ശാസ്ത്ര സാഹിത്യ പരിഷത്ത് യോഗം ചേരുന്നതെപ്പോഴാണ്?

ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു കാര്യത്തില്‍ ഇടപെടണമെന്നു പറയുമ്പോള്‍ അതു ശാസ്ത്ര പ്രാധാന്യമുള്ളതായിരിക്കണം. കാളക്കു പകരം പശുവിനെ പൂട്ടി നിലമുഴുതുകയോ വണ്ടി വലിപ്പിക്കുകയോ ചെയ്താല്‍ ഒരു സംശയവും വേണ്ട, മൃഗസ്‌നേഹികള്‍ മേനകാ ഗാന്ധിയുടെ നേതൃത്വത്തില്‍ രംഗത്തുവരും. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ തൊഴില്‍ രംഗത്തു സ്ത്രീകള്‍ വ്യാപകമായി ഇത്തരം കൊടും ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പുതിയ തൊഴില്‍ ഭാരം പേറണം, അതേസമയം പാരമ്പര്യമായി അവര്‍ ചെയ്തുകൊണ്ടിരുന്ന തൊഴിലിനു യാതൊരു കുറവും വന്നിട്ടുമില്ല. പറഞ്ഞുവരുന്നത് ഉദ്യോഗസ്ഥ വനിതകളുടെ ഇരട്ടച്ചുമടിനെക്കുറിച്ചാണ്. ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ ഈ കൊടും പീഡനത്തിന്റെ കഥകള്‍ പുറത്തുകൊണ്ടുവരാനും ഈ നിശ്ശബ്ദജീവികളെ മോചിപ്പിക്കാനും വല്ലതും ചെയ്യുമോ?
ലിംഗസമത്വം പ്രായോഗികമോ? - 4
Posted on: December 13, 2015 4:30 am | Last updated: December 13, 2015 at 7:01 pm

shasthra sahithya parishathശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന് കേള്‍ക്കുമ്പോള്‍ അത് വി എസിന്റെ പ്രസ്താവന പോലെയോ ഡോ. ഫസല്‍ ഗഫൂറിന്റെ സംഘടന പോലെയോ അല്ല; എന്തോ ഗൗരവപ്പെട്ട സംഗതിയാണ് എന്നല്ലേ തോന്നുക. തോന്നണം; അതാണ് ആ പേരിന്റെ പ്രത്യേകത. എന്നാല്‍ ഈ പ്രത്യേകതയും ഗൗരവവും ആ പേരിലേ ഉള്ളൂ കേട്ടോ, സംഗതി വെറുമൊരു കടലാസു പുലിയാണ്. ശാസ്ത്രവും സാഹിത്യവുമായി ബന്ധപ്പെട്ട എന്തൊക്കെ പ്രശ്‌നങ്ങളാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്, ഇതില്‍ ഏതിന്റെയെങ്കിലും ഒന്നിന്റെ അയല്‍പ്പക്കത്തു കൂടെ ഈ ശാസ്ത്രസാഹിത്യം വഴിനടന്നതായിട്ടെങ്കിലും കണ്ടിട്ടുണ്ടോ, ഉണ്ടാകാനിടയില്ല. കാരണം ഈ സംഘടന ഒരു യോഗം ചേരണ്ടേ. ആണ്ടോടാണ്ട് കൂടുമ്പോള്‍ ഒരു വാര്‍ഷികം നടക്കും. പിന്നെ യോഗം നടക്കണമെങ്കില്‍ കാന്തപുരം ഒരു പ്രസ്താവനയിറക്കണം! ഈ ആവശ്യത്തിനും യോഗം ചേരുക എന്ന സാഹസം നടക്കാറില്ലെന്നാണറിവ്. ആരോ ഒരാള്‍ മറുപ്രസ്താവന തയ്യാറാക്കി മീഡിയകള്‍ക്ക് അയച്ചുകൊടുക്കും. തീര്‍ന്നു ശാസ്ത്രവും സാഹിത്യവും.
കാന്തപുരത്തിന്റെ പേരില്‍ ചില മീഡിയകള്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. അതങ്ങനെത്തന്നെ കോപ്പിയടിച്ച് പല തത്പരകക്ഷികളും. പക്ഷേ, പു ക സ ക്കാര്‍ പ്രസ്താവനയിറക്കും പോലെ മുന്‍പിന്‍ നോക്കാതെയാകരുതല്ലോ ശാസ്ത്ര സാഹിത്യക്കാര്‍ പ്രസ്താവനയിറക്കുന്നത്, അതിനൊരു സയന്റിഫിക് ടച്ചൊക്കെ വേണ്ടേ? ഒരു പ്രസ്താവന ലാബ് ടെസ്റ്റിന് വിധേയമാക്കേണ്ട കാര്യമൊന്നുമില്ല. കാന്തപുരം ഇങ്ങനെ പ്രസംഗിച്ചോ എന്നു ശാസ്ത്രീയമായി ഒന്നന്വേഷിക്കണം. ഒരാള്‍ക്കൂട്ടം പ്രസ്താവനയുമായി ഓടുന്നത് കണ്ടപ്പോള്‍ ശാസ്ത്രവും ഉടുമുണ്ട് പോലും മാറാതെ പിന്നാലെ ഓടി, ഇതെന്തോന്ന് ശാസ്ത്രമാണ് സാറെ?
ഇപ്പോള്‍ ഓര്‍മ വരുന്നത് ചിരുതക്കുട്ടി തോട്ടില്‍ വീണ പഴയയൊരു കഥയാണ്. അണിഞ്ഞൊരുങ്ങി കോളജിലേക്കു പോകുംവഴി മരപ്പാലത്തില്‍നിന്ന് കാല്‍ വഴുതി ചിരുതക്കുട്ടി തോട്ടില്‍ വീണു. വിവരം കേട്ടതോടെ അങ്ങാടിയില്‍നിന്ന് ഒരാള്‍ക്കൂട്ടം തോട്ടിന്‍കരയിലേക്കു പാഞ്ഞു. എത്തിയവര്‍ എത്തിയവര്‍ തോട്ടിലേക്ക് എടുത്തുചാടി. തെരച്ചില്‍ തുടങ്ങി. ഒന്നൊന്നര കിലോമീറ്റര്‍ തോടാകെ അരിച്ചു പെറുക്കിയിട്ടും വീണ കോളജ് കുമാരിയെ കണ്ടെത്താനായില്ല. നാട്ടുകാര്‍ നിരാശരായി കരയില്‍ കയറിയപ്പോഴാണ് തൊട്ടടുത്ത കിണറ്റില്‍നിന്ന് ഒരു കരച്ചില്‍. ആളുകള്‍ അങ്ങോട്ടോടി. നോക്കുമ്പോള്‍ കിണറ്റില്‍ പപ്പന്‍! ആളുകള്‍ക്കത്ഭുതമായി… തോട്ടില്‍ ചാടിയ പപ്പാ നീയെങ്ങനെയാടാ കിണറ്റിലെത്തിയതെന്ന് അവര്‍ വിളിച്ചു ചോദിച്ചു. അയാള്‍ കിണറ്റില്‍ നിന്നു അലറിവിളിച്ചു: ”സുഹൃത്തുക്കളേ, ഞാന്‍ ഓടിയെത്തുമ്പോള്‍ തോട്ടില്‍ ചാടാന്‍ ഒരിഞ്ചു സ്ഥലം ബാക്കിയില്ലായിരുന്നു, ചിരുതക്കുട്ടിയെക്കുറിച്ചോര്‍ത്തപ്പോള്‍ നില്‍ക്കക്കള്ളിയുമില്ല. അപ്പോഴാണ് ഒഴിഞ്ഞു കിടക്കുന്ന കിണറ് കണ്ടത്…!” ഈ ശാസ്ത്ര സാഹിത്യ പരിഷത്ത് വെറുമൊരു പപ്പനായിപ്പോയല്ലോ, കഷ്ടം.
ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു കാര്യത്തില്‍ ഇടപെടണമെന്നു പറയുമ്പോള്‍ അത് ശാസ്ത്ര പ്രാധാന്യമുള്ളതായിരിക്കണം. കാളക്കു പകരം പശുവിനെ പൂട്ടി നിലമുഴുതുകയോ വണ്ടി വലിപ്പിക്കുകയോ ചെയ്താല്‍ ഒരു സംശയവും വേണ്ട, മൃഗസ്‌നേഹികള്‍ മേനകാ ഗാന്ധിയുടെ നേതൃത്വത്തില്‍ രംഗത്തുവരും. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ തൊഴില്‍ രംഗത്ത് സ്ത്രീകള്‍ വ്യാപകമായി ഇത്തരം കൊടും ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പുതിയ തൊഴില്‍ ഭാരം പേറണം, അതേസമയം പാരമ്പര്യമായി അവര്‍ ചെയ്തുകൊണ്ടിരുന്ന തൊഴിലിനു യാതൊരു കുറവും വന്നിട്ടുമില്ല. പറഞ്ഞുവരുന്നത് ഉദ്യോഗസ്ഥ വനിതകളുടെ ഇരട്ടച്ചുമടിനെക്കുറിച്ചാണ്.
അടുക്കളപ്പണി മുതല്‍ അലക്കും നനയും തുടയ്ക്കലും കുട്ടികളുടെ പരിപാലനവും തുടങ്ങി നേരത്തെ ചെയ്തിരുന്നതെല്ലാം ചെയ്യണം, പുറമെ ഉദ്യോഗവും. ഈ പീഡനത്തിനെതിരെ പരിഷത്ത് രംഗത്ത് വരണം. കുളിച്ചു കുറി തൊട്ട് മുറ്റത്തു വീണ പത്രമെടുത്ത് പൂമുഖത്തെ ചാരുകസേരയില്‍ ചാഞ്ഞിരുന്ന് ഒരു വിളിയുണ്ട്- ‘എടിയേ, ചായ’. പത്ത് മിനുട്ട് കഴിഞ്ഞ് അടുത്ത വിളി, ‘എടിയേ, തേച്ചു വച്ചിട്ടുണ്ടോ?’ അഞ്ചു മിനുട്ട് കഴിയുമ്പോള്‍ അടുത്തത്, ‘പ്രാതല്‍ എടുത്തുവച്ചോ?’ നാലു നാലരക്ക് അലാറം വെച്ചുണര്‍ന്ന് യന്ത്രം കണക്കെ വീട്ടിനകത്ത് കറങ്ങിത്തിരിയുകയാണൊരുത്തി. വെക്കണം, വിളമ്പണം, അലക്കണം, തേക്കണം, മക്കളെ തീറ്റിക്കണം, ഒരുക്കണം, സ്‌കൂളിലേക്കയക്കണം, കെട്ട്യോനെ ബാഗെടുത്തുകൊടുത്ത് ഓഫീസിലേക്കയക്കണം. പിന്നെ പ്രാതല്‍ പോലും ശരിയാംവണ്ണം കഴിക്കാനാകാതെ ഒരോട്ടമാണ്. സമയത്ത് ഓഫീസിലെത്തേണ്ട ബസ് പോയി, അടുത്തത് നിറുത്തിയില്ല, മൂന്നാമത്തേതില്‍ തൂങ്ങിക്കയറി ഓഫീസില്‍/സ്‌കൂളില്‍ എത്തുമ്പോള്‍ സ്ഥാപനമേധാവിയുടെ കറുത്ത മുഖം, കൂടെ ഒട്ടും മയമില്ലാത്ത രണ്ട് ആംഗലേയ പദം. സീറ്റില്‍ ചെന്നിരിക്കുമ്പോള്‍ അടക്കി നിറുത്തിയിട്ടും പുറത്തു ചാടുന്ന രണ്ടിറ്റു കണ്ണുനീര്‍. മാസാന്ത്യം ശമ്പളം കിട്ടുമ്പോള്‍ കണക്കിലെ രണ്ടു രൂപയുടെ വ്യത്യാസം പറഞ്ഞു മുഖം കറുപ്പിക്കുന്ന ജീവിതപങ്കാളി. സത്യം പറയാമല്ലോ സാറന്മാരെ, ഉദ്യോഗസ്ഥ വനിതകളില്‍ തൊണ്ണൂറു ശതമാനവും നിരന്തരമായി ഈ പീഡനം അനുഭവിക്കുന്നുണ്ട്. പറയാന്‍ വയ്യ, പ്രതിഷേധിച്ചുകൂടാ- തെരുവല്ല, ജീവിതമാണ്. വീടും കുടുംബവുമാണ്. സഹിക്കുകയാണിവര്‍. ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ ഈ കൊടും പീഡനത്തിന്റെ കഥകള്‍ പുറത്തുകൊണ്ടുവരാനും ഈ നിശ്ശബ്ദജീവികളെ മോചിപ്പിക്കാനും വല്ലതും ചെയ്യുമോ?
പറഞ്ഞത് സാമൂഹിക ശാസ്ത്രസംബന്ധിയായതായിപ്പോയി എന്നു തോന്നുന്നെങ്കില്‍ ഒരു പക്കാ ശാസ്ത്രം പറയാം. ഇത് പരിഹരിക്കാന്‍ പരിഷത്തുകാര്‍ ധര്‍ണയോ ബന്ദോ എന്താന്നു വച്ചാല്‍ ചെയ്ത് ഈ സ്ത്രീ വിവേചനത്തിനെതിരെ രംഗത്തു വരണം. ഒരമ്മ തന്റെ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും വേണ്ടി ചുരത്തുന്ന അമ്മിഞ്ഞപ്പാലിന്റെ ഘടന വ്യത്യസ്തമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന അമ്മിഞ്ഞപ്പാലില്‍ പോഷകഘടകങ്ങളുടെ അളവ് വളരെ കൂടുമത്രെ. അത്രയും വരില്ല പെണ്‍കുഞ്ഞിന് നല്‍കുന്ന പാലില്‍! തീര്‍ത്തും സ്ത്രീ വിരുദ്ധമായ, ജനാധിപത്യ വിരുദ്ധമായ, പക്ഷപാതപരമായ നിലപാട്. ശാസ്ത്ര സാഹിത്യ പരിഷത്താണല്ലോ, പുതിയൊരു പരീക്ഷണം നടത്തി ഉറപ്പു വരുത്തട്ടെ; പരിഹാരവും നിര്‍ദേശിക്കട്ടെ.
”സ്ത്രീയുടെ ഏറ്റവും വലിയ കരുത്ത് പ്രസവിക്കാനും കുഞ്ഞിനെ പാലൂട്ടി വളര്‍ത്താനുമുള്ള കഴിവാണ്. കായികശേഷി കൂടുതല്‍ പുരുഷനു നല്‍കിയെങ്കില്‍ സ്ത്രീക്കു നല്‍കിയ കഴിവ് കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവാണ്…” ഇസ്‌ലാമിക് വിമണ്‍സ് അസോസിയേഷന്‍(ഐവ) കുറച്ചുമുമ്പ് കുവൈത്തില്‍ നടത്തിയ ഒരു സമ്മേളനത്തില്‍ പ്രശസ്ത സാഹിത്യകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ് നടത്തിയ പ്രസംഗത്തിലെ ഭാഗമാണിത്. ചില മലയാള പത്രങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു. കാന്തപുരം എന്തോ പറഞ്ഞെന്നു കേട്ട് ഉടുതുണി മാടിക്കുത്തി കുപ്പായക്കൈ തെറുത്തുകയറ്റിയിറങ്ങിയ പരിഷത്തു സാറന്മാര്‍ ഈ പ്രസ്താവന കണ്ടില്ലേ? അല്ല, എന്താണീ ജെന്‍ഡര്‍ ഇക്വാലിറ്റി? ഇക്കാര്യത്തില്‍ ശരിയായ ഒരു വിശദീകരണം തരാന്‍ നമുക്ക് ഇവരെത്തന്നെ ഏല്‍പ്പിക്കാം. തര്‍ക്കം ഒരുപാടു മൂത്തിട്ടും സ്ത്രീ പുരുഷ സമത്വം എന്താണെന്ന് ഇതുവരെ ആരും നിര്‍വചിച്ചു കാണുന്നില്ല.
‘ഇന്നലെകളിലെ നായകന്മാര്‍’ എന്ന പേരില്‍ കേരള നദ്‌വത്തുല്‍മുജാഹിദീന്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകമുണ്ട്. കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം നട്ടുവളര്‍ത്തിയ പൂര്‍വകാല നേതാക്കളുടെ ചരിത്രമാണ് ഉള്ളടക്കം. സനാഉല്ലാ മക്തി തങ്ങളെ മുതല്‍ കെ പി മുഹമ്മദ് മൗലവിയെ വരെ പരിചയപ്പെടുത്തുന്ന സാമാന്യം വലിയ ഈ പുസ്തകം. ഞാനാ പുസ്തകം തലങ്ങും വിലങ്ങും മറിച്ചുനോക്കി. വല്ല മിറാക്കിള്‍സും സംഭവിക്കുമോ എന്നറിയാന്‍ തലകീഴായും പിടിച്ചുനോക്കി. ഇല്ല; ഒരൊറ്റ പെണ്ണുമില്ല ഇവരുടെ നവോഥാന ചരിത്രത്തില്‍. ഇസ്‌ലാമില്‍ ലിംഗസമത്വമുണ്ട്, അത് നടപ്പാക്കാന്‍ വന്നതാണ് ഇവരുടെ പ്രസ്ഥാനം, മുക്കാല്‍ നൂറ്റാണ്ടായി പണി തുടങ്ങിയിട്ട്. എന്നിട്ട് മുഖ്യധാരയിലേക്ക് ഒരൊറ്റ പെണ്ണിനെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇവരുടെ സംഘടനക്ക് കഴിഞ്ഞില്ല. ജിന്നും ശയ്ത്വാനുമായി നാലഞ്ചെണ്ണമുണ്ടല്ലോ ഇസ്‌ലാഹി സംഘടനകള്‍. ഇപ്പോള്‍ ഈ സംഘടനകളുടെ തലപ്പത്ത് എത്ര വനിതകളുണ്ട്?
പെണ്‍പള്ളിപ്രവേശം ഇവരുടെ മുഖ്യഅജന്‍ഡകളിലൊന്നാണല്ലോ. ഇന്നോളമുള്ള ചരിത്രം വെച്ച് ഇവരുടെ പള്ളികളില്‍ വരുന്നവരില്‍ അമ്പതു ശതമാനമെങ്കിലും സ്ത്രീകളാകണം. അങ്ങനെയുണ്ടോ? എണ്ണപ്പെട്ട ഏതാനും പള്ളികളില്‍ വല്ലപ്പോഴും വന്നു കയറുന്ന നാലോ അഞ്ചോ പേര്‍. വെള്ളിയാഴ്ചകളില്‍ അതു പത്തോ പതിനഞ്ചോ ആകും. ഇവര്‍ക്കുവേണ്ടി പള്ളിക്കുള്ളില്‍ തുണികെട്ടി മറച്ച ഇത്തിരിയിടങ്ങള്‍. പള്ളിക്കകത്തെ ഈ തുണിമറ ഏത് ഹദീസിലുള്ളതാണ്? മദീനാപള്ളിയുടെ ഏത് ഭാഗമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടി നബി(സ്വ) മറച്ചുകെട്ടിക്കൊടുത്തത്. ഇതിനും വേണമല്ലോ ഇത്തിബാഅ് (നബിമാതൃക). ജുമുഅഃക്കും ജമാഅത്തിനും സ്ത്രീക്ക് പള്ളിയില്‍ വരാമെങ്കില്‍ അവര്‍ ഇമാമും ഖത്വീബും മുഅദ്ദിനും ആകുന്നതിന് ഏതു ഹദീസാണ് തടസ്സം നില്‍ക്കുന്നത്? ഇതിനൊക്കെ മറുപടി പറഞ്ഞിട്ടു മതി കാന്തപുരത്തിനെതിരെ പടയൊരുക്കം.
കേരള സലഫിസം ഒന്നാമത്തെ ആചാര്യനായി കാണുന്ന മക്തി തങ്ങളുടെ അഭിപ്രായത്തില്‍ സ്ത്രീയുടെ തല വീടിനു വെളിയില്‍ കണ്ടുപോകരുത്, വീട് പരിചരണവും സന്താനപരിപാലനവും തുടങ്ങിയ അത്യാവശ്യകാര്യങ്ങളല്ലാതെ അവള്‍ പൊതുവിദ്യാഭ്യാസം നേടാനും പാടില്ല. അത് അസാന്മാര്‍ഗികവും ഇസ്‌ലാമിക വിരുദ്ധവുമാണെന്നാണ് മക്തി തങ്ങളുടെ പക്ഷം. താലിബാനിസം അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം തടയുകയും സര്‍ക്കാര്‍ ജോലികളില്‍നിന്ന് സ്ത്രീകളെ പിരിച്ചുവിടുകയും ചെയ്തപ്പോള്‍ അതിനെ പ്രശംസിച്ചു പ്രസ്താവനയിറക്കിയത് സലഫി പ്രസ്ഥാനമാണെന്ന് പറയുന്നതു കാന്തപുരമല്ല; എം ഐ സുല്ലമിയാണ്- ‘ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും’ എന്ന പുസ്തകത്തില്‍. നൂറു വര്‍ഷം മുമ്പ് മക്തി തങ്ങള്‍ സ്വീകരിച്ച അതേ നിലപാട് ഇപ്പോഴും സലഫികള്‍ കൊണ്ടുനടക്കുന്നുണ്ടെന്നാണ് ഈ പുസ്തകം പറയുന്നത്. ഫതാവാ ഇസ്‌ലാമിയ്യഃയില്‍നിന്നുള്ള ഒരു ചോദ്യോത്തരം സുല്ലമി ഉദ്ധരിക്കുന്നു. കെമിസ്ട്രി, ഫിസിക്‌സ് തുടങ്ങിയ ഭൗതികശാസ്ത്ര വിഷയങ്ങള്‍ ഒരു യുവതി പഠിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം. ഉത്തരം ഇങ്ങനെ:
”ഒരു സ്ത്രീ അവള്‍ക്ക് അനാവശ്യമായ വിഷയങ്ങള്‍ പഠിക്കേണ്ട ആവശ്യമില്ല. അറബി ഭാഷ, ഇസ്‌ലാമിക വിഷയങ്ങള്‍ തുടങ്ങി അവളുടെ പ്രകൃതിക്കനുയോജ്യമായ വിഷയങ്ങള്‍ അവള്‍ പഠിക്കേണ്ടതാണ്. എന്‍ജിനീയറിംഗ്, രസതന്ത്രം, ഭൂമിശാസ്ത്രം, ഭൗതികശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവയൊന്നും അവള്‍ക്ക് അനുയോജ്യമായവയല്ല.” പുരുഷന്മാര്‍ ജോലി ചെയ്യുന്നിടത്ത് സ്ത്രീകള്‍ ജോലി ചെയ്യുന്നത് നിഷിദ്ധമാണെന്ന് തുടങ്ങി നിരവധി സ്ത്രീ വിരുദ്ധ ഫത്‌വകള്‍ ഇബ്‌നുബാസ് അടക്കമുള്ള സലഫി പണ്ഡിതന്മാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സലഫി സംഘടനകളുടെ വാലായ പെണ്‍പിള്ളേര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവുമൊക്കെ നന്നായി പഠിച്ചിട്ടു മതി കാന്തപുരത്തിനെതിരെ പ്രസ്താവനയിറക്കുന്നത്, തുപ്പുന്നതു മലര്‍ന്നു കിടന്നു മേല്‍പ്പോട്ടാകരുത്.
ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യം ഇതിലും കഷ്ടമാണ്. ഇവരുടെ ഇസ്‌ലാമില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് ഒരു പരിധിയുമില്ല. വഹാബി സംഘടനകളെപ്പോലെയല്ല; കേന്ദ്ര ശൂറയില്‍ മേമ്പൊടിക്ക് പെണ്ണിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പൊതുപ്രവര്‍ത്തനവും തിരഞ്ഞെടുപ്പും ഭരണസാരഥ്യവും അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇസ്‌ലാമെന്തു പറഞ്ഞാലും ജമാഅത്തുകാര്‍ക്ക് ഒരു പ്രശ്‌നവുമില്ല. അതേസമയം, ഇതൊക്കെ പുറത്തേക്ക് തുറന്നുവച്ച കാഹളത്തിലൂടെ കേള്‍ക്കാവുന്ന കാര്യങ്ങളാണ്. അകത്ത് ജമാഅത്തെ ഇസ്‌ലാമിയും പെണ്‍വിഷയത്തില്‍ പിന്തിരിപ്പന്മാരാണ്. മക്തി തങ്ങള്‍ പറഞ്ഞതിലും കടുത്ത സ്ത്രീവിരുദ്ധ നിലപാടാണ് മൗദൂദി വെച്ചുപുലര്‍ത്തിയിരുന്നത്. മൗദൂദിയുടെ ‘പര്‍ദ്ദ’ ഒന്നു വായിച്ചു നോക്കണം.
”പുരുഷന്റെ ഏതാണ്ട് എല്ലാ ശാരീരികാവയവങ്ങളും സ്ത്രീകളുടേതില്‍നിന്ന് വ്യത്യസ്തമാണ്. പ്രമുഖ ശരീരശാസ്ത്രജ്ഞനായ ഹാവ്‌ലോക് എല്ലിസ് പറയുന്നു: ‘പുരുഷന്‍ അവന്റെ കൈവിരല്‍ത്തുമ്പു വരെ പുരുഷന്‍ തന്നെയാണ്, സ്ത്രീ കാല്‍വിരല്‍ തുമ്പു വരെ സ്ത്രീയും.’ ശരീരഘടനയുടെ അന്തരം മാനസികവും വൈകാരികവുമായ അവസ്ഥയിലും പ്രകടമത്രേ. അതിനാല്‍ സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ശാരീരികമോ മാനസികമോ ആയ സമത്വമോ തുല്യതയോ ഇല്ല. അതുകൊണ്ട് തന്നെ അവര്‍ക്കിടയിലെ സമ്പൂര്‍ണ സമത്വം അപ്രായോഗികമാണ്, പ്രകൃതിവിരുദ്ധവും.” ഈ ഉദ്ധരണി കാന്തപുരത്തിന്റെ രചനയില്‍നിന്നല്ല. ജമാഅത്തെ ഇസ്‌ലാമി രണ്ടാം അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ‘ദൈവം, തത്വം, വേദം- സ്‌നേഹസംവാദം’ എന്ന പുസ്തകത്തില്‍നിന്നാണ്. ഇതേ കാന്തപുരവും പറഞ്ഞുള്ളൂ. കാന്തപുരം പറയുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമാകുന്നത്?
സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു പ്രബോധനം വാരികയില്‍ സിഎം വാണിമേല്‍ എഴുതിയ ലേഖനത്തില്‍നിന്നുള്ള ഒരു ഭാഗം താഴെ ചേര്‍ക്കാം. ആരാണ് സ്ത്രീകളെക്കുറിച്ചു പുരോഗമനാത്മകമായ നിലപാട് സ്വീകരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ഈ ഉദ്ധരണി സഹായിക്കും.
”സ്ത്രീകള്‍ ജന്മനാ ‘അബല’കളും അവരുടെ കഴിവുകള്‍ പരിമിതവുമാണ്. ആ കഴിവുകളത്രയും ഗാര്‍ഹിക രംഗത്തെ വിവിധ തുറകളില്‍ വിനിയോഗിക്കാനുള്ളവയുമാണ്. അവരെ പുരുഷന്മാരോടൊപ്പം കര്‍മരംഗത്ത് കൊണ്ടുവരാതെ അവരുടേതായ സമൂഹത്തിലിരുത്തി കഴിവിനും സ്വഭാവത്തിനുമനുസരിച്ച ജോലികള്‍ ചെയ്യുന്നതിനെ ആരും നിരുത്സാഹപ്പെടുത്തുന്നില്ല. ഗൃഹഭരണം, ശിശുപരിപാലന സംസ്‌കരണം മുതലായവ പുരുഷന്മാരേക്കാള്‍ ചുണയോടും ചുറുചുറുക്കോടും കാര്യക്ഷമതയോടും നിര്‍വഹിക്കാന്‍ പ്രാപ്തരാണവര്‍. നേരെ മറിച്ച് അവരെയും പുരുഷന്മാരോടൊപ്പം പൊതുരംഗത്തേക്കഴിച്ചു വിടുകയാണെങ്കില്‍ ഉപര്യുക്തങ്ങളായ തിക്തഫലങ്ങളായിരിക്കും അനുഭവം. നഗ്നകളും അര്‍ധനഗ്നകളുമായി സൈ്വരവിഹാരം ചെയ്യുവാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ള സര്‍വ സ്ഥലങ്ങളിലും ഇത് തന്നെയാണനുഭവം. ബ്രിട്ടനിലെ പ്രമാദമായ ‘കീലര്‍ സംഭവം’ ഒറ്റപ്പെട്ടതല്ല… താരുണ്യവും സൗന്ദര്യവും ഒത്തിണങ്ങിയ യുവതീ യുവാക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഒരു സ്ഥലത്ത് സമ്മേളിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്ന ഒരു പ്രദേശത്ത് ‘കീലറിസം’ നടക്കുന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ”(പ്രബോധനം പു: 23, ല: 10).
കാന്തപുരം എവിടെ കിടക്കുന്നു, പുരോഗമന നവോഥാന പ്രസ്ഥാനങ്ങള്‍ എവിടെ കിടക്കുന്നു?
(അവസാനിച്ചു).
+91 9400501168