ഖത്വര്‍ വിദ്യാര്‍ഥികളില്‍ 22 ശതമാനം പൊണ്ണത്തടിയുള്ളവര്‍

Posted on: December 9, 2015 7:38 pm | Last updated: December 9, 2015 at 7:38 pm

obesityദോഹ: ഖത്വറിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 16 മുതല്‍ 22 വരെ ശതമാനം അമിതഭാരമുള്ളവരാണെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ. ആറിനും 19നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളുടെ ആരോഗ്യം നിരീക്ഷിക്കാനായി കഴിഞ്ഞ വര്‍ഷം മുതല്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹെല്‍ത്ത് പ്രമോഷന്‍ ആന്‍ഡ് നണ്‍ കമ്യൂനിക്കബിള്‍ ഡിസീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ശൈഖ ഡോ. അല്‍ അനൂദ് ബിന്‍ത് മുഹമ്മദ് അല്‍ താനി അറിയിച്ചു. നാഷനല്‍ ഹെല്‍ത്തി സ്‌കൂള്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിതഭാരവും അമിത വളര്‍ച്ചയും ഭാരമില്ലായ്മയും വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ട് വിശകലനം ചെയ്ത ശേഷം അനുമാനിക്കാന്‍ സാധിക്കുന്നത്. 16 ശതമാനം എന്ന കണക്ക് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെതാണ്. അവര്‍ വളരുമ്പോള്‍ പ്രശ്‌നം കൂടുകയാണ് ചെയ്യുക. ഭാരമില്ലായ്മ പ്രശ്‌നം വളരുന്നതോടെ പരിഹരിക്കപ്പെടും. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് ഭാരമില്ലായ്മ കാണാനാകുന്നത്; പ്രത്യേകിച്ച് സെക്കന്‍ഡറിതല വിദ്യാര്‍ഥികളില്‍.
ഇത് പരിഹരിക്കാന്‍ സ്‌കൂള്‍ കാന്റീനുകളിലെ ഭക്ഷണ ഇനങ്ങളില്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരും. ഇക്കാര്യം പരിശോധിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ അറിയിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ കൂടുതല്‍ സജീവമായി ഇക്കാര്യത്തില്‍ ഇടപെടണം. കാന്റീനില്‍ നിലവാരം കുറഞ്ഞ ഭക്ഷണം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം അറിയിക്കണം. സോഫ്റ്റ് ഡ്രിങ്ക്‌സ് അടക്കമുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ നേരത്തെ നിരോധിച്ചതാണ്. സ്‌കൂളുകള്‍ വലിയ സഹകരണമാണ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തുമായി നടത്തുന്നത്. അതേസമയം, അക്കാദമിക് വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിയാതിരിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും ശൈഖ ഡോ. അല്‍ അനൂദ് ബിന്‍ത് മുഹമ്മദ് അല്‍ താനി ഓര്‍മിപ്പിച്ചു.