Connect with us

Articles

നികുതി പിരിക്കാം, പിഴിയരുത്

Published

|

Last Updated

നമ്മുടെ നാട്ടില്‍ നിലവിലുള്ള അശാസ്ത്രീയമായ നികുതി ഘടനകള്‍ പ്രത്യക്ഷമായും പരോക്ഷമായും വ്യാപകമായ നികുതിവെട്ടിപ്പിന് പ്രേരകമാകുന്നുണ്ട്. നികുതിവെട്ടിച്ച് ലാഭം ഉണ്ടാക്കാന്‍ വ്യാപാരികളെയും നികുതി നല്‍കാതെ പണം ലാഭിക്കാന്‍ ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്നതും അശാസ്ത്രീയ നികുതിവ്യവസഥകളാണ്. നികുതിവെട്ടിപ്പിനിരയാകാത്ത ഒരു മേഖലയും രാജ്യത്ത് ഇല്ലെന്നുതന്നെ പറയാം. എല്ലാമേഖലയിലും കൃത്യമായി നികുതി അടക്കുന്നവരും നികുതിവെട്ടിച്ച് അനധികൃതവ്യാപാരം നടത്തുന്നവരും തമ്മിലുള്ള മത്സരമാണിന്ന്.
ഞാന്‍ പ്രവര്‍ത്തിക്കുന്ന ആഭരണവ്യാപാരമേഖലയുടെ കാര്യം തന്നെയെടുക്കാം. കോടികളാണ് ഈ മേഖലയിലെ നികുതിവെട്ടിപ്പുമൂലം സര്‍ക്കാറിന് നഷ്ടമാകുന്നത്. ഔദ്യോഗിക ഏജന്‍സികളുടെ കണക്കനുസരിച്ച് ഏകദേശം 5000 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലെ വാര്‍ഷിക ഇറക്കുമതി. ഇതില്‍ 900 മെട്രിക് ടണ്‍ മാത്രമാണ് ഔദ്യോഗികമായി കണക്കുകളില്‍ പെടുത്തി ഇറക്കുമതിചെയ്യുന്നത്. ബാക്കി 4,100 മെട്രിക് ടണ്‍ എത്തുന്നത് അനധികൃതമായാണ്. കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 1,21,770 കോടി രൂപയും ആദായ നികുതി ഇനത്തില്‍ 6642 കോടിയും ഇങ്ങനെ രാജ്യത്തിന് നഷ്ടമാകുന്നു.
ഇത്രയും ഭീമമായ തുക നിരന്തരമായി പൊതു ഖജനാവില്‍ നിന്നും കൊള്ളയടിക്കപ്പെടുന്നതിന് പ്രധാന കാരണം അശാസ്ത്രീയ നികുതി ഘടന തന്നെയാണ്. ആഭരണവ്യാപാരത്തില്‍ കേരളത്തില്‍ നിലവിലുള്ള വാറ്റ് നിരക്ക് അഞ്ച് ശതമാനം ആണ.് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാലിരട്ടി കൂടുതല്‍. എന്നാല്‍, സ്വമേധയാ കോമ്പൗണ്ടിംഗ് സമ്പ്രദായം സ്വീകരിക്കുന്ന വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്നും1.15 ശതമാനം മുതല്‍ 1.25 ശതമാനം വരെ നികുതി ഈടാക്കിയാല്‍ മതി എന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഒരു ബദല്‍ മാര്‍ഗം എന്ന നിലയില്‍ ഇത് ഒറ്റ നോട്ടത്തില്‍ ആകര്‍ഷകമായി തോന്നാം. എന്നാല്‍ ഇതില്‍ ഒരു കെണിയുണ്ട്. കോമ്പൗണ്ടിംഗ് സമ്പ്രദായപ്രകാരം കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളില്‍ നിന്നു നികുതി ഈടാക്കിയ വ്യാപാരികള്‍ പക്ഷേ സര്‍ക്കാറില്‍ അടക്കേണ്ടത് മുന്‍വര്‍ഷം അടച്ച നികുതിയുടെ 115 ശതമാനം മുതല്‍ 125 ശതമാനം വരെ തുകയാണ്. എല്ലാ വര്‍ഷവും വ്യാപാരത്തില്‍ ഉണ്ടാകുന്ന വര്‍ധന മുന്‍കൂര്‍ വകയിരുത്തിയാണ് ഇങ്ങനെ നിശ്ചയിച്ചിട്ടുള്ളത്. വില്‍പ്പനയില്‍ വര്‍ഷം തോറും വര്‍ധവുണ്ടായേക്കാം എന്നൊരൂഹത്തിന്റെ പുറത്താണ് ഇത്തരമൊരു നികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നറിയുമ്പോഴാണ് ഇതിന്റെ അശാസ്ത്രീയതയും അപ്രായോഗികതയും മനസ്സിലാകുക.
അന്താരാഷ്ട്ര സാമ്പത്തിക മേഖലയിലെ നേരിയ ചലനം പോലും മേഖലയെ അനിശ്ചിതത്വത്തിലാക്കും എന്നതാണ് സ്വര്‍ണ വ്യാപാര രംഗത്തിന്റെ സവിശേഷത. സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സ്ഥാപനങ്ങളുടെ വിറ്റുവരവിനെ നിരന്തരമായി ബാധിക്കും. ഇത് മൂലം അതൊരിക്കലും മുന്‍കൂര്‍ പ്രവചിക്കാനോ കണക്കുകൂട്ടാനോ സാധ്യമല്ല. പക്ഷേ, നമ്മുടെ നികുതി വ്യവസ്ഥ അനുസരിച്ച് നഷ്ടം സഹിച്ചും സ്വന്തം പോക്കറ്റില്‍ നിന്നെടുത്തും സര്‍ക്കാറിലേക്ക് നികുതിയടക്കേണ്ട സ്ഥിതിയാണ് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കുന്ന വ്യാപാരികള്‍ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്.
