ജി സി സിയുടെ വര്‍ത്തമാനവും ഭാവിയും

Posted on: December 10, 2015 6:15 pm | Last updated: December 18, 2015 at 7:51 pm
ജി സി സി ഉച്ചകോടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം
ജി സി സി ഉച്ചകോടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

ഭീകരതയുടെ ഭീഷണി ലോകമാകെയുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍, പക്ഷേ പലതരത്തിലാണ് ഭീഷണി നേരിടുന്നത്. ഇരയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍, സാമൂഹിക സുരക്ഷക്കൊപ്പം അതിര്‍ത്തി ഭദ്രതക്കും ഭീകരത വെല്ലുവിളിയാണ്.
നേരത്തെ അല്‍ ഖാഇദയായിരുന്നു രക്തച്ചൊരിച്ചില്‍ നടത്തിയിരുന്നത്. ഇന്ന് ഇസ്‌ലാമിക് സ്റ്റേറ്റും ഹൂത്തി തീവ്രവാദികളും ഒരേപോലെ ആക്രമണകാരികള്‍. ഹൂത്തി തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ സഊദി അറേബ്യയുടെയും യു എ ഇയുടെയും നേതൃത്വത്തില്‍ യമനില്‍ സൈനിക തിരിച്ചടി പാതിവഴിയില്‍. ഇതിനിടയില്‍ നിരവധി സൈനികര്‍ രക്തസാക്ഷികളായി. ഹൂത്തികള്‍ സഊദി അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ്, ജി സി സിയിലും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ലോകത്ത് ഏറ്റവും സമ്പത്തും ആയുധവുമുള്ള സംഘടനയാണത്.
റിയാദില്‍ നടക്കുന്ന ജി സി സി ഉച്ചകോടി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ രക്ഷാകര്‍തൃത്വത്തിലാണ് യോഗം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അടക്കം ഗള്‍ഫിലെ ഭരണാധികാരികള്‍ പങ്കെടുക്കുന്നുണ്ട്.
സിറിയയില്‍ റഷ്യയുടെ ഇടപെടലോടെ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുള്ള നീക്കം വഴിത്തിരിവിലാണ്. പക്ഷേ, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മേഖലക്ക് ഗുണം ചെയ്യുമോയെന്ന സംശയം ഉയര്‍ന്നുവന്നിരിക്കുന്നു. സിറിയയില്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെതിരെ ജനവികാരമുണ്ട്. ബശാര്‍ അല്‍ അസദിന്റെ തെറ്റായ നയങ്ങളാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമെന്ന് ഏവരും കരുതുന്നു. മാത്രമല്ല, ഇറാന്‍ വിഭാവനം ചെയ്യുന്ന ഇറാന്‍, ഇറാഖ്, സിറിയ, ലെബനാന്‍, യമന്‍ അച്ചുതണ്ടിനെ ഗള്‍ഫ് രാജ്യങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇതൊക്കെ ജി സി സി ഉച്ചകോടിചര്‍ച്ചക്ക് വിധേയമാക്കുകയാണ്.