ഗാസ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ഖത്വര്‍ ചാരിറ്റിയുടെ സാമ്പത്തിക സഹായം

Posted on: December 11, 2015 9:08 pm | Last updated: December 11, 2015 at 9:08 pm

Q-Charity_Resizeദോഹ: ഗാസ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ 800 വിദ്യാര്‍ഥികളുടെ ഫീസ് ഖത്വര്‍ ചാരിറ്റി അടച്ചു. വിദ്യാര്‍ഥികളുടെ ഫീസ് അടക്കാന്‍ ലക്ഷ്യമിട്ടുള്ള 3.65 മില്യന്‍ ഖത്വര്‍ റിയാലിന്റെ ആദ്യ ഘട്ടമാണ് നടപ്പാക്കിയത്. ഗാസ മുനമ്പിലെ ഖത്വര്‍ ചാരിറ്റിയുടെ ഓഫീസില്‍ വെച്ചാണ് ഫീസ് വിതരണം ചെയ്തത്. ദുരിത ജീവിതം നയിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാനുള്ള ആറ് മാസത്തെ പദ്ധതിയാണ് ഇതെന്ന് ഖത്വര്‍ ചാരിറ്റി ഗാസ ഓഫീസ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് അബു ഹല്ലൂബ് അറിയിച്ചു.
വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കാണ് ഇതിന്റെ വലിയ പ്രയോജനവും ആശ്വാസവും ലഭിക്കുക. വിദ്യാര്‍ഥികളുടെ പഠനം തുടരുന്നതിലൂടെ യൂനിവേഴ്‌സിറ്റിക്കും സഹായകരമാകും. ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ അടുത്തിടെ നടത്തിയ വന്‍ ആക്രമണം വലിയ ദുരിതമാണ് ഇവിടുത്തുകാര്‍ക്കുണ്ടാക്കിയത്. 40 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഫീസ് അടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ് സഹായഹസ്തവുമായി എത്തുകയായിരുന്നു ഖത്വര്‍ ചാരിറ്റി. വിദ്യാഭ്യാസത്തിലും മറ്റുള്ള കാര്യങ്ങളിലും ഫലസ്തീന്‍ ജനതയെ സഹായിക്കാന്‍ ഖത്വറും അവിടുത്തെ ജനതയും എന്നും മുന്‍പന്തിയിലുണ്ടായിരുന്നതായി ഗാസ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പബ്ലിക് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് ഡോ. അഹ്മദ് മുഹ്‌സിന്‍ പറഞ്ഞു. ഫലസ്തീനികളുടെ ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായകരമാകുന്ന പദ്ധതികള്‍ നടപ്പാക്കിയ ഖത്വര്‍ ചാരിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.
ഗാസയിലെ അല്‍ അഖ്‌സ യൂനിവേഴ്‌സിറ്റിയില്‍ നിലവില്‍ ഖത്വര്‍ ചാരിറ്റി പഠന ഹാളുകള്‍ നിര്‍മിക്കുന്നുണ്ട്. 70 ലക്ഷം ഖത്വര്‍ റിയാല്‍ ചെലവഴിച്ച് സയന്റിഫിക് റിസര്‍ച്ചിനുള്ള തഖാത് പദ്ധതിയെയും ഖത്വര്‍ ചാരിറ്റി സഹായിക്കുന്നു. 50 ലക്ഷം ഖത്വര്‍ റിയാല്‍ ചെലവില്‍ സ്‌കൂളുകള്‍ക്ക് സോളാര്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള പദ്ധതിയും പുരോഗമിക്കുന്നുണ്ട്. വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഗാസയിലെ വിദ്യാഭ്യാസ മന്ത്രാലയവുമായി മൂന്ന് ധാരണാപത്രങ്ങള്‍ ഖത്വര്‍ ചാരിറ്റി ഒപ്പുവെച്ചിട്ടുണ്ട്. 15.5 മില്യന്‍ ഖത്വര്‍ റിയാല്‍ ചെലവ് വരുന്ന പദ്ധതി പ്രധാനമായും പ്രൈമറി, സെക്കന്‍ഡറി തലങ്ങളെ ലക്ഷ്യംവെച്ചുള്ളതാണ്.