നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും തിരിച്ചടി

Posted on: December 7, 2015 3:45 pm | Last updated: December 7, 2015 at 3:45 pm

sonia-rahul-lന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണക്കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. കോടതിയില്‍ നേരിട്ട് ഹാജാരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഹരജിയും തള്ളിയിട്ടുണ്ട്. ജസ്റ്റിസ് സുനില്‍ ഗൗര്‍ ആണ് ഹരജികള്‍ പരിഗണിച്ചത്.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സുമന്‍ ദുബെ, മോത്തിലാല്‍ വോഹ്‌റ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സാം പിട്രോഡ, യംഗ് ഇന്ത്യാ ലിമിറ്റഡ് എന്നിവര്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകണമെന്നാണ് വിചാരണ കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ ഹരജിയാണ് തള്ളിയത്. ഇതോടെ പ്രതികള്‍ എല്ലാവരും നാളെ കോടതിയില്‍ ഹാജരാകേണ്ടി വരും.

ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സോണിയയും രാഹുലും അടക്കമുള്ളവര്‍ക്കെതിരെ സമന്‍സ് പുറപ്പെടുവിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 2,000 കോടിയോളം വരുന്ന സ്വത്ത് വ്യാജരേഖകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തുവെന്നും പത്രത്തിനു വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിഫണ്ടില്‍ നിന്ന് 90 കോടി രൂപ വായ്പ നല്‍കിയെന്നുമാണ് സ്വാമിയുടെ ആരോപണം.