റസിഡന്റ് കാര്‍ഡ് കൈവശമില്ലാത്തവരെ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയക്കുന്നു

Posted on: December 7, 2015 10:23 pm | Last updated: December 7, 2015 at 10:23 pm

receദോഹ: ഖത്വറില്‍ പുതുതായി നിലവില്‍ വന്ന റസിഡന്റ് കൈവശം വെക്കാതെ എയര്‍പോര്‍ട്ടിലെത്തിയവര്‍ക്ക് മടങ്ങിപ്പോകേണ്ടി വരുന്നു. നാട്ടില്‍ പോയി മടങ്ങുന്നവരാണ് എയര്‍പോര്‍ട്ടിലെത്തി കുടുങ്ങുന്നത്. ഖത്വറില്‍ നിന്ന് നാട്ടിലേക്കു പോകുന്നതിനും റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാണ്. റസിഡന്റ് കാര്‍ഡ് കൈവശം വെക്കാതെ കുടുങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും കാര്‍ഡ് തന്നെ നഷ്ടപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഖത്വറിലെ അഭിഭാഷകന്‍ ജാഫര്‍ഖാന്‍ പറഞ്ഞു.
ഖത്വറില്‍ പുതുതായി നിലവില്‍ വന്ന രീതിയനുസരിച്ച് പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നില്ല. പകരം വിദേശികളുടെ മുഴുവന്‍ രേഖകളും ഉള്‍പെടുത്തിയ റസിഡന്റ് കാര്‍ഡാണ് നല്‍കുന്നത്. വിസാ വിവരങ്ങളും ഈ കാര്‍ഡിലാണ് രേഖപ്പെടുത്തുന്നത് എന്നതിനാല്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് കാര്‍ഡ് നിര്‍ബന്ധമാണ്. ഖത്വര്‍ എയര്‍പോര്‍ട്ടിലൂടെ പുറത്തു പോകാനോ തിരിച്ചു വരാനോ ഈ കാര്‍ഡ് മതിയാകും. എന്നാല്‍ ഇന്ത്യയിലെ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമായതിനാല്‍ രണ്ടു രേഖകളും തുല്യ പ്രാധാന്യത്തോടെ കൈവശം വെക്കേണ്ടി വരുന്നു.
പഴയ ലേബര്‍ ഐ ഡി കാര്‍ഡ് യാത്രയില്‍ പ്രധാനമല്ലാതിരുന്നതിനാല്‍ പ്രവാസികള്‍ക്ക് പതിയ റസഡന്റ് കാര്‍ഡിന്റെ പ്രാധാന്യം മനസ്സിലാകാത്തതാണ് അബദ്ധം സംഭവിക്കാന്‍ കാരണമാകുന്നതെന്ന് അഡ്വ. ജാഫര്‍ഖാന്‍ പറഞ്ഞു. അടുത്ത ദവസങ്ങളിലായി അഞ്ചിലധികം സംഭവങ്ങളില്‍ ഇടപെടേണ്ടി വന്നു. നാട്ടില്‍ പോയി കാര്‍ഡ് നഷ്ടപ്പെട്ടതാണ് കാരണം. കാര്‍ഡില്ലാതെ എയര്‍പോര്‍ട്ടിലെത്തി യാത്ര മുടങ്ങുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നുണ്ട്. പാസ്‌പോര്‍ട്ടില്‍ വിസയില്ലാത്തതിനാല്‍ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിസ ഉറപ്പു വരുത്തുന്നത് റസിഡന്റ് കാര്‍ഡ് പരിശോധിച്ചാണ്. അതുകൊണ്ടു തന്നെ കാര്‍ഡില്ലാതെ നാട്ടില്‍ നിന്നും കയിറ്റി വിടില്ല.
കാര്‍ഡ് മറന്നുവെച്ചവര്‍ക്ക് പുതിയ ടിക്കറ്റെടുത്ത് യാത്ര തുടരാം. എന്നാല്‍, കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ആഴ്ചകളുടെ നിയമനടപടികളിലൂടെ വേണം പുതിയ കാര്‍ഡ് ഉണ്ടാക്കാനെന്ന് ജാഫര്‍ഖാന്‍ അറിയിച്ചു. ലോക്കല്‍ പോലീസില്‍ കാര്‍ഡ് നഷ്ടപ്പെട്ടതായി കാണിച്ചു നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന റിപ്പോര്‍ട്ട് റോട്ടറി സാക്ഷ്യപ്പെടുത്തി വിദേശകാര്യ മന്ത്രാലയം, ഇന്ത്യയിലെ ഖത്വര്‍ എംബസി എന്നിവ കൂടി സാക്ഷ്യപ്പെടുത്തി ഖത്വറിലേക്ക് അയക്കണം. ഇവിടെ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ രേഖകള്‍ സഹിതം അപേക്ഷ നല്‍കി 200 റിയാല്‍ അടച്ചു വേണം ബദല്‍ കാര്‍ഡ് സംഘടിപ്പിക്കാന്‍. ഖത്വറിലെ നടപടിക്രമങ്ങള്‍ എളുപ്പമാണെങ്കിലും ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസിയുടെയും അറ്റസ്റ്റേഷന്‍ ലഭിക്കാന്‍ സമയമെടുക്കും. ഖത്വറില്‍ കമ്പനി പ്രിതനിധികള്‍ക്കോ കാര്‍ഡ് ഉടമ ചുമതലപ്പെടുത്തുന്നവര്‍ക്കോ മന്ത്രാലയത്തെ സമീപിക്കാം.
റസിഡന്റ് കാര്‍ഡ് അതിന്റെ ഗൗരവപൂര്‍വം കൈവശം വെക്കുകയും സൂക്ഷിക്കുകയും ചെയ്യാന്‍ പ്രവാസികള്‍ ശീലിക്കണമെന്നും ഗള്‍ഫില്‍ മറ്റു രാജ്യങ്ങളിലൊന്നും ഇല്ലാത്ത പ്രാധാന്യമാണ് ഖത്വര്‍ റസിഡന്റ് കാര്‍ഡിന് ഇപ്പോള്‍ ഉള്ളതെന്നും ഇവിടെ നിന്ന് നാട്ടിലേക്കു പോകുമ്പോഴും കാര്‍ഡെടുക്കാന്‍ മറന്നാല്‍ യാത്ര പ്രതിസന്ധിയിലാകുമെന്നും ജാഫര്‍ഖാന്‍ പറഞ്ഞു.
ഗള്‍ഫില്‍ ഒമാനില്‍ റസിഡന്റ് കാര്‍ഡില്‍ വിസ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് ഈ ഗേറ്റില്‍ ഈ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ യാത്രക്ക് കാര്‍ഡ് നിര്‍ബന്ധമല്ല. യു എ ഇയില്‍ വിവിധോദ്ദേശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് എമിറേറ്റ്‌സ് ഐ ഡി എന്ന പേരില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും റസിഡന്റ് കാര്‍ഡ് നല്‍കുന്നത്. ഈ കാര്‍ഡും യാത്രക്ക് നിര്‍ബന്ധമല്ല.