Connect with us

Ongoing News

ഐഎസ്എല്‍: ആദ്യ പാദ സെമിയില്‍ ചെന്നൈയിന് മിന്നുന്ന ജയം

Published

|

Last Updated

S

പൂനെ: നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ചെന്നൈയിന്‍ എഫ് സി ഐ എസ് എല്ലിലെ സെമിഫൈനലില്‍ ആധിപത്യം കരസ്ഥമാക്കി. ആദ്യ പാദ സെമിയില്‍ മൂന്ന് ഗോളുകളുടെ മുന്‍തൂക്കം ലഭിച്ചതോടെ, കൊല്‍ക്കത്തയിലെ രണ്ടാം പാദം വലിയ സമ്മര്‍ദമില്ലാതെ ചെന്നൈയിന്‍ എഫ് സിക്ക് കളിക്കാം. ബ്രൂണോ പെലിസാരി (39ാം മിനുട്ട്), ജെജെ ലാല്‍പെഖുല (57ാം മിനുട്ട്), സ്റ്റീവന്‍ മെന്‍ഡോസ (68ാം മിനുട്ട്) എന്നിവരാണ് കൊല്‍ക്കത്തയുടെ വല നിറച്ചത്.
ഐ എസ് എല്ലില്‍ തുടരെ അഞ്ച് മത്സരങ്ങള്‍ ജയിച്ച ആദ്യ ടീം എന്ന ഖ്യാതിയും ഇതോടെ ചെന്നൈയിന്‍ സ്വന്തമാക്കി. ഈ വിജയം കോച്ച് മാര്‍കോ മെറ്റരാസിക്കും സംഘത്തിനും ഏറെ മധുരതരമാണ്. കാരണം, ബ്രസീലിയന്‍ പ്ലേ മേക്കര്‍ എലാനോ ബ്ലൂമറുടെ അസാന്നിധ്യത്തിലാണ് കൊല്‍ക്കത്തയെ പോലെ കിരീട ഫേവറിറ്റായി നിന്ന ടീമിനെ മലര്‍ത്തിയടിച്ചിരിക്കുന്നത്.
അന്റോണിയോ ഹബാസിന്റെ ടീമിന് കിരീടം നിലനിര്‍ത്തണമെങ്കില്‍ വലിയ അത്ഭുതം തന്നെ സംഭവിക്കേണ്ടി വരും. അടുത്ത ലെഗില്‍ ചുരുങ്ങിയത് 3-0ന് ജയിച്ചാല്‍ മാത്രമേ മത്സരം ടൈബ്രേക്കറിലേക്ക് നീട്ടിയെടുക്കാനാകൂ. നിശ്ചിത സമയത്ത് ഫൈനല്‍ ഉറപ്പിക്കാന്‍ ഗോള്‍ വഴങ്ങാതെ നാല് ഗോളുകള്‍ അടിക്കണം. ഒരു ഗോള്‍ വഴങ്ങിയാല്‍ അത് ചെന്നൈയിന്‍ എഫ് സിക്ക് എവേ ഗോള്‍ ആനുകൂല്യം നല്‍കും. പ്രളയം ബാധിച്ചതിനാല്‍ ചെന്നൈയിന്‍ എഫ് സിയുടെ ഹോം മാച്ച് പൂനെയിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാരുടെ പിന്തുണ കുറഞ്ഞെങ്കിലും ചെന്നൈയിന്‍ എഫ് സി പ്രളയബാധിതരായ തമിഴ്‌നാടിന് ആവേശമേകുന്ന ജയമാണ് സമ്മാനിച്ചിരിക്കുന്നത്.
മുപ്പത്തൊമ്പതാം മിനുട്ടില്‍ ബ്രൂണോ പെലിസാരി മുപ്പത് വാര അകലെ നിന്ന് നേടിയ ഫ്രീകിക്ക് ഗോളിലാണ് ചെന്നൈയിന്‍ ലീഡ് നേടുന്നത്. ഈ ഗോള്‍ കൊല്‍ക്കത്തയെ തളര്‍ത്തിക്കളഞ്ഞു.
രണ്ടാം ഗോള്‍ അത്‌ലറ്റിക്കോയുടെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു. ഇടത് വിംഗില്‍ മെന്‍ഡോസ ഫ്രീയായി കയറി വരുമ്പോള്‍ മാര്‍ക്ക് ചെയ്യാന്‍ ആരുമില്ലായിരുന്നു. തടയാനെത്തിയ റിനോ ആന്റോയെ അനായാസം കടന്ന് അമരീന്ദറിനെ വെട്ടിച്ച മെന്‍ഡോസ പന്ത് ജെജെക്ക് അനായാസ ഗോളിന് തള്ളിക്കൊടുത്തു. മൂന്നാം ഗോള്‍ ജെജെയുടെ ഉപകാര സ്മരണയില്‍ മെന്‍ഡോസ നേടി. ടൂര്‍ണമെന്റില്‍ മെന്‍ഡോസ നേടുന്ന പന്ത്രണ്ടാം ഗോളാണിത്.

Latest