ഭീകരതക്കെതിരെ ജി സി സി ഒറ്റക്കെട്ട്‌

Posted on: December 11, 2015 4:40 pm | Last updated: December 18, 2015 at 7:51 pm
kannadi
ജി സി സി ഉച്ചകോടിക്കെത്തിയ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് സ്വീകരിക്കുന്നു

ഭീകരതയെ പൂര്‍ണമായി തകര്‍ക്കണമെന്ന ആഹ്വാനത്തോടെയാണ് ജി സി സി ഉച്ചകോടി സമാപിച്ചിരിക്കുന്നത്. സഊദി അറേബ്യയുട ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ പങ്കെടുത്ത ഉച്ചകോടി മേഖലയിലെ സമാധാന കാംക്ഷികള്‍ക്ക് വലിയ പ്രതീക്ഷ പകരുന്നു.
ഇന്ന് ലോകത്തിന്റെ വലിയ ശാപം ഭീകരതയാണ്.ആയിരക്കണക്കിനാളുകളാണ് ദുരിതം അനുഭവിക്കുന്നത്. ബോംബ് സ്‌ഫോടനങ്ങളോ ചാവേറാക്രമണങ്ങളോ എവിടെയും സംഭവിക്കാമെന്നായിട്ടുണ്ട്. മതസംഹിതകളെ തെറ്റായി വ്യാഖ്യാനിച്ച് ആളുകളെ നിഷ്ഠൂരതയുടെ വഴിയിലേക്ക് നയിക്കുകയാണ് ഭീകരര്‍ ചെയ്യുന്നത്. ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിലൊന്നായ യു എ ഇയില്‍ പോലും പ്രത്യാഘാതങ്ങളുണ്ടായി.അബുദാബി റീം ഐലന്റില്‍ഒരു പാശ്ചാത്യ വനിതയെ സ്വദേശി വനിത കുത്തിക്കൊലപ്പെടുത്തി. രാജ്യത്തിന്റെ ഭദ്രതക്ക് ഭീഷണി സൃഷ്ടിക്കുന്ന സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവന്നു.
അല്‍ മനാറ എന്ന പേരിലുള്ള സംഘം യു എ ഇയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്നതായി കേസുണ്ട്. 38 സ്വദേശികള്‍ ഉള്‍പെടെ 40 പേരാണ് അറസ്റ്റിലായത്.
ലോകത്ത് ഐ എസ് അഥവാ ദാഇഷ് ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ക്ക് ഒരു സമൂഹം മുഴുവന്‍ വില നല്‍കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. അമേരിക്കയിലും മറ്റും ഇത് വംശീയ വികാരം ആളിക്കത്തിക്കാന്‍ ഇടയാക്കുന്നു. യഥാര്‍ഥ മതവിശ്വാസികള്‍ ഇതിലൊന്നും ഉള്‍പെടുന്നില്ലെങ്കിലും എല്ലാവരും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരുന്നു.
ഇറാഖ്, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളെ ഭീകരരുടെ താവളങ്ങളെന്ന നിലയിലാണ് കണക്കാക്കുന്നത്. ഇവിടങ്ങളിലും ആയിരക്കണക്കിന് നിരപരാധികള്‍ ഭീകരരുടെ ഇരകളാകുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. ഇരകളെയും വേട്ടക്കാര്‍ക്കൊപ്പം ചേര്‍ത്താനാണ് പാശ്ചാത്യ മാധ്യമങ്ങളും ചിലരാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്. ഇതിനിടയില്‍, വിവേകപൂര്‍ണമായ സമീപനം ജി സി സിയുടെ ഭാഗത്തുനിന്നുവരുന്നു എന്നതാണ് ആശ്വാസം.
സിറിയയില്‍ ഭീകരരെ ഒറ്റപ്പെടുത്താന്‍ ഉച്ചകോടി തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഭരണമാറ്റം നടക്കുകയാണെങ്കില്‍ ബദല്‍ മാര്‍ഗത്തിന് പ്രതിപക്ഷത്തെ സഹായിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സിറിയയും ഭീകരരുടെ കൈകളിലാകും.
ലിബിയയിലും യമനിലും കെട്ടുറപ്പുള്ള ഭരണം മേഖലയുടെ സമാധാനത്തിന് അത്യന്താപേക്ഷിതം. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരിക്കുന്നു.