ദേശീയ ദിനം: ഖത്വര്‍ ഫൗണ്ടേഷന് വിവിധ പരിപാടികള്‍

Posted on: December 8, 2015 8:12 pm | Last updated: December 8, 2015 at 8:34 pm

qatar national dayദോഹ: ഖത്വര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്വര്‍ ഫൗണ്ടേഷന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഖത്വര്‍ ഫൗണ്ടേഷന്റെ വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. ഇന്നു മുതല്‍ 20 വരെ ദര്‍ബ് അല്‍ സാഇയില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ഖത്വര്‍ ഫൗണ്ടേഷന്‍ എജുക്കേഷന്‍ സയന്‍സ് ആന്‍ഡ് കമ്യൂണിറ്റി ഡവലപ്‌മെന്റ് വിഭാഗം പങ്കെടുക്കും. ഖത്വര്‍ ഫൗണ്ടേഷന്‍ ടെന്റില്‍ പ്രതിദിനം 5000 പേരെയാണ് ഈ പരിപാടികള്‍ വീക്ഷിക്കാന്‍ പ്രതീക്ഷിക്കുന്നത്. ഖത്വര്‍ നാഷനല്‍ വിഷന്‍ 2030 അടിസ്ഥാനപ്പെടുത്തിയുള്ള രാജ്യത്തിന്റെ പുരോഗതി വിവരിച്ചു കൊണ്ടുള്ളതാണ് പരിപാടി. സന്ദര്‍ശകര്‍ക്ക് ഫൗണ്ടേഷന്‍ പാസ്‌പോര്‍ട്ട് വിതരണം ചെയ്യും. വിദ്യാഭ്യാസത്തെയും അറിവിനെയും പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് പ്രധാനമായും ഈ പരിപാടി.
സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ രണ്ടു പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടികളുടെ ആരോഗ്യശീലങ്ങളെയും ശരീരത്തെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഗെയിമുകളാണ് സിദ്‌റ സംഘടിപ്പിക്കുക. ടെക്‌സാസ് എ ആന്‍ഡ് എം യൂനിവേഴ്‌സിറ്റി റോബോട്ടുകള്‍ ഉണ്ടാക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും എങ്ങനെ എന്നു വിവരിക്കുന്ന പ്രദര്‍ശന പരിപാടി സംഘടിപ്പിക്കും. റീച്ച് ഔട്ട് ടു ഏഷ്യ എന്ന പ്രോഗ്രാം ലോകത്തെ വിവിധ രാജ്യങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന ജീവിതങ്ങളുടെ നേര്‍കാഴ്ചകള്‍ അവതരിപ്പിക്കും.
രാജ്യത്തെ വ്യവസായ മേഖലക്ക് യുവാക്കള്‍ നല്‍കുന്ന സംഭാവനകളെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പരിപാടിയാണ് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. സാങ്കേതിക വിദ്യകള്‍ രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കുന്നതിലാണ് ഈ വിഭാഗം കേന്ദ്രീകരിക്കുക. രാജ്യത്തിന്റെ സ്ഥിരതയും പുരോഗതിയും സൂചിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.