തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കിയില്ലെങ്കില്‍ പണി പാളും

Posted on: December 6, 2015 7:09 am | Last updated: December 6, 2015 at 7:09 am

മലപ്പുറം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ നാളെക്കകം ചെലവ് കണക്ക് നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനര്‍ കെ ശശിധരന്‍ നായര്‍ അറിയിച്ചു.
ഗ്രാമ പഞ്ചായത്തില്‍ മത്സരിച്ചവര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിച്ചവര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ മത്സരിച്ചവര്‍ ജില്ലാ കലക്ടര്‍ക്കുമാണ് കണക്ക് നല്‍കേണ്ടത്. ഡിസംബര്‍ ഏഴിന് ശേഷം നല്‍കുന്ന ചെലവ് കണക്കുകളും സ്വീകരിക്കേണ്ടതാണെങ്കിലും അപ്രകാരം സമര്‍പ്പിക്കുന്ന തീയതി എന്‍- 28 ഫോമില്‍ സൂചിപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
ഗ്രാമ പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ഥി 10,000 രൂപ വരെയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 30,000 രൂപവരെയും ജില്ലാ പഞ്ചായത്തിലേക്കും കോര്‍പ്പറേഷനിലേക്കും മത്സരിച്ചവര്‍ 60,000 രൂപവരെയും ചെലവാക്കാം. സ്ഥാനാര്‍ഥിയോ ഏജന്റോ സ്ഥാനാര്‍ഥിക്കുവേണ്ടി മറ്റാരെങ്കിലുമോ ചെലവാക്കിയ തുകയും കണക്കില്‍പ്പെടുത്തണം. സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവുകണക്കാണ് നല്‍കേണ്ടത്. കണക്കിനൊപ്പം രശീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കണം.
അവയുടെ ഒറിജിനല്‍ സ്ഥാനാര്‍ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനക്കായി നല്‍കുകയും വേണം. സ്ഥാനാര്‍ഥികള്‍ എന്‍-30 ഫോമിലാണ് കണക്ക് നല്‍കേണ്ടത്. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവരെ കമ്മീഷന്‍ അഞ്ച് വര്‍ഷത്തേക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കും.
നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നല്‍കിയതെന്ന് ബോധ്യപ്പെട്ടാലും കമ്മീഷന്‍ അവരെ അയോഗ്യരാക്കും. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവരില്‍ 11000 ത്തോളം പേര്‍ക്ക് അയോഗ്യത കാരണം ഇത്തവണ മത്സരിക്കാന്‍ കഴിഞ്ഞില്ല.