Connect with us

Kasargod

വാഹനപാര്‍ക്കിംഗിനെ ചൊല്ലി നഗരത്തില്‍ സംഘര്‍ഷം പതിവാകുന്നു

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ സ്ഥാപനങ്ങളുടെ സ്വകാര്യപാര്‍ക്കിംഗ് സ്ഥലത്ത് അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി സംഘര്‍ഷം പതിവാകുന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ പതിവായിരിക്കുന്നത്. ഈ ഭാഗത്ത് ഷോപ്പുകളുടെ സ്വകാര്യ പാര്‍ക്കിംഗ് സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ കയറ്റിയിടുന്നത് പതിവാണ്.
ഇത്തരത്തിലുള്ള പല വാഹനങ്ങളും രാവിലെ നിര്‍ത്തിയിട്ടാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരിച്ചുകൊണ്ടുപോകാറുള്ളത്.അപ്പോഴേക്കും വാഹനം പുറത്തെത്തിക്കാനാകാത്ത തരത്തില്‍ മറ്റ് വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടാകും. പുറത്തുകടത്താന്‍ കഴിയാത്ത ദേഷ്യത്തില്‍ വാഹന ഉടമ മറ്റുള്ളവരോട് കയര്‍ക്കുമ്പോള്‍ പ്രശ്‌നം വാക്കുതര്‍ക്കത്തില്‍ നിന്ന് കയ്യാങ്കളിയിലേക്ക് വരെ എത്തിച്ചേരുകയാണ്. ചില സമയങ്ങളില്‍ സ്ഥാപനഉടമകളുടെ വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് പാര്‍ക്കിംഗ് ഏരിയ മറ്റുള്ളവര്‍ കൈയടക്കുന്നു. ഇതും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു.
വിഷയം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലെത്തുമ്പോള്‍ പോലീസിനും ഇടപെടേണ്ടിവരുന്നു. അതേ സമയം സ്വകാര്യവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കാസര്‍കോട് നഗരത്തിലൊരിടത്തും പ്രത്യേക സ്ഥലസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.ഇതാണ് കാണുന്നിടത്തൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പല സ്വകാര്യവാഹനഉടമകളെയും നിര്‍ബന്ധിതരാക്കുന്നത്. പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കുകയും ചെയ്യും. നോ പാര്‍ക്കിംഗ് ഏരിയ എന്ന ബോര്‍ഡ് പോലും നഗരത്തില്‍ എവിടെയും സ്ഥാപിച്ചിട്ടില്ല. ഇതറിയാതെ പാര്‍ക്കിംഗ് നിരോധിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് പിഴയടക്കേണ്ടിവരുന്നു.

Latest