Connect with us

Palakkad

ഉമര്‍ ഹാജി നിസ്വാര്‍ഥനായ കര്‍മയോഗി

Published

|

Last Updated

പാലക്കാട്: പ്രതിസന്ധികള്‍ നിറഞ്ഞ പ്രസ്ഥാന വഴിയില്‍ സുന്നിനേതാക്കള്‍ക്ക് ആശ്വാസത്തിന്റെ നിഴല്‍ വിരിച്ചും പ്രവര്‍ത്തന രംഗത്ത് കരുത്ത് പകര്‍ന്നും ഒരു പുരുഷായുസ്സ് സമര്‍പ്പിച്ച നിസ്വാര്‍ഥ സേവകനാണ് കല്‍മണ്ഡപം ഉമര്‍ഹാജി.
നവീനവാദികള്‍ രംഗപ്രവേശനം ചെയ്തപ്പോള്‍ പാരമ്പര്യ ഇസ്‌ലാമിനെ പിടിച്ച് നിര്‍ത്താനുള്ള ഇ കെ ഹസ്സന്‍ മുസ് ലിയാരുടെ പടയോട്ടവഴിയില്‍ സഹയാത്രികനായിരുന്നു. ആദര്‍ശ മുന്നേറ്റത്തിന്റെ നാഴികക്കല്ലായി ഇ കെ ഹസ്സന്‍ മുസ് ലിയാര്‍ ജന്നത്തുല്‍ ഉലൂം അറബിക് കോളജ് സ്ഥാപിച്ചപ്പോള്‍ 1968ല്‍ ഉമര്‍ഹാജി അതിന്റെ മാനേജറായിരുന്നു. മൂന്ന് വര്‍ഷം സേവനം ചെയ്തു. പിന്നീട് അതിന്റെ ജനറല്‍സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പഴയകാലത്തെ സുന്നിനേതാക്കളായ മര്‍ഹും ബാപ്പു ഉസ്താദ്, ബാപ്പുട്ടി ഹാജി, ഹസൈനാര്‍ ഹാജി, ആലി ഹാജി തുടങ്ങിയവരോടൊപ്പം ഊര്‍ജ്ജസ്വലനായി പ്രവര്‍ത്തിച്ച ഉമര്‍ ഹാജി 48 വര്‍ഷത്തോളം പാലക്കാട് കല്‍മണ്ഡപത്താണ് താമസമാക്കിയത്.
നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു പോലെ അത്താണിയായിരുന്നു ആ ഭവനം. പുടൂര്‍ സംവാദത്തിലും പറളി പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ ഖണ്ഡന പ്രസംഗ വേളയിലും ഉമര്‍ ഹാജി അണിയറയിലുണ്ടായിരുന്നു. പാലക്കാട് ജന്നത്തുല്‍ ഉലൂം ചില രാഷ്ട്രീയ ഗുണ്ടകള്‍കൈയേറിയതിന് ശേഷം മര്‍ഹും ബാപ്പു ഉസ്താദ് ഇന്ന് ഹസനിയ്യ നില്‍ക്കുന്ന സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു. ഹസൈനാര്‍ ഹാജി ആസ്ഥലത്തിന് അയ്യായിരം രൂപ അഡ്വാന്‍സും നല്‍കി. ഇനി പത്ത് ലക്ഷം രൂപ നല്‍കണം. ജില്ലയിലെ സുന്നി പണ്ഡിതരും പ്രവര്‍ത്തകരും ഒരു കിടപ്പാടം പോലുമില്ലാതെ പ്രതിസന്ധിയിലായ കാലം.
മര്‍ഹും ബാപ്പു ഉസ്താദിനും കല്‍പ്പക അബൂബക്കര്‍ ഹാജിക്കുമൊപ്പം ഹസൈനാര്‍ ഹാജി പ്രതിസന്ധികളില്‍ പതറാതെ ഉറച്ച് നില്‍ക്കാന്‍ ഉമര്‍ഹാജിയുമുണ്ടായിരുന്നു. ഇ കെ ഹസന്‍ മുസ് ലിയാരുമായി അഭേ”ദ്യമായ ബന്ധമായിരുന്നു ഉമര്‍ഹാജിക്ക്. ജന്നത്തുല്‍ ഉലൂമിലെ മുദ് രിസായിരിക്കെ തന്നെ ഇ കെ ഉസ്താദ് കേരളത്തിലെ ആധികാരിക ആദര്‍ശ ഖണ്ഡനത്തിന് നേതൃത്വം നല്‍കിയിരുന്നു. അക്കാലത്ത് മിക്ക ദിവസങ്ങളിലും രാവിലെ 6 മണിക്ക് ഇ കെ ഹസ്സന്‍ മുസ് ലിയാര്‍ എത്തുമ്പോള്‍ സ്‌റ്റേഷനില്‍ ഉമര്‍ഹാജി ബൈക്കുമായി നില്‍പ്പുണ്ടാകും. ഹസന്‍ മുസ് ലിയാരെ ബൈക്കിന്റെ പിറകിലിരുത്തി ഉമര്‍ഹാജിയുടെ യാത്ര നാട്ടുകാര്‍ക്ക് പതിവ് കാഴ്ച്ചയാണ്. 1977ല്‍ ഉമര്‍ഹാജിയും ഭാര്യയും ഹജ്ജിന് പോകുമ്പോള്‍ ഇ കെ ഹസ്സന്‍ മുസ് ലിയാര്‍ കല്‍മണ്ഡപത്തെ വീട്ടില്‍ വന്ന് ദുആ ചെയ്ത് യാത്രയാക്കിയത് മറക്കാനാവാത്ത ഓര്‍മയായി അവശേഷിക്കുകയാണ്. എസ് വൈ എസ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നിനിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1937ല്‍ വടുതല പാണാവള്ളിയില്‍ ് ജനിച്ച ഉമര്‍ഹാജി സുന്നിപ്രസ്ഥാനത്തിനും ഹസനിയ്യക്കും ചെയ്ത സേവനം മറക്കാനാവത്താതാണ്. അദ്ദേഹത്തിന്റെ വിയോഗം സുന്നിപ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് നല്‍കിയിരിക്കുന്നത്. ഉമര്‍ഹാജിയുടെ മരണവാര്‍ത്ത കേട്ട് സുന്നിനേതാക്കളുടെയും പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പ്രവാഹം അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെയും നിസ്വാര്‍ഥ സേവനത്തിന്റെയും തെളിവാണ്.

(ബശീര്‍ സഖാഫി വണ്ടിത്താവളം)

Latest