Connect with us

National

ഏക സിവില്‍കോഡ് ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍കോഡ് ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഏക സിവില്‍കോഡ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഏക സിവില്‍കോഡ് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ലിമെന്റിനാണ്. രാജ്യത്തെ നിയമനിര്‍മാണ കീഴ്‌വഴക്കം മറികടന്ന് ഇത്തരം ഹരജി ഫയലില്‍ സ്വീകരിക്കുന്നതിനെതിരെ കോടതിക്ക് കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ബഞ്ച് ഓര്‍മിപ്പിച്ചു. ഏക സിവില്‍കോഡ് നടപ്പാക്കാത്തതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അഡ്വ. അശ്വിന്‍ കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇന്നലെ ഇത് സംബന്ധിച്ച ഹരജി പരിഗണിച്ചയുടന്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
രാജ്യത്തെ നിയമവ്യവസ്ഥ ക്രിമിനല്‍ കേസുകളില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമമാണ് അനുശാസിക്കുന്നതെങ്കിലും വിവാഹം, വിവാഹമോചനം, അനന്തരാവകാശം പോലുള്ള സിവില്‍ കേസുകളില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വെവ്വേറെ നിയമമാണ് നിലവിലുള്ളത്. ഹിന്ദു വിവാഹ നിയമം സ്വതന്ത്ര്യത്തിനു ശേഷം പരിഷ്‌കരിക്കപ്പെട്ടു. എന്നാല്‍, മുസ്‌ലിം, ക്രിസ്ത്യന്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്തേത് തന്നെയാണ് ഇപ്പോഴും പിന്തുടരുന്നതെന്ന് ഹരജിയില്‍ പറയുന്നു. വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ നിയമം പോലെ തന്നെ സിവില്‍ നിയമവും പൊതുവാക്കുന്ന വിധത്തില്‍ ഏകീകൃത സിവില്‍കോഡ് കൊണ്ടുവരാന്‍ കോടതി ഇടപെടണമെന്നുമാണ് ബി ജെ പി നേതാവ് കൂടിയായ ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.
അതേസമയം വിവാഹം, വിവാഹമോചനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ തന്നെ വിവേചനം ആരോപിച്ച് കോടതിയെ സമീപിക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി ഇതുവരെ അങ്ങനെ ആരും ആരോപണവുമായി മുന്നോട്ടു വന്നിട്ടില്ലെന്നും ഓര്‍മിപ്പിച്ചു. പൊതുനിയമം കൊണ്ടുവരാന്‍ പാര്‍ലിമെന്റിനോട് ആവശ്യപ്പെടാന്‍ ജുഡീഷ്യറിക്കു കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച നടപടിക്രമങ്ങളില്‍ വ്യാപകമായ ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്ന് മുമ്പ് സുപ്രീം കോടതി പറഞ്ഞിരുന്നു.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest