Connect with us

Eranakulam

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം അടുത്തമാസം

Published

|

Last Updated

കൊച്ചി: ഐടി മേഖലയില്‍ കേരളത്തിന് ആഗോളതലത്തില്‍ അഭിമാനമാകാന്‍ ഒരുങ്ങുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട 23 വിഷയങ്ങളില്‍ പത്തെണ്ണത്തില്‍ തീര്‍പ്പായെന്നും അടുത്ത മാസം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടര വര്‍ഷത്തിനുള്ളില്‍ ചേരുന്ന സ്മാര്‍ട്ട് സിറ്റിയുടെ ഏഴാമത് ബോര്‍ഡ് യോഗത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. റോഡ്, സമീപമുള്ള ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഉള്‍പ്പെടെയുള്ള അനുബന്ധമായ ചെറിയകാര്യങ്ങളാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ ബ്രഹ്മപുരത്ത് ആധുനിക മാലിന്യസംസ്‌കരണ പ്ലാന്റ് അന്തിമ ഘട്ടത്തിലാണ്. ഇതു സംസ്‌കരിച്ച് അതില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്.
സ്മാര്‍ട്ട് സിറ്റിയുടെ പ്രധാന പങ്കാളിയായ ദുബായ് ഉള്‍ക്കൊള്ളുന്ന യു എ ഇയിലെ ഭരണാധികാരിയുടെ സൗകര്യം ഉദ്ഘാടനത്തിനായി ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശന തീയതിയുടെ കാര്യത്തില്‍ തീരുമാനമായില്ല. കേരളത്തില്‍ വരാന്‍ ശൈഖ് മുഹമ്മദ് അതീവ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞതായി ചീഫ് സെക്രട്ടറി അറിയിച്ചു. അദ്ദേഹത്തിന്റെ വരവിനു മുമ്പ് റോഡ് ഉള്‍പ്പെടെ അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കൂടാതെ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കുന്നതിനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
19 ഏക്കര്‍ പട്ടയ ഭൂമി, റോഡ്, 220 കെവി പവര്‍ സ്‌റ്റേഷന്‍, മെട്രോ കണക്ടിവിറ്റി, സ്റ്റാമ്പ് ഡ്യൂട്ടി, വാടക, നികുതി ആനുകൂല്യം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിഹരിക്കപ്പെട്ടത്. ചീഫ് സെക്രട്ടറിയെകൂടാതെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബാബു ജോര്‍ജ്, ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം എന്നിവരും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും പങ്കെടുത്തു.