ഉപഭോക്താവില്‍ നിന്നു പിരിച്ചെടുത്ത നികുതിയും സര്‍ക്കാറിലേക്ക് അടക്കേണ്ട നികുതിയും തമ്മിലുള്ള ഭീമമായ അന്തരം സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് നയിക്കും. കോമ്പൗണ്ടിംഗ് സമ്പ്രദായത്തിന്റെ അശാസ്ത്രീയത, ഒരുവ്യാപാര മേഖലയെ തളര്‍ത്തുന്നതിന് ഉദാഹരണമാണിത്. ഇതിന്റെ പരിണിത ഫലമെന്നോണം നല്ലൊരു ശതമാനം കച്ചവടവും അനധികൃത മാര്‍ഗങ്ങളിലേക്ക് തിരിയുന്നതാണ് ഇത്തരം പാഴ്‌നിയമങ്ങളുടെ ദൂഷ്യഫലം.
സ്വര്‍ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇവിടുത്തെ നികുതി ഘടനയുടെ ഫലമായി 80 ശതമാനത്തോളം വ്യാപാരം അനധികൃതമായി മാറിയിരിക്കുന്നു. ഇതിന് കാരണം ദീര്‍ഘവീക്ഷണവും കാര്യക്ഷമതയും പുലര്‍ത്താത്ത നികുതി ഘടനയും, സര്‍ക്കാര്‍ സംവിധാനവും തന്നെയാണ്. കള്ളക്കടത്തുകാരുടെയും അനധികൃത മാഫിയയുടെയും പിടിയിലമര്‍ന്ന ആഭരണമേഖല സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കുന്ന നഷ്ടത്തിന്റെ വ്യാപ്തി അറിയാന്‍ ലളിതമായ ഒരുകണക്ക് പറയാം.
ഔദ്യോഗിക ഏജന്‍സികളുടെ പഠനമനുസരിച്ച് 1,13,400 കോടി രൂപയാണ് കേരളത്തിലെ സ്വര്‍ണവ്യാപാരരംഗത്തെ മൊത്തം വാര്‍ഷികവിറ്റുവരവ്. ഇതില്‍ ഔദ്യോഗികമായ കണക്കുകളില്‍പെടുത്തിയിരിക്കുന്നത് വെറും 34,020 കോടിയാണ്. ബാക്കി 79,380 കോടി രൂപയുടെ വ്യാപാരം നടക്കുന്നത് അനധികൃത മേഖലയില്‍ ആണ്. ഇതുമൂലം കോടിക്കണക്കിനു രൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാറിന് നഷ്ടം. ഇനി മറ്റൊരു കണക്ക് പറയാം. നിയമാനുസൃതമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ ഒരു പവന് 3,200 രൂപയോളം വിവിധ നികുതികളായി സര്‍ക്കാറിലേക്ക് നല്‍കുന്നുണ്ട്. എന്നാല്‍ അണ്‍അക്കൗണ്ടഡ് കച്ചവടക്കാര്‍ക്ക് ഈ ബാധ്യതയില്ല. ഈ തുക ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലവിധ മാഫിയകളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ഫലമോ സര്‍ക്കാര്‍ ഖജനാവിന് വന്‍തോതിലുള്ള വരുമാന നഷ്ടവും.
നിരവധി തവണ സംസ്ഥാനസര്‍ക്കാറിന്റെ ശ്രദ്ധയില്‍ ഈ വിഷയത്തിന്റെ ഗൗരവം അവതരിപ്പിച്ചിട്ടും നിയമവിധേയമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആകുലതകള്‍ ചെവിക്കൊള്ളാന്‍ സര്‍ക്കാറും ഉദ്യാഗസ്ഥ സംവിധാനങ്ങളും തയ്യാറാകുന്നില്ല. കണക്കുകള്‍ നികുതിവകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനവുമായി ലിങ്ക് ചെയ്ത് സുതാര്യമാക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ക്രിയാത്മകമായ ഒരു പ്രതികരണവും ഉണ്ടായില്ല. മറിച്ച്, വിലക്കുറവും വില്‍പ്പന മാന്ദ്യവും കണക്കിലെടുക്കാതെ ഓരോ വര്‍ഷവും കോമ്പൗണ്ടിംഗ് നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഭരണകൂടം. ഉപഭോക്താവില്‍ നിന്നും ഈടാക്കാത്ത കോടിക്കണക്കിന് രൂപയാണ് സത്യസന്ധമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാറിലേക്ക് അടച്ചുകൊണ്ടിരിക്കുന്നത്.
കണക്കില്‍ കാണിക്കാതെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളെ നികുതി കൃത്യമായി അടക്കാന്‍ പ്രോത്സാഹിപ്പിക്കണമെങ്കില്‍ നികുതി ഘടനയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തിയെ തീരൂ. ഇ ഗവര്‍ണന്‍സ് നടപ്പിലാക്കി നികുതി സമാഹരണം കാര്യക്ഷമമാക്കണം. ഇതില്‍ നമ്മുടെ അയല്‍ രാജ്യമായ സിംഗപ്പൂരിനെ മാതൃകയാക്കാവുന്നതാണ്. ശാസ്ത്രീയമായ നികുതി ഘടനയും ലളിതവും സുതാര്യവുമായ നികുതി നിരക്കുകളും കാര്യക്ഷമമായ നികുതി സമാഹരണവുമാണ് നികുതിവെട്ടിപ്പും, നികുതിചോര്‍ച്ചയും ചെറുക്കാനുള്ള പോംവഴി.
(മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനാണ് ലേഖകന്‍)

Latest