ്ലവത്തിന്

Posted on: December 13, 2015 6:34 pm | Last updated: December 13, 2015 at 6:34 pm

V satദോഹ: അധിക ഇന്റര്‍നെറ്റ് വേഗം നല്‍കുന്ന വി സാറ്റ് സേവനം ഉപയോഗപ്പെടുത്തി ഖത്വറിലെ ടെലികോം കമ്പനികള്‍ പുതിയ വിപ്ലവത്തിനു തയാറെടുക്കുന്നു. അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ബിസിനസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം നല്‍കി ഉരീദുവാണ് ആദ്യമായി രംഗത്തു വന്നത്. വോഡഫോണും അതിവേഗ ഇന്റര്‍നെറ്റ് സേവനം വാഗ്ദാനം ചെയ്യുന്നു. പരമാവധി ബിസിനസ് ഗുണഭോക്താക്കളെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. മൊബൈല്‍ ഉപഭോക്താക്കള്‍ക്കും വൈകാതെ സേവനം ലഭ്യമാകും.
രാജ്യത്തെ 30 പ്രമുഖ ബിസിനസ് സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചാണ് കഴിഞ്ഞ ദിവസം ഉരീദു വര്‍ക്‌ഷോപ്പ് സംഘടിപ്പിച്ചത്. വി സാറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിച്ചുള്ള ബിസിനസ് സാധ്യതകള്‍ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കണ്‍സ്ട്രക്ഷന്‍, എനര്‍ജി, ഹോസ്പിറ്റാലിറ്റി, സെക്യൂരിറ്റി രംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് പങ്കെടുത്തത്. ചെറിയ സാറ്റലൈറ്റ് ഡിഷ് ഘടിപ്പിച്ചാണ് സ്ഥാപനങ്ങളില്‍ ഡാറ്റകള്‍ സ്വീകരിക്കുന്നതിനും അയക്കുന്നതിനും വി സാറ്റ് സേവനം ഉപയോഗിക്കുക. നിലവിലുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിനെക്കാള്‍ വലിയ വേഗതയാണ് വി സാറ്റ് നല്‍കുന്നത്.
ഇന്റര്‍നെറ്റ് വേഗത്തിന് സാറ്റലൈറ്റ് സൗകര്യം ഉപയോഗിക്കുന്നതിന് ഉരീദു കഴിഞ്ഞ ദിവസം സുഹൈല്‍ സാറ്റുമായി ധാരണാപത്രം ഒപ്പു വെച്ചിരുന്നു. ലോകോത്തര സൗകര്യം ലഭ്യമാക്കുന്നതിന് രാജ്യത്തെ രണ്ടു പ്രമുഖ ടെലികോം കമ്പനികളും സുഹൈല്‍ സാറ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ബിസിനസ് സമൂഹത്തിന് മികച്ച സേവനങ്ങളാണ് ഉരീദു നല്‍കുന്നതെന്ന് സി ഇ ഒ വലീദ് അല്‍ സായിദ് പറഞ്ഞു. വിപണിയിലെ എല്ലാ വെല്ലുവിളികളെയും മറികടക്കാവുന്ന സൗകര്യമാണിത്. സേവനങ്ങളുടെ ഗുണം ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതെന്നും താരതമ്യേന ചെലവു കുറഞ്ഞ സേവനമാണിതെന്നുംഅദ്ദേഹം പറഞ്ഞു.
രാജ്യാന്തര തലത്തിലുള്ള ബിസിനസുകളെ സംയോജിപ്പിക്കുന്നതിനാണ് പ്രധാനമായും അതിവേഗ ഇന്റര്‍നെറ്റ് സേവനം കമ്പനകിള്‍ ഉപയോഗിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് പോലുള്ള സൗകര്യങ്ങളിലൂടെ നേരിട്ടു യാത്ര ചെയ്യുന്നത് ഒഴിവാക്കിക്കൊണ്ടുള്ള ബിസിനസ് പരിഹാരങ്ങളാണ് അതിവേഗ ഇന്റര്‍നെറ്റ് നല്‍കുന്നത്.