ഡൗണ്‍ ടൗണില്‍ ഇമാറിന്റെ പുതിയ പദ്ധതി വരുന്നു

Posted on: December 7, 2015 8:00 pm | Last updated: December 7, 2015 at 8:44 pm

ദുബൈ: നഗരത്തിലെ ആത്യാഢംബര താമസകേന്ദ്രങ്ങളില്‍ പ്രമുഖമായ ഡൗണ്‍ ടൗണിലെ ദുബൈ ഒപേറ ജില്ലയില്‍ പ്രമുഖ നിര്‍മാതാക്കളായ ഇമാര്‍ പുതിയ താമസ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. ദ അഡ്രസ് റെസിഡന്‍സ് ദുബൈ ഒപേറ എന്ന പേരിലാണ് പുതിയ പദ്ധതി 12ന് ഉദ്ഘാടനം ചെയ്യുക.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് സമീപത്തായാവും പുതിയ താമസ കേന്ദ്രം സാക്ഷാത്കരിക്കുകയെന്ന് ഇമാര്‍ അധികൃതര്‍ വെളിപ്പെടുത്തി. രണ്ട് ടവറുകളായാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. ആദ്യ ടവറില്‍ 65 നിലയില്‍ താമസ കേന്ദ്രവും രണ്ടാമത്തെതില്‍ 55 നിലകളില്‍ ഹോട്ടല്‍/സര്‍വീസ് അപാര്‍ട്‌മെന്റും ഉള്‍പെടുന്ന പദ്ധതിക്കാണ് രൂപംനല്‍കിയിരിക്കുന്നത്.
2020ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ ചതുരശ്രമീറ്ററിന് എത്ര ദിര്‍ഹമാണ് ഈടാക്കുകയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനുള്ള ബുക്കിംഗ് ആരംഭിച്ചതായാണ് വിവരം.