ക്രിസ്മസിനൊരുങ്ങി നാടും നഗരവും

Posted on: December 11, 2015 4:56 pm | Last updated: December 11, 2015 at 4:56 pm

christmasദുബൈ: ക്രൈസ്തവ വിശ്വാസികള്‍ ആഘോഷപ്പൊലിമയിലേക്ക്. ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും സമ്മാനങ്ങളുമൊരുക്കി ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാനൊരുങ്ങുകയാണവര്‍. കച്ചവടസ്ഥാപനങ്ങളും അലങ്കാരങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.
പ്രധാനപ്പെട്ട ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ മുന്നില്‍, സമ്മാനപ്പൊതികളുമായി നില്‍ക്കുന്ന ക്രിസ്മസ് അപ്പൂപ്പന്റെ രൂപങ്ങളുണ്ട്. തുണിക്കടകളും ഫാഷന്‍ ഷോറൂമുകളും ‘ക്രിസ്മസ് ഓഫര്‍’ ബോര്‍ഡുകള്‍ സ്ഥാപിച്ചു. കുട്ടികളെ ആകര്‍ഷിക്കാനായി മിക്ക കടകളുടെയും മുന്നില്‍ അപ്പൂപ്പന്‍ കിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. നീളന്‍ ഗൗണ്‍, തൊപ്പി, ബലൂണുകള്‍, മണി, ചെറിയ ക്രിസ്മസ് ട്രീ, പുല്‍ക്കൂടുകള്‍, കേക്ക്, മിഠായികള്‍ എന്നിവയെല്ലാം കിറ്റിലുണ്ട്. ഡിസംബര്‍ ഇരുപതോടെയാണ് സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി ആരംഭിക്കുക. എന്നാല്‍, കടകളില്‍ കുട്ടികളുടെ തിരക്ക് തുടങ്ങി.
ബേക്കറികളും പലഹാരക്കടകളും പലതരം കേക്കുകളൊരുക്കും. ക്രിസ്മസിന് മുന്‍പേതന്നെ കേക്കുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് കേക്കുകള്‍ക്ക് പുറമെ ക്രിസ്മസ് സ്‌പെഷ്യല്‍ പ്ലം കേക്കുകള്‍ക്കായുള്ള പ്രത്യേക സ്റ്റാളുകളും ഒരുങ്ങുന്നുണ്ട്. കിലോ 20 മുതല്‍ 50 വരെ ദിര്‍ഹമാണ് ശരാശരി കേക്കുകളുടെ വില. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് കേക്കുകള്‍ ലഭ്യമാക്കാന്‍ പ്രത്യേക ‘പേസ്ട്രി ഷെഫുമാരും’ ഈ സമയങ്ങളില്‍ ബേക്കറികളില്‍ എത്താറുണ്ട്.