സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ജേക്കബ് തോമസ്

Posted on: December 9, 2015 7:12 pm | Last updated: December 10, 2015 at 10:07 am

jacob-thomas

തിരുവനന്തപുരം: അഴിമതിവിരുദ്ധ ദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സര്‍ക്കാറിനുമെതിരെ പരോക്ഷ വിമര്‍ശവുമായി ഡി ജി പി ജേക്കബ് തോമസ് വീണ്ടും. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്ന സമൂഹമായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു. താനൊരു അഴിമതി ഉയര്‍ത്തിക്കാണിച്ചാല്‍ തനിക്ക് നാല് മെമ്മോ കിട്ടും- ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനം മുകളിലേക്ക് മാത്രമല്ല, താഴേക്കും വശങ്ങളിലേക്കും വേണം. അത് പരിസ്ഥിതി സൗഹൃദവുമാകണം. മുകളിലുള്ളവരെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ ചെന്നൈയിലുണ്ടായതു പോലുള്ള ദുരന്തങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കും. ഫഌറ്റ് നിര്‍മാതാക്കളും നിക്ഷിപ്തതാത്പര്യക്കാരുമാണോ നയം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാറിനെതിരെ പരസ്യവിമര്‍ശം നടത്തിയെന്ന ആരോപണത്തിന്മേല്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്കിലും ഇതേ വിഷയത്തില്‍ ജേക്കബ് തോമസ് പ്രതികരണം നടത്തി. ലോക അഴിമതിവിരുദ്ധ ദിനത്തില്‍ സദ്ഭരണമുള്ള മാവേലിനാടിനെ സ്വപ്‌നം കാണാം. അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും ഭയമല്ലേ അഴിമതിക്ക് വളമാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിയുടെ പരിഗണനയിലാണ്. സര്‍ക്കാറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.