ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി

Posted on: December 6, 2015 12:32 am | Last updated: December 6, 2015 at 11:54 am

independence-day-security-ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിനത്തിന് മുമ്പായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതായി മുന്നറിയിപ്പ്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ സഹായത്തോടെ ലശ്കറെ ത്വയ്യിബയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പോലീസ് ഇതു സംബന്ധിച്ച് കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ലശ്കറിന്റെ ആക്രമണ പദ്ധതിയെ കുറിച്ച് വിവരങ്ങളുള്ളത്.
നേരത്തേ ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന ദുജാന, ഉക്കാഷ എന്നീ തീവ്രവാദി നേതാക്കളെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സെല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ആക്രമണത്തിന് ആസൂത്രണം നടത്തുന്നുണ്ടെന്നാണ് വിവരം. നുഅ്മാന്‍, സെയ്ദി, ഖുര്‍ഷിദ് എന്നീ തീവ്രവാദികളും ഇവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വടക്കേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദിക്കള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സിയുടെയും പോലീസിന്റെയും മുന്നറിയിപ്പിന്റെ പാശ്ചാതലത്തില്‍ നഗരത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇന്നലെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.
ജനുവരി 26ന് മുമ്പ് ഡല്‍ഹിയില്‍ വന്‍ആക്രമണം നടത്താന്‍ ലശ്കറെ ത്വയ്യിബയോട് പാക്ക് ചാരസംഘടന ഐ എസ് ഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡല്‍ഹിയിലുള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ മുന്നറിയിപ്പിന് റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തെ പ്രമുഖ വ്യക്തികളുള്‍പ്പെടെ വി വി ഐ പി ഏരിയകളിലും തിരക്കുള്ള സ്ഥലങ്ങള്‍ ആക്രമണത്തിന് തിരഞ്ഞെടുക്കുമെന്നാണ് സൂചന. ഇന്ത്യന്‍ രഹസ്യാന്വേഷ വിഭാഗം ചോര്‍ത്തിയെടുത്ത ഫോണ്‍ കോളുകളിലാണ് ലശ്കറെ ത്വയ്യിബയോട് ആക്രമണത്തിന്റെ കാര്യം ഐ എസ് ഐ ആവശ്യപ്പെടുന്നത്. ജമ്മു കശ്മീരിലും ആക്രമണം നടത്താന്‍ ഐ എസ് ഐ ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ സൈനികരെയും ചാരന്മാരെയും ഉപയോഗിച്ച് ഇന്ത്യയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹി പോലീസ് ആക്രമണ വിവരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ അധ്യാപകനായ സാബിര്‍ എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ, ചാരപ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് കാരഗില്‍യുദ്ധത്തില്‍ പങ്കെടുത്ത ഒരു വിമുക്തഭടനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എഫ് ഐ ആറിലാണ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ആക്രമണം നടത്താന്‍ ലശ്കറെ ത്വയ്യിബ തയ്യാറെടുക്കുന്നതായി സൂചന നല്‍കിയിരിക്കുന്നത്. ആള്‍ത്തിരക്കുള്ള നഗരപ്രദേശങ്ങളെ ഭീകരവാദികള്‍ ലക്ഷ്യമിടുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ ലക്ഷ്യവുമായി ഭീകരവാദികള്‍ പാക്ക് അധീന കശ്മീരില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് ഭീകര സംഘടനകളായ ഇസ്‌ലാമിക് സ്റ്റേറ്റും പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലശ്കറെ ത്വയ്യിബയും കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ലഫ്. ജനറല്‍ ആര്‍ ആര്‍ നിമ്പോര്‍ക്കര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പുറത്തുള്ള സംഘടനകളുടെ പിന്തുണയും സഹായവും കശ്മീരി ജനതക്ക് ആവശ്യമില്ലെന്നായിരുന്നും ഐ എസുമായി തങ്ങള്‍ കൈകോര്‍ക്കുവെന്ന പ്രചാരണം ഇന്ത്യയുടെ സൃഷ്ടിയാണെന്നുമായിരുന്നു ലഷ്‌കറിന്റെ പ്രതികരണം.
ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ തങ്ങള്‍ ശക്തരാണെന്നും ലശ്കറെ ത്വയ്യിബ വക്താവ് അബ്ദുല്ല ഗസ്‌നവി വ്യക്തമാക്കിയിരുന്നു.

ALSO READ  ഇന്ദ്രപ്രസ്ഥം ആര് പിടിക്കും?