സൈന്യത്തെ തുര്‍ക്കി ഉടന്‍ പിന്‍വലിക്കണമെന്ന് ഇറാഖ്

Posted on: December 6, 2015 12:07 am | Last updated: December 6, 2015 at 12:07 am

TURKEY-IRAQബഗ്ദാദ്: ഇറാഖിലെ തുര്‍ക്കി സൈനിക വിന്യാസം നിയമവിരുദ്ധമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും ഇറാഖ് പ്രധാനമന്ത്രി. ഇസില്‍ തീവ്രവാദികള്‍ക്കെതിരെ സംയുക്ത വിദേശ സൈനിക നീക്കം ശക്തമായി തുടരുമ്പോള്‍ പരമാധികാരം സംരക്ഷിക്കാന്‍ ഇറാഖ് ഭരണകൂടം പാടുപെടുന്ന പശ്ചാത്തലത്തിലാണ് ഈ കടുത്ത നിലപാട് കൈകൊണ്ടിരിക്കുന്നത്. ഇസില്‍ സംഘത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് കുര്‍ദ്, ഇറാഖ് സൈന്യം മോചിപ്പിച്ച നിനവേയിലാണ് തുര്‍ക്കി സൈനികര്‍ താവളമുറപ്പിച്ചിരിക്കുന്നത്. ഇത് പതിവ് പരിശീലനത്തിന് മാത്രമാണെന്ന് കുര്‍ദ് സൈനിക നേതൃത്വം പറയുമ്പോള്‍ സ്ഥിരം സൈനിക താവളം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് സ്വതന്ത്ര നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
ഇറാഖില്‍ ആവശ്യമെങ്കില്‍ കരയാക്രമണം വേണ്ടി വരുമെന്ന അമേരിക്കന്‍ വൃത്തങ്ങളുടെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധമുയരുന്ന ഘട്ടത്തിലാണ് ഇറാഖിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കരയാക്രമണവും വിദേശ സൈനിക വിന്യാസവും അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് തുര്‍ക്കി സൈന്യത്തെ നിനവേയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാഖ് മേഖലയില്‍ നിന്ന് തുര്‍ക്കി തങ്ങളുടെ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒരു കവചിത റജിമെന്റും ഏതാനും ടാങ്കുകളും വെടിക്കോപ്പുകളുമായി തുര്‍ക്കി സൈന്യം ഇറാഖ് മണ്ണില്‍ പ്രവേശിച്ചിട്ടുണ്ട്. ഇറാഖി ഗ്രൂപ്പുകളെ പരിശീലിപ്പിക്കാനാണെന്ന വ്യാജേനയാണ് ഈ നീക്കം. എന്നാല്‍ ഇറാഖ് പ്രവിശ്യാ അധികാരികള്‍ ആവശ്യപ്പെടാതെയുള്ള സൈനിക വിന്യാസം നിയമവിരുദ്ധമാണ്. ഇത് ഇറാഖ് പരമാധികാരത്തിന് നേരെയുള്ള ഗുരുതരമായ കടന്നു കയറ്റമായാണ് ഇറാഖ് ഭരണകൂടം കണക്കാക്കുന്നത്- പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, തുര്‍ക്കി സൈനിക സംഘം വന്നത് പരിശീലനത്തിനാണെന്നും ആദ്യ സംഘം മടങ്ങിയപ്പോഴാണ് പുതിയ സംഘം വന്നതെന്നും കുര്‍ദ് പെഷ്മര്‍ഗ സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ നൂറുദ്ദീന്‍ ഹെര്‍ക്കി അവകാശപ്പെട്ടു. തുര്‍ക്കി സൈനികരും സന്നാഹങ്ങളും സ്ഥിരമായി തങ്ങുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ മൂസ്വിലിലെ ബാശിഖ മേഖലയില്‍ 600 സൈനികരെയുമായി തുര്‍ക്കി സ്ഥിരം താവളം പണിയുന്നുണ്ടെന്ന് തുര്‍ക്കി ദിനപത്രമായ ഹുര്‍റിയത് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്നത്തെ തുര്‍ക്കി വിദേശകാര്യ മന്ത്രി ഫരീദുന്‍ സിനിര്‍ലോഗ്‌ലുവും കുര്‍ദ് സ്വയംഭരണ മേഖലാ പ്രസിഡന്റ് മസൂദ് ബര്‍സാനിയുമായി ഇതുസംബന്ധിച്ച കരാറില്‍ കഴിഞ്ഞ മാസം ഒപ്പു വെച്ചിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബര്‍സാനിക്ക് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാനുമായി അടുത്ത ബന്ധമാണുള്ളത്.