Connect with us

Organisation

സംസ്ഥാനതല മീലാദ് ക്യാമ്പയിന്‍

Published

|

Last Updated

പ്രവാചക സ്‌നേഹികളെ വരവേല്‍ക്കാന്‍ പട്ടാമ്പി നഗരം സജ്ജമായി
കൊപ്പം: എസ്‌വൈഎസ് സംസ്ഥാന തല മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തിനെത്തുന്ന പ്രവാചക സ്‌നേഹികളെ വരവേല്‍ക്കാന്‍ പട്ടാമ്പി നഗരം സജ്ജമായി. കമാനങ്ങളും കൊടിതോരണങ്ങളാലും നിളയുടെ തീരമണിഞ്ഞൊരുങ്ങി.
പട്ടാമ്പി ടൗണില്‍ പോലീസ് സ്‌റ്റേഷന് മുന്നിലും പാലക്കാട്, പെരിന്തല്‍മണ്ണ റോഡുകളിലും കൂറ്റന്‍ കമാനങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. എസ്‌വൈഎസ്, എസ്എസ്എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയ ഘടകങ്ങളുടെ നേതൃത്വത്തിലാണ് കമാനങ്ങള്‍.
ആദ്യമായി ജില്ലയില്‍ നടക്കുന്ന സുന്നി സംഘചേതനയുടെ മീലാദ് സമ്മേളനം വന്‍വിജയമാക്കാന്‍ ആവേശത്തോടെയാണ് പ്രവര്‍ത്തനം. സര്‍ക്കിള്‍, സോണ്‍, യൂണിറ്റു തലങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മീലാദ് സമ്മേളനത്തിന്റെ വിജയത്തിന് ബഹുജനസംഘടനയായ കേരള മുസ്ലിം ജമാഅത്തും പ്രവര്‍ത്തന ഗോദയില്‍ സജീവമാണ്.
പോസ്റ്ററുകളും പ്രചാരണ ബോര്‍ഡുകളും സ്ഥാപിച്ചും കൊടിതോരണങ്ങളാല്‍ അലങ്കരിച്ചും ഗ്രാമങ്ങളെ തൊട്ടറിഞ്ഞുള്ള സ്പന്ദനങ്ങളും നടക്കുന്നു. ഗൃഹസന്ദര്‍ശനം വഴി പ്രവാചക സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും പ്രവര്‍ത്തകര്‍ സമയം കണ്ടെത്തുന്നു.
സ്‌നേഹ റസൂല്‍ കാലത്തിന്റെ വെളിച്ചം എന്ന മുദ്രാവാക്യവുമായാണ് എസ്‌വൈഎസ് സംസ്ഥാന മീലാദ് ക്യമ്പയിന്‍. ഈ മാസം 12ന് പട്ടാമ്പിയില്‍ നടക്കുന്ന നബിദിന ക്യാമ്പയിന്റെ ഉദ്ഘാടന സമ്മേളനം ചരിത്രസംഭവമാകുമെന്നുറപ്പാണ്.
വിശ്വപ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനം കൊണ്ട് ശ്രേഷ്ഠമായ പുണ്യമാസത്തില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിശ്വാസപൂര്‍ണ്ണതക്ക് അനിവാര്യമായ പ്രചാവച സ്‌നേഹം സമൂഹമനസ്സില്‍ അങ്കുരുപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ക്കും സ്വാഗത സംഘം രൂപം നല്‍കി.
വര്‍ത്തമാന കാലത്ത് ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമായി പ്രവാചക സന്ദേശം വിളംബരം ചെയ്യുന്ന പ്രത്യേക പരിപാടികളും ക്യാമ്പയില്‍ കാലയളവില്‍ നടക്കും. യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍, ജില്ലാ തലങ്ങളില്‍ മീലാദ് പ്രഭാഷണങ്ങളും റാലികളും മദ്ഹ്പ്രഭാഷണങ്ങളും നബികീര്‍ത്തനസദസ്സുകളും സെമിനാറുകളുമാണ് സംസ്ഥാന കമ്മിറ്റി രൂപം നല്‍കിയിരിക്കുന്നത്.
നബിദിന മാസം പിറക്കുന്നതോടെ പള്ളികള്‍, മദ്രസകള്‍, ഓഫീസുകള്‍, കവലകള്‍ പ്രധാന കേന്ദ്രങ്ങളെല്ലാം തിരുപ്പിറവിയുടെ വരവറിയിച്ച് അലങ്കരിക്കും. 12ന് പട്ടാമ്പിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സമസ്തയുടെ സമുന്നതരായ നേതാക്കളും സാദാത്തുക്കളും എസ്‌വൈഎസ്, എസ്എസ്എഫ്, എസ്എംഎ, എസ്‌ജെഎം സംസ്ഥാന നേതാക്കളും സാരഥികളും സംബന്ധിക്കും. സമാപന ചടങ്ങില്‍ വിവിധ ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സുകളും മദ്ഹ് ഗാനാലാപനങ്ങളും ഉണ്ടാകും.