Connect with us

Kerala

മാധ്യമങ്ങള്‍ക്കും പോലീസിനും സോളാര്‍ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

കൊച്ചി: രഹസ്യമായി നടത്താനിരുന്ന സോളാര്‍ കമ്മീഷന്റെ തെളിവെടുപ്പ് പോലീസും മാധ്യമങ്ങളും ചേര്‍ന്ന് പരാജയപ്പെടുത്തിയെന്ന് അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍. സിനിമ പോലും തോറ്റുപോകുന്ന കാഴ്ചയാണ് ഇന്നലെ ഉണ്ടായതെന്നും കമ്മീഷന്റെ വിവേചനാധികാരം ഉപയോഗിച്ച് താന്‍ ചെയ്ത ഒരു കാര്യത്തെ പരിഹാസ്യമാക്കുന്ന രീതിയിലാക്കി മാറ്റിയെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.
ഇന്നലെ ബിജു രാധാകൃഷ്ണനെ ഹാജരാക്കുന്നതിനു മുമ്പാണ് കമ്മിഷന്‍ മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ വിമര്‍ശമുന്നയിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണപക്ഷത്തെ പ്രമുഖര്‍ കേസിലെ പ്രതി സരിത എസ് നായരുമായി വഴിവിട്ട ബന്ധം നടത്തിയെന്ന ആരോപണത്തിന്റെ തെളിവ് തേടിയാണ് കമ്മീഷന്‍ ബിജു രാധാകൃഷ്ണനെ അയച്ചത്. കമ്മീഷനിലെ വക്കീലന്മാരുടെയും സര്‍ക്കാറിന്റെയും തന്റെ തന്നെയും താത്പര്യപ്രകാരമാണ് തെളിവ് ശേഖരണത്തിനായി സംഘത്തെ അയച്ചത്. എന്നാല്‍, പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയെ തുടര്‍ന്ന് ദൗത്യം ആരംഭത്തില്‍ തന്നെ പരാജയപ്പെട്ടു. രാവിലെ ഒമ്പതിന് ബിജു രാധാകൃഷ്ണനെ കമ്മീഷന് മുന്നില്‍ ഹാജരാക്കുന്നതിനാണ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് ജയില്‍ സൂപ്രണ്ടിന് കത്തയച്ചിരുന്നു. എന്നാല്‍, 10.45നാണ് ബിജുവിനെ കമ്മീഷന് മുമ്പില്‍ ഹാജരാക്കുന്നത്. നേരത്തേ എത്തിച്ചിരുന്നെങ്കില്‍ മാധ്യമ ശ്രദ്ധ നേടുന്നതിന് മുമ്പ് തെളിവ് ശേഖരണത്തിനായി പോകാമായിരുന്നു.
കൊച്ചിയില്‍ നിന്ന് സംഘം യാത്ര തിരിക്കുമ്പോള്‍ കോയമ്പത്തൂരിലേക്കോ എന്ന ചോദ്യവുമായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നുകൊണ്ടിരുന്നു. വാര്‍ത്ത അറിഞ്ഞ കോയമ്പത്തൂരിലെ ജനങ്ങള്‍ ഇത് ആഘോഷമാക്കുകയായിരുന്നു. അതീവ രഹസ്യമായി പോകേണ്ട വാഹനം പാലക്കാട്ട് എത്തിയപ്പോള്‍ പാലക്കാട് സി ഐയും സംഘവും എസ്‌കോര്‍ട്ടുമായി പിന്നാലെ കൂടി. തമിഴ്‌നാട്ടിലെത്തിയപ്പോള്‍ തമിഴ്‌നാട് പോലീസും ഒപ്പം ചേര്‍ന്നു. ആരെയും അറിയിക്കാതെ തെളിവ് കണ്ടെത്താന്‍ പോയ വീട്ടില്‍ മാധ്യമപ്പടയായിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് തെളിവ് ശേഖരിക്കുകയെന്നും കമ്മീഷന്‍ ചോദിച്ചു.

Latest