ഒടുവില്‍ സര്‍ക്കാരിന് വഴങ്ങി; ഋഷിരാജ് സിങും ലോക്നാഥ് ബഹ്‌റയും സ്ഥാനമേറ്റു

Posted on: December 8, 2015 12:56 pm | Last updated: December 8, 2015 at 6:39 pm

rishiraj-behra

തിരുവനന്തപുരം: ജയില്‍ ഡിജിപിയായി ഋഷിരാജ് സിങ്ങും ഫയര്‍ഫോഴ്‌സ് മേധാവിയായി ലോക്‌നാഥ് ബഹ്‌റയും ചുമതലയേറ്റു. നിയമനത്തില്‍ പ്രതിഷേധിച്ച് ഇരുവരും സ്ഥാനമേല്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ ഡി ജി പി കേഡര്‍ തസ്തിക ഒഴിഞ്ഞുകിടക്കവെ, തങ്ങളെ ആ പദവിയിലേക്കു പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇരുവരും ചുമതലയേല്‍ക്കാതെ 18 വരെ അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു.ഇന്ന് ചുമതലയേല്‍ക്കണമെന്ന് ആഭ്യന്തര വകുപ്പ് ഇരുവര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഡി ജി പിമാരുടെ നിയമനം സംബന്ധിച്ച് അതൃപ്തി പ്രകടിപ്പിച്ച് ഐ പി എസ് അസോസിയേഷന്‍ ഇന്നലെ പ്രമേയം അവതരിപ്പിച്ചിരുന്നു. ഐ പി എസുകാരോട് വിവേചനം കാട്ടുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണണെന്നും പ്രമേയം ആവശ്യപ്പെട്ടു.