ക്ഷീര കര്‍ഷകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

Posted on: December 12, 2015 12:18 pm | Last updated: December 12, 2015 at 12:18 pm

ചിറ്റില്ലഞ്ചേരി: മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂനിയന്‍ ക്ഷീരകര്‍ഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.
ശിക്ഷ സഹയോഗ് യോജന പദ്ധതി പ്രകാരമാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷനുമായി സഹകരിച്ച് നടപ്പാക്കിയ ആദ്മി ബീമായോജന പദ്ധതിയില്‍ ചേര്‍ന്ന കര്‍ഷകരുടെ മക്കള്‍ക്കാണ് വിദ്യാഭ്യാസ ധനസഹായം . ക്ഷീരകര്‍ഷകരുടെയും മില്‍മ ഡീലര്‍മാരുടെയും ഒന്‍പതാം ക്ലാസുമുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് വാര്‍ഷിക സ്‌കോളര്‍ഷിപ്പായി 1,200 രൂപ വീതം നല്‍കുന്നത്.
മലബാര്‍മേഖലയിലെ 6,528 ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കും 25 ഡീലര്‍മാരുടെ മകള്‍ക്കുമായി 75,39,600 രൂപ വിതരണം ചെയ്യും. പാലക്കാട് ജില്ലയില്‍ 2,213 വിദ്യാര്‍ഥികള്‍ക്കും മലപ്പുറത്ത് 482 പേര്‍ക്കും കോഴിക്കോട്ട് 696 പേര്‍ക്കും വയനാട്ടില്‍ 1,726 പേര്‍ക്കും കണ്ണൂരില്‍ 728 പേര്‍ക്കും കാസര്‍കോട്ട് 423 പേര്‍ക്കുമാണ് വിതരണംചെയ്യുന്നത്. വിദ്യാര്‍ഥികള്‍ക്ക് വിതരണംചെയ്യാനുള്ള തുക നവംബര്‍ 20 വരെയുള്ള പാല്‍വിലയോടൊപ്പം സംഘങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടര്‍ കെ.ടി. തോമസ് അറിയിച്ചു